|    Nov 17 Sat, 2018 1:49 am
FLASH NEWS
Home   >  Todays Paper  >  page 12  >  

കീഴാറ്റൂര്‍ വയലിലെ കീടങ്ങളും കഴുകന്‍മാരും

Published : 4th April 2018 | Posted By: kasim kzm

നെഞ്ച് പിളരുന്നകീഴാറ്റൂര്‍  – 7   –  സമദ്  പാമ്പുരുത്തി

മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് ഒരേസമയം ചാകരയും ചവര്‍പ്പുമാണ് കീഴാറ്റൂര്‍ പ്രശ്‌നം. അവരെല്ലാം അശാന്തി പൂക്കുന്ന ഈ വയലിലിറങ്ങി കാറ്റിനൊത്ത് തൂറ്റുന്നതു കാണാം. കാലാവസ്ഥയ്ക്കനുസൃതമായി ഞാറ്റുവേല തിരിച്ച് വിവാദങ്ങള്‍ കൃഷിചെയ്യുന്നു. അവസരവാദ മിശ്രിതമായ വിചിത്ര-വിരുദ്ധ നിലപാടുകളാണു വളം. കീടങ്ങള്‍ മുതല്‍ കഴുകന്മാര്‍ വരെയുണ്ട് ഇക്കൂട്ടത്തില്‍. ചിലര്‍ കലക്കവെള്ളത്തില്‍ മീന്‍പിടിക്കുമ്പോള്‍, മറ്റു ചിലര്‍ നഞ്ച് കലര്‍ത്തുകയാണ്. പരിസ്ഥിതി സംരക്ഷണമല്ല, ഒന്നാന്തരം രാഷ്ട്രീയ കിടമല്‍സരം. അതാണിപ്പോള്‍ കീഴാറ്റൂരില്‍ കാണുന്നത്.

പ്രകടനപത്രിക മറന്ന സര്‍ക്കാര്‍

വികസന വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് പൊതുവില്‍ സ്വാഗതാര്‍ഹമാണ്. കേരള മാതൃക വിളംബരം ചെയ്യുമ്പോള്‍ പരിസ്ഥിതിയെ എത്രമേല്‍ പരിഗണിക്കുന്നുണ്ട് എന്നതാണ് ഉയരുന്ന ചോദ്യം. കേരളത്തില്‍ ദേശീയപാത വികസന പദ്ധതിക്ക് ജീവന്‍ പകര്‍ന്നത് യുഡിഎഫ് സര്‍ക്കാരാണെങ്കിലും തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് വളവും വെള്ളവും നല്‍കിയത് പരിസ്ഥിതിയുടെ രാഷ്ട്രീയം പറഞ്ഞ് അധികാരത്തിലേറിയ ഇടതു സര്‍ക്കാരാണ്. എല്‍ഡിഎഫ് വരും, എല്ലാം ശരിയാവും എന്ന ആപ്തവാക്യ ത്തി ല്‍ അവതരിക്കപ്പെട്ട ഇടതുമുന്നണി പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന്റെ സംരക്ഷണം.
35 ഇന കര്‍മപദ്ധതികളും 600 നിര്‍ദേശങ്ങളും അടങ്ങിയ പത്രികയില്‍, പരിസ്ഥിതി വിഷയങ്ങളില്‍ നിയമം കര്‍ശനമാക്കുമെന്നും നെല്‍വയലുകളും നീര്‍ത്തടങ്ങളും സംരക്ഷിക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും ഉറപ്പുനല്‍കി. എന്നാല്‍, ആതിരപ്പിള്ളിയിലും കീഴാറ്റൂരിലും എത്തുമ്പോള്‍ കാണുന്നതെന്താണ്? അന്ധമായ പരിസ്ഥിതി മൗലികവാദം നിയന്ത്രിക്കണമെന്നാണു സര്‍ക്കാരിന്റെ നിലപാട്. പരിസ്ഥിതിവാദം വികസനം മുടക്കുന്നതായും ഭരണകര്‍ത്താക്കള്‍ പറയുന്നു.

വികസനത്തിന്റെ
ചാലുകീറി സിപിഎം

മാര്‍ക്‌സിസ്റ്റ് രാഷ്ട്രീയത്തിന്റെ കാതലാണ് പാരിസ്ഥിതിക അവബോധവും അതിന്റെ രാഷ്ട്രീയവും. മാര്‍ക്‌സ് തന്നെ അതിമനോഹരമായി അതു പറഞ്ഞുവച്ചിട്ടുണ്ട്, നമ്മള്‍ ഇന്നുപയോഗിക്കുന്ന ഭൂമി ഇതിനേക്കാള്‍ മികച്ചതായി വരുംതലമുറയ്ക്ക് കൈമാറണമെന്ന്. ഒരുകാലത്ത് പരിസ്ഥിതി സംരക്ഷണം സിപിഎമ്മിന്റെ പ്രധാന അജണ്ടയായിരുന്നു. പച്ചപ്പിനായി പാര്‍ട്ടി നടത്തിയ പ്രക്ഷോഭങ്ങള്‍ നിരവധി. എന്നാല്‍, കാലം മാറി. പാര്‍ട്ടിയുടെ നയങ്ങളിലും നിലപാടുകളിലും ഉണ്ടായി മാറ്റം. ഇന്നിപ്പോള്‍ വികസന വായ്ത്താരിയുടെ കാഹളം മുഴക്കുകയാണു സിപിഎം. സര്‍ക്കാരിന്റെ വികസന നയങ്ങളെയും പദ്ധതികളെയും പച്ചയായി പിന്തുണയ്ക്കുക എന്ന ദൗത്യം പാര്‍ട്ടിയും പ്രവര്‍ത്തകരും ഏറ്റെടുത്തിരിക്കുന്നു. ആ ഉത്തരവാദിത്തം കീഴാറ്റൂരിലും അവര്‍ ഭംഗിയായി നിര്‍വഹിക്കുന്നുവെന്ന് ചുരുക്കം. എന്നാല്‍, വികസനത്തിന്റെ ഇരകളുടെ വിലാപം കേള്‍ക്കാന്‍ പാര്‍ട്ടിക്കായില്ല എന്നതാണു പ്രധാന വീഴ്ച. ഇടഞ്ഞുനില്‍ക്കുന്നത് ന്യൂനപക്ഷമാണെങ്കിലും അവരുടെ വിശ്വാസം ആര്‍ജിക്കുന്നതില്‍ പാര്‍ട്ടി സംവിധാനം പരാജയപ്പെട്ടു.
പകരം ന്യൂനപക്ഷ സംജ്ഞ ചാര്‍ത്തി സമരക്കാരെ അപഹസിക്കാനാണ് നേതാക്കള്‍ സമയം കളഞ്ഞത്. വയല്‍ക്കഴുകന്‍മാരെന്നും എരണ്ടകളെന്നും പരിഹസിച്ച് പാര്‍ട്ടിയുടെ മന്ത്രിയും പ്രശ്‌നം വഷളാക്കി. എങ്കിലും വികസനനയം പൊതുസമൂഹത്തില്‍ വിശദീകരിക്കുക എന്നതാണ് പാര്‍ട്ടി ഏറ്റെടുത്ത പുതിയ ദൗത്യം. ദേശീയപാത ബൈപാസ് കീഴാറ്റൂര്‍ വഴിയാക്കിയത് സംസ്ഥാന സര്‍ക്കാരല്ലെന്നും കേന്ദ്ര സര്‍ക്കാരിനു കീഴിലെ ദേശീയപാത അതോറിറ്റി ആണെന്നുമാണ് സിപിഎമ്മിന്റെ വാദം. കേരളത്തില്‍ സംസ്ഥാന പാതകളില്‍ 56ഉം ദേശീയപാതയില്‍ 14ഉം ബൈപാസുകള്‍ നിര്‍മിക്കുന്നുണ്ട്. ഇതില്‍ ഭൂരിഭാഗവും കടന്നുപോവുന്നത് വയലുകളിലൂടെയാണ്. ഇതില്‍നിന്നു വ്യത്യസ്തമായി എന്താണ് കീഴാറ്റൂരില്‍ ഉള്ളതെന്നും പാര്‍ട്ടി ചോദിക്കുന്നു.

നിര്‍ഗുണം സിപിഐ
നിലപാട്
സര്‍ക്കാരിനെയും മുന്നണിയെയും രണ്ടുതട്ടിലാക്കിയ കീഴാറ്റൂര്‍ വിഷയത്തില്‍ സിപിഐ സ്വീകരിച്ച നിലപാട് പ്രത്യക്ഷത്തില്‍ ധീരമെന്നു തോന്നാമെങ്കിലും ഗുണഫലം എത്രത്തോളമെന്നതു കണ്ടറിയണം. പല വിഷയങ്ങളിലും സര്‍ക്കാരിനെ പതിവായി പ്രതിസന്ധിയിലാക്കുന്ന സിപിഐ, കീഴാറ്റൂരിലും നല്ലപിള്ള ചമയുകയാണെന്ന ആരോപണം വിമര്‍ശകര്‍ വെറുതെ ഉന്നയിക്കുന്നതല്ല. ആദ്യഘട്ടം മുതല്‍ വയല്‍ക്കിളികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി സിപിഐ രംഗത്തുണ്ട്. എന്നാല്‍, അവര്‍ പ്രത്യക്ഷസമരം നടത്തുകയോ വയല്‍ക്കിളി സമരത്തില്‍ ഔദ്യോഗികമായി പങ്കെടുക്കുകയോ ചെയ്തിട്ടില്ല. സര്‍ക്കാരിലും മുന്നണിയിലും സമ്മര്‍ദം ചെലുത്തുന്നതിലും സിപിഐ പരാജയപ്പെട്ടു. കീഴാറ്റൂരില്‍ സിപിഎം നിലപാട് ജനാധിപത്യവിരുദ്ധമാണെന്നു കുറ്റപ്പെടുത്തുന്ന കാനവും കൂട്ടരും പ്രകടനപത്രിക കണ്ണുതുറന്ന് പരിശോധിക്കണമെന്നാണ് ആവര്‍ത്തിക്കുന്നത്.
നേരത്തേ വയല്‍ക്കിളികളുടെ രാപകല്‍ സമരം നടക്കവെ കൃഷിമന്ത്രി അവിചാരിതമായി കീഴാറ്റൂരിലെത്തിയിരുന്നു. എന്നാല്‍, വാഹനത്തില്‍നിന്ന് ഇറങ്ങാതെ വയല്‍ കണ്‍കുളിര്‍ക്കെ കണ്ട മന്ത്രി, സമരക്കാരെ തിരിഞ്ഞുനോക്കാതെയാണു മടങ്ങിയത്.
കീഴാറ്റൂരുമായി ബന്ധപ്പെട്ട ഫയല്‍ പൊതുമരാമത്ത് വകുപ്പിലാണെന്നും ഫയല്‍ തന്റെ ഓഫിസിലെത്തിയാല്‍ കൃഷിഭൂമി സംരക്ഷിക്കുന്നതിനായിരിക്കും മുന്‍ഗണന നല്‍കുകയെന്നും മന്ത്രി ആണയിടുന്നു.

യുഡിഎഫിന്റെ
ഇരട്ടത്താപ്പ്

കീഴാറ്റൂര്‍ വിഷയത്തില്‍ യുഡിഎഫിലും ഉണ്ടായി നിലപാടുമാറ്റം. തുടക്കത്തില്‍ വയല്‍ക്കിളികള്‍ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ പതിയെ പിന്‍വലിഞ്ഞു. മുന്നണിയില്‍ ആശയക്കുഴപ്പവും ഭിന്നതയും മറനീക്കി. കീഴാറ്റൂര്‍ സമരത്തിന് കോണ്‍ഗ്രസ് പൂര്‍ണ പിന്തുണ നല്‍കുമെന്നായിരുന്നു കെപിസിസി പ്രസിഡന്റ് എം എം ഹസന്‍ വെളിപ്പെടുത്തിയത്.
എന്നാല്‍, കേരളം കീഴാറ്റൂരിലേക്ക് മാര്‍ച്ചില്‍ നിന്ന് യുഡിഎഫ് നേതാക്കള്‍ വിട്ടുനിന്നു. പങ്കെടുത്തത് വി എം സുധീരന്‍ മാത്രം. സുധീരനെ പിന്മാറ്റാന്‍ പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം കിണഞ്ഞു ശ്രമിച്ചെങ്കിലും വിജയിച്ചില്ല. വിവാദങ്ങളുടെ പേരില്‍ വികസനം തടയരുതെന്നായിരുന്നു കെ മുരളീധരന്റെ പ്രസ്താവന. ഈ ഘട്ടത്തില്‍ സമരത്തെ പിന്തുണയ്ക്കാനാവില്ലെന്നു തീര്‍ത്തുപറഞ്ഞ കെ സുധാകരന്‍, പാര്‍ട്ടിയുടെ വ്യക്തമായ നിലപാട് രണ്ടുദിവസത്തിനകം പ്രഖ്യാപിക്കുമെന്ന് അറിയിച്ചു. എന്നാ ല്‍, ഒരാഴ്ച പിന്നിട്ടിട്ടും അനക്കമുണ്ടായില്ല.
മുസ്‌ലിം ലീഗ് നേതാവ് ചെയര്‍മാനായ തളിപ്പറമ്പ് നഗരസഭാ ഭരണസമിതിയും മൗനംപാലിച്ചു. ഏതെങ്കിലും ഒരിടത്ത് എതിര്‍പ്പിനൊപ്പം ചേര്‍ന്നാല്‍ മറ്റു സ്ഥലങ്ങളിലും പ്രശ്‌നമുണ്ടാവുമെന്നാണ് ഏറ്റവുമൊടുവില്‍ മുന്നണിനേതൃത്വത്തിനു ലഭിച്ച വിദഗ്‌ധോപദേശം.

മുതലെടുക്കാന്‍
ബിജെപി
കീഴാറ്റൂരിനെ യുഡിഎഫ് കൈയൊഴിഞ്ഞതോടെ കളംനിറഞ്ഞു കളിച്ച് കുളംകലക്കുന്നത് സാക്ഷാല്‍ സംഘപരിവാരം. സിപിഎമ്മിനെ അടിക്കാന്‍ കിട്ടിയ മുട്ടന്‍ വടിയായി സമരത്തെ മുതലെടുക്കുന്ന ബിജെപി എരിതീയില്‍ എണ്ണയൊഴിക്കുകയാണ്. വികസനമോ പരിസ്ഥിതിയോ കര്‍ഷകസ്‌നേഹമോ അല്ല ലക്ഷ്യം. മകന്‍ ചത്താലും മരുമകളുടെ കണ്ണീര്‍ കണ്ടാല്‍ മതി എന്ന പഴയ അമ്മായിയമ്മ പോരിന്റെ നിലവാരത്തിലേക്ക് പരിണമിച്ചു ബിജെപിയുടെ നിലപാട്. അതിനായി തുടക്കത്തിലേ കുതന്ത്രങ്ങള്‍ പയറ്റി. ഇതുവഴി സമരം ഹൈജാക്ക് ചെയ്യാനും സാധിച്ചു.
ഈ കെണിയില്‍ അറിയാതെ വയല്‍ക്കിളികള്‍ കുരുങ്ങി. ഇതു സമരസമിതിയില്‍ വിള്ളലുണ്ടാക്കി. ദേശീയപാത വികസനത്തിലെ ഇരട്ടത്താപ്പും സംഘപരിവാരത്തിന്റെ ഒളിയജണ്ടയും കീഴാറ്റൂരില്‍ പ്രകടമാണ്. കേന്ദ്രസര്‍ക്കാരും ദേശീയപാത അതോറിറ്റിയും അന്തിമ നിലപാടെടുക്കേണ്ട വിഷയത്തില്‍ പക്ഷേ, സംസ്ഥാന സര്‍ക്കാരിനുമേല്‍ പഴിചാരി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ് ബിജെപി. സിപിഎമ്മിനെതിരായ വികാരമുയര്‍ത്തുക എന്ന രാഷ്ട്രീയലക്ഷ്യം മാത്രം.
കര്‍ഷകരെ രക്ഷിക്കാനെന്ന പേരില്‍ പരിവാരനേതാക്കള്‍ കൂട്ടത്തോടെ കീഴാറ്റൂരില്‍ കാലുകുത്തിയതും നന്ദിഗ്രാമില്‍നിന്ന് ബിജെപി നേതാവിനെ എത്തിച്ചതും ഹീനതന്ത്രത്തിന്റെ ഭാഗം തന്നെ. കേന്ദ്രത്തിന് കത്തയച്ചും നിവേദനം നല്‍കിയും ഗിമ്മിക്കുകള്‍ കാട്ടിയതല്ലാതെ കീഴാറ്റൂര്‍ വിഷയത്തില്‍ ആത്മാര്‍ഥമായ ഒരു ഇടപെടലും ബിജെപി നടത്തിയിട്ടില്ല എന്നതാണു യാഥാര്‍ഥ്യം.

(അവസാനിച്ചു)

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss