|    Feb 23 Thu, 2017 4:11 am
FLASH NEWS

‘കുംകി’ നിയമം: പ്രവാസി നയിക്കുന്ന പോരാട്ടത്തിന് മൂന്നു പതിറ്റാണ്ട്

Published : 9th November 2016 | Posted By: SMR

അബ്ദുര്‍റഹ്മാന്‍ ആലൂര്‍

കാസര്‍കോട്: ബ്രിട്ടിഷ് ഭരണകാലത്തെ ഭൂമി സംബന്ധമായ കുംകി നിയമം പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് പ്രവാസി നയിക്കുന്ന പോരാട്ടം മൂന്നു പതിറ്റാണ്ടായി തുടരുന്നു. മുളിയാര്‍ പഞ്ചായത്തിലെ ആര്‍എസ് നമ്പര്‍ 141ലെ 6.22 ഏക്കര്‍ സ്ഥലത്തിനു വേണ്ടിയാണ് പ്രവാസിയായിരുന്ന മുളിയാര്‍ കല്ലുവളപ്പ് ഹൗസിലെ എം കെ അബ്ദുല്‍ ലത്തീഫ് നിയമപോരാട്ടം നടത്തുന്നത്.  1860 മുതല്‍ കാസര്‍കോട് ഭാഗത്തെ ഭൂമി സംബന്ധമായ ഉത്തരവുകള്‍ കുംകി അഥവാ മുളി റൈറ്റ് എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. ബ്രിട്ടിഷുകാരുടെ നിയമനടപടികള്‍ തന്നെയാണ് ഇന്നും നിലനില്‍ക്കുന്നത്.
മദ്രാസ് സംസ്ഥാനം രൂപീകരിപ്പോള്‍ സര്‍ക്കാര്‍ സെറ്റില്‍മെന്റ് എന്ന പേരില്‍ ഒന്നാം ഭൂപരിഷ്‌കരണം കൊണ്ടുവന്നിരുന്നു. ഇതിലാണ് കുംകി നിയമം പ്രാബല്യത്തില്‍ വന്നത്. 1860ല്‍ സൗത്ത് കാനറ ജില്ലയില്‍ ഭൂമി വാങ്ങുന്നതും വില്‍ക്കുന്നതും ലംസം എന്ന പേരിലായിരുന്നു. ഈ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഭൂമിയുടെ ആധാരങ്ങളെ പട്ടയമാക്കി കണക്കാക്കി കന്നഡ ഭാഷയിലെ തുടക്കം അല്ലെങ്കില്‍ ആരംഭം എന്ന അര്‍ഥം വരുന്ന മൂലി എന്ന പദം സര്‍വേ നമ്പറായി നല്‍കിയിരുന്നു. മലയാളത്തില്‍ പഴയ ആധാരങ്ങള്‍ ജ•ാവകാശം എന്നറിയപ്പെടുന്നു. ഇംഗ്ലീഷില്‍ മുളി റൈറ്റ് എന്നാണ് അറിയപ്പെടുന്നത്. മുളി റൈറ്റ് രജിസ്റ്റര്‍ സ്വത്തായതിനാല്‍ രജിസ്ട്രാര്‍ ഓഫിസുകളില്‍ നിന്ന് കുടിക്കട സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നുണ്ട്. 1930 മുതല്‍ പുതിയ സെറ്റില്‍മെന്റ് നിലവില്‍ വന്നു. അന്നു മുതല്‍ റീസര്‍വേ എന്നാണ് അറിയപ്പെടുന്നത്.
1976 മുതല്‍ 86 വരെ യുഎഇയിലെ ഗല്‍ദാരി കമ്പനിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന അബ്ദുല്‍ ലത്തീഫ്, തന്റെ പിതാമഹനായിരുന്ന മേനത്ത് മാഹിന്‍കുഞ്ഞി എന്ന വ്യക്തിക്ക് 1860ല്‍ മുളി ആക്ട് പ്രകാരം പതിച്ചുകിട്ടിയ മുളിയാര്‍ ചെങ്കള പഞ്ചായത്തില്‍ ഉള്‍പ്പെട്ടിരുന്ന 1 9/29ല്‍പെട്ട സ്ഥലത്തിന്റെ അവകാശത്തിനുവേണ്ടിയാണ് പോരാട്ടം നടത്തുന്നത്. പ്ലാന്റേഷന്‍ കോര്‍പറേഷന്‍ ഇതു തങ്ങളുടെ സ്ഥലമാണെന്ന് വാദിക്കുന്നതിനാല്‍ ഇദ്ദേഹത്തിന്റെ ഇപ്പോഴുള്ള വീട്ടിലേക്കു പോവാനുള്ള വഴിപോലും തടസ്സപ്പെട്ടിരിക്കുകയാണ്.
1935ല്‍ ഇദ്ദേഹത്തിന്റെ പിതാവിന്റെ ഭാഗപത്രപ്രകാരം മുലി റൈറ്റില്‍പെട്ട സ്ഥലമാണ് ഇത്. നേരത്തേ ഇതുവഴി പിഡബ്ല്യുഡി റോഡും ഉണ്ടായിരുന്നു. എന്നാല്‍, പ്ലാന്റേഷന്‍ അധികൃതര്‍ അവകാശം ഉന്നയിച്ചതോടെ അബ്ദുല്‍ ലത്തീഫ് ഭൂമിയുടെ അവകാശത്തിനു വേണ്ടി പോരാട്ടം തുടരുകയാണ്. തലശ്ശേരി സര്‍ക്കാര്‍ റവന്യൂ ലൈബ്രറിയില്‍ മുളി റൈറ്റിനെ കുറിച്ച് വ്യക്തമായ രേഖകളുണ്ടെന്നാണ് കരുതപ്പെടുന്നത്. 1970ല്‍ ഭൂപരിഷ്‌കരണ നിയമത്തിനെതിരേ സുപ്രിംകോടതിയില്‍ കേസ് ഫയല്‍ ചെയ്തതോടെ കാസര്‍കോട്  ഭൂപരിഷ്‌കരണ നിയമം നടപ്പാക്കുന്നത് സുപ്രിംകോടതി തടഞ്ഞിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക