|    Oct 23 Tue, 2018 2:50 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

കീഴാറ്റൂര്‍ വയല്‍ സമരം: പരിഷത്ത് റിപോര്‍ട്ട് സിപിഎമ്മിനെ തിരിഞ്ഞുകൊത്തുന്നു

Published : 18th March 2018 | Posted By: kasim kzm

ബഷീര്‍   പാമ്പുരുത്തി

കണ്ണൂര്‍: ഏക്കര്‍ കണക്കിനു നെല്‍വയല്‍ നികത്തി ബൈപാസ് നിര്‍മിക്കുന്നതിനെതിരേ കീഴാറ്റൂരില്‍ വയല്‍ക്കിളികള്‍ നടത്തുന്ന സമരത്തിലെ വാദം അംഗീകരിച്ച് ശാസ്ത്രസാഹിത്യപരിഷത്ത് പഠനറിപോര്‍ട്ട്. സിപിഎം നിലപാട് പാടേ തള്ളുന്ന ശാസ്ത്രസാഹിത്യ പരിഷത്ത് ആറുമാസം മുമ്പ് തയ്യാറാക്കിയ റിപോര്‍ട്ടാണു പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാവുന്നത്.
നെല്‍വയലിലൂടെ ബൈപാസ് റോഡ് നിര്‍മിക്കുന്നത് പരിസ്ഥിതിക്ക് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്നുമാണ് റിപോര്‍ട്ടിലെ പ്രധാന ശുപാര്‍ശ. പരിഷത്ത് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയും തളിപ്പറമ്പ് മേഖലാ കമ്മിറ്റിയും ചേര്‍ന്നു വിശദമായി പഠനം നടത്തിയാണ് ‘തളിപ്പറമ്പ് ബൈപാസ്: ബദലുകള്‍ പരിഗണിക്കണം’ എന്ന റിപോര്‍ട്ട് തയ്യാറാക്കിയത്. സംസ്ഥാന സര്‍ക്കാരും സിപിഎമ്മും ബൈപാസിനു വേണ്ടി വയല്‍ക്കിളികളെ തള്ളിപ്പറയുകയും സമരപ്പന്തല്‍ കത്തിക്കുകയും ചെയ്തതോടെ റിപോര്‍ട്ട് വന്‍ ചര്‍ച്ചയാവുകയാണ്.
വയല്‍ നികത്തുന്നതിനെതിരേ സിപിഎം നിലപാടില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി അനുഭാവികളും പ്രവര്‍ത്തകരുമായ ഒരു കൂട്ടം ‘വയല്‍ക്കിളി’ കര്‍ഷക കൂട്ടായ്മ രൂപീകരിച്ച് സമരം ചെയ്യുന്നത്. ദിവസങ്ങള്‍ക്കു മുമ്പ് സര്‍വേ ഉദ്യോഗസ്ഥരെത്തിയപ്പോള്‍ ദേഹത്ത് പെട്രോളൊഴിച്ച് ആത്മഹത്യാഭീഷണി മുഴക്കിയ വയല്‍ക്കിളികളെ ബലംപ്രയോഗിച്ച് അറസ്റ്റ്‌ചെയ്ത ശേഷം സര്‍വേ പൂര്‍ത്തിയാക്കിയിരുന്നു.
ഇതിനിടെ സമരപ്പന്തല്‍ സിപിഎം പ്രവര്‍ത്തകര്‍ തീയിട്ട് നശിപ്പിച്ചിരുന്നു. 25നു പന്തല്‍ പുനര്‍നിര്‍മിച്ചു സമരം ശക്തമാക്കാന്‍ വയല്‍ക്കിളികള്‍ ഒരുങ്ങുന്നതിനിടയിലാണു പരിഷത്ത് റിപോര്‍ട്ട് പ്രചരിക്കുന്നത്. സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി സുരേഷ് കീഴാറ്റൂരിന്റെ നേതൃത്വത്തിലാണു സമരം ശക്തമാക്കുന്നത്. പാടം നികത്തുന്നത് ഒഴിവാക്കി തളിപ്പറമ്പ് ടൗണിലെ നിലവിലെ ദേശീയപാത വീതി കൂട്ടുകയോ മേല്‍പ്പാലം പണിയുകയോ ചെയ്യണമെന്നതാണു സമരക്കാര്‍ ചൂണ്ടിക്കാണിക്കുന്ന പ്രധാന പരിഹാരമാര്‍ഗം. ഇതേ ബദല്‍ മാര്‍ഗംതന്നെയാണു ശാസ്ത്രസാഹിത്യപരിഷത്ത് റിപോര്‍ട്ടിലുമുള്ളത്. കീഴാറ്റൂര്‍ വയലിലൂടെ റോഡ് നിര്‍മിക്കാന്‍ 29 ഹെക്ടര്‍(72 ഏക്കറോളം) ഭൂമി ഏറ്റെടുക്കണം. അതില്‍ 21 ഹെക്ടറും (52 ഏക്കറിലേറെ) വയലുകളും തണ്ണീര്‍ത്തടങ്ങളുമാണ്.
കൂവോട്, കീഴാറ്റൂര്‍ പ്രദേശങ്ങളിലെ വയല്‍ പൂര്‍ണമായും ഇല്ലാതാവുമെന്നാണ് റിപോര്‍ട്ടിലെ കണ്ടെത്തല്‍. താഴ്ന്നു കിടക്കുന്ന വയലിലൂടെ റോഡ് പണിയാന്‍ മൂന്നര മീറ്ററെങ്കിലും മണ്ണിട്ട് ഉയര്‍ത്തേണ്ടിവരും. ആറ് കിലോമീറ്റര്‍ ബൈപാസില്‍ നാലര കിലോമീറ്ററും ഇങ്ങനെ മണ്ണിടേണ്ടി വരും. 45 മീറ്റര്‍ വീതിയിലാണ് റോഡ് നിര്‍മിക്കുന്നത്. അപ്പോള്‍ പാടം നികത്താന്‍ 1.30 ലക്ഷം ലോഡ് മണ്ണു വേണ്ടിവരും. അതിനു വേണ്ടി സമീപത്തെ കുന്നുകള്‍ ഇടിക്കണം. ഇതിന് വന്‍ തുക ചെലവാകും. തളിപ്പറമ്പ് ടൗണില്‍ നിലവിലെ റോഡ് സ്ഥലലഭ്യതയ്ക്കനുസരിച്ചു വീതി കൂട്ടുക. സ്ഥലം ലഭ്യമല്ലാത്ത സ്ഥലത്ത് നിലവിലെ റോഡിനു മുകളില്‍ മേല്‍പ്പാലം നിര്‍മിക്കുക. റോഡിലും മുകളിലെ മേല്‍പ്പാലത്തിലും രണ്ടു വരി വീതം പാതകളായി ഉപയോഗപ്പെടുത്താമെന്നും പരിഷത്ത് റിപോര്‍ട്ടിലുണ്ട്.
സമരക്കാരെ തീവ്രവാദികളും  വികസന വിരോധികളുമാക്കി സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍ തന്നെ രംഗത്തെത്തിയതിനു പിന്നാലെ പരിഷത്ത് റിപോര്‍ട്ട് പുറത്തുവന്നത് സിപിഎമ്മിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുകയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss