|    May 27 Sun, 2018 5:16 pm
FLASH NEWS
Home   >  Agriculture   >  

കുംഭമായാല്‍ ചേന നട്ടോളൂ; വ്യശ്ചികത്തില്‍ കിളക്കാം

Published : 7th August 2015 | Posted By: admin

chee

ഫര്‍ഹാന അറഫാത്ത്


 

വിയല്‍, സാമ്പാര്‍, തോരന്‍, പച്ചടി, അച്ചാര്‍ ചേനകൊണ്ടുള്ള വിഭവങ്ങളെക്കുറിച്ചു കേള്‍ക്കുമ്പോഴേ മലയാളിയുടെ നാവില്‍ വെള്ളമൂറും. സദ്യയൊരുക്കുമ്പോഴും ചേനയാണ് പ്രധാന താരം. പോഷകഗുണത്തിന്റെ കാര്യത്തിലും ഏറെ മുമ്പിലാണ് ഈ കിഴങ്ങുവര്‍ഗം. നിരവധി ആയുര്‍വേദ-യുനാനി മരുന്നുകള്‍ക്ക് ചേന ഒരു പ്രധാന ഘടകമാണ്. ഉദരരോഗങ്ങള്‍ക്ക് ഔഷധമായും പ്രസവാനന്തര മരുന്നുകള്‍ക്കും ചേന ഉപയോഗിക്കാറുണ്ട്.

ആസ്ത്മയ്ക്കും അര്‍ശസ്സിനും ഔഷധമായും ഇതിനെ കണക്കാക്കാറുണ്ട്. കുംഭമാസമാണ് ചേന നടാന്‍ ഏറ്റവും നല്ല സമയം. കുംഭത്തില്‍ നട്ടാല്‍ കുടത്തോളം എന്നാണ് പഴമക്കാര്‍ പറയുക. അതിനാല്‍ ചേനകൃഷിക്ക് തയ്യാറെടുക്കാന്‍ പറ്റിയ സമയമാണിത്. വൈകിയാല്‍ ഫലം എന്താകുമെന്നും പഴമൊഴിയിലുണ്ട്- മീനത്തില്‍ നട്ടാല്‍ മീന്‍കണ്ണോളം.  കൃഷി നടത്തിയാല്‍ നഷ്ടംവരാത്ത ഒരിനം കൂടിയാണ് ചേന. തുടക്കത്തില്‍ നല്ല ശ്രദ്ധവേണമെങ്കിലും പിന്നീടങ്ങ് വളര്‍ന്നുകൊള്ളും. ഇടയ്‌ക്കൊരു നോട്ടം മാത്രം മതി. ഈ മാസം ഒരു പുതുമഴ കിട്ടിയാല്‍ ചേന നട്ടു തുടങ്ങാം. 60 സെ.മീറ്റര്‍ സമചതുരാകൃതിയില്‍ 45 സെ.മീറ്റര്‍ താഴ്ത്തി കുഴികളെടുക്കാം. കുഴികള്‍ തമ്മിലും വരികള്‍ തമ്മിലും ഏകദേശം 90 സെ.മീറ്റര്‍ അകലം വേണം. ഓരോ കുഴിയിലും ഏകദേശം രണ്ടു കിലോ ചാണകം ആവശ്യമാണ്. നല്ല മേല്‍മണ്ണും ഈ ചാണകവും കൂട്ടിയോജിച്ചു കുഴിയില്‍ നിറയ്ക്കണം. ചിലര്‍ പച്ചിലകളും കലര്‍ത്താറുണ്ട്. വിത്തുചേന ചാണകവെള്ളത്തില്‍ മുക്കി തണലത്ത് ഉണക്കിയ ശേഷം വേണം നടാന്‍. ഓരോ വിത്തിനും ഒരു മുകുളമെങ്കിലും വേണം. പണ്ടുകാലത്ത് ഓരോ കിലോ വീതമുള്ള കഷണങ്ങളാണ് ഉപയോഗിച്ചിരുന്നതെങ്കില്‍ പുതിയ കര്‍ഷകര്‍ 75ഗ്രാം, 100 ഗ്രാം തൂക്കമുള്ള കഷണങ്ങളും നടാനുപയോഗിക്കുന്നു.

chenaവിളവെടുത്തു കഴിഞ്ഞ് രണ്ടുമാസക്കാലം നല്ല വായുസഞ്ചാരമുള്ള സ്ഥലത്തു സൂക്ഷിച്ചുവച്ച ചേനയാണ് നടേണ്ടത്. ഒരു ഹെക്ടറില്‍ ഏകദേശം 12,000 ചേനക്കഷണങ്ങള്‍ നടാം. ഇനിയുള്ള മാസങ്ങളിലെ ചൂട് ചേന വിത്തിന് ഏല്‍ക്കുന്നത് നല്ലതല്ല. ഇതൊഴിവാക്കാന്‍ ചേന നട്ട ഉടന്‍ തടം കരിയിലയും പച്ചിലകളുമിട്ട് മണ്ണിട്ടുമൂടണം. ഇത് മണ്ണിലെ ഈര്‍പ്പം നിലനിര്‍ത്തുകയും ചൂടു നിയന്ത്രിക്കുകയും ചെയ്യും. ചവറുകള്‍ നിറയ്ക്കുന്നതും നല്ലതാണ്. നന്നായി വെയില്‍ കൊണ്ട് ഈ ചവറുകള്‍ പൊടിഞ്ഞുചേരുന്നത് മഴക്കാലത്ത് ചേനയുടെ നല്ല വളര്‍ച്ചയ്ക്ക് ഗുണം ചെയ്യും.

yami രാസവളമാണ് ഉപയോഗിക്കുന്നതെങ്കില്‍ നട്ടുകഴിഞ്ഞ് ഒന്നരമാസമാവുമ്പോള്‍ ഹെക്റ്ററിന് 110 കി.ഗ്രാം യൂറിയ, 250 കി.ഗ്രാം റോക്ക് ഫോസ്‌ഫേറ്റ്, 125 കി.ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നതോതില്‍ നല്‍കാം. ഒരു മാസത്തിനുശേഷം 50 കി.ഗ്രാം യൂറിയ, 75 കി.ഗ്രാം പോട്ടാഷ് എന്നിവയും ചേര്‍ക്കാം. ജൈവകര്‍ഷകര്‍ക്ക് പിണ്ണാക്കും ചാണകവും ചവറും പച്ചിലകളുമൊക്കെ ചേര്‍ക്കാം. ഇപ്പോള്‍ നടുന്ന ചേനയുടെ തണ്ട് തുലാം മാസം പകുതി ആവുമ്പോഴേക്കും പഴുത്ത് തുടങ്ങും. വ്യശ്ചികത്തില്‍ കിളച്ചെടുക്കാം. നേരത്തേ വിളവെടുക്കാവുന്ന ഇനങ്ങളുമുണ്ട്.

 

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss