|    Nov 17 Sat, 2018 9:04 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

കീഴാറ്റൂര്‍ ബൈപാസ്: ഡല്‍ഹി ചര്‍ച്ചയെച്ചൊല്ലി രാഷ്ട്രീയകലഹം മൂര്‍ച്ഛിക്കുന്നു

Published : 5th August 2018 | Posted By: kasim kzm

സമദ് പാമ്പുരുത്തി

കണ്ണൂര്‍: കീഴാറ്റൂര്‍ ബൈപാസ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ ഒഴിവാക്കി വയല്‍ക്കിളി നേതാക്കളുമായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയെച്ചൊല്ലി രാഷ്ട്രീയ കലഹം മൂര്‍ച്ഛിക്കുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള ഭിന്നത കേരളത്തില്‍ ബിജെപി-സിപിഎം പാര്‍ട്ടികള്‍ തമ്മില്‍ തുറന്ന പോരിലെത്തി.
കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നല്‍കിയ വാഗ്ദാനങ്ങള്‍ വയല്‍ക്കിളികള്‍ക്ക് താല്‍ക്കാലിക ആശ്വാസം പകര്‍ന്നിട്ടുണ്ടെങ്കിലും ബൈപാസ് വിഷയത്തില്‍ കേന്ദ്രം ഇതുവരെ സ്വീകരിച്ച നടപടികളിലും ഇപ്പോഴത്തെ നിലപാട് മാറ്റത്തിലും അവ്യക്തതയും വൈരുധ്യവും നിലനില്‍ക്കുകയാണ്. ഫെഡറല്‍ സംവിധാനം തകര്‍ത്ത് കേന്ദ്രം സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ കവരുകയാണെന്ന ആരോപണം ശരിവയ്ക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയുടെ സ്വഭാവം.
സമരക്കാര്‍ക്കൊപ്പം ബിജെപി നേതാക്കള്‍ സംഘടിച്ച് യോഗത്തില്‍ പങ്കെടുത്തപ്പോള്‍ ഔദ്യോഗികമായി ഒരു സൂചന പോലും സംസ്ഥാന സര്‍ക്കാരിനു നല്‍കിയിരുന്നില്ല. വയല്‍ക്കിളികളുടെ സമരത്തിനൊപ്പം ബിജെപി സംസ്ഥാന ഘടകത്തിന്റെ കടുത്ത സമ്മര്‍ദവും ഇതിനു പിന്നിലുണ്ടെന്നാണ് വിലയിരുത്തല്‍. ഭരണകക്ഷിയായ സിപിഎം അടക്കം ചിലര്‍ ബൈപാസിന് അനുകൂലമായി നിലയുറപ്പിച്ചപ്പോള്‍ കോണ്‍ഗ്രസ്സും മുസ്‌ലിംലീഗും ബിജെപിയും ഒപ്പം ശാസ്ത്രസാഹിത്യ പരിഷത്ത് അടക്കമുള്ള പരിസ്ഥിതി സംഘടനകളും മാത്രമല്ല, ഭരണമുന്നണിയിലെ സിപിഐയും ശക്തമായി രംഗത്തെത്തിയിരുന്നു. ഇതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലായി.
സമവായം ഉണ്ടാവുന്നതുവരെ വിജ്ഞാപനം ഇറക്കില്ലെന്നും ബദല്‍സാധ്യതകള്‍ പരിശോധിക്കാന്‍ ഉന്നതതലസംഘം കീഴാറ്റൂര്‍ സന്ദര്‍ശിക്കുമെന്നും അറിയിച്ചിരുന്നെങ്കിലും ഒന്നുമുണ്ടായില്ല. വയല്‍ നികത്തിത്തന്നെ ബൈപാസ് നിര്‍മിക്കാന്‍ അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതിനിടയില്‍ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും ചര്‍ച്ചനടത്തി. കേരളത്തിലെ ദേശീയപാത വികസനത്തിന് അതിവേഗം നടപടി സ്വീകരിക്കണമെന്നായിരുന്നു മന്ത്രിയുടെ പ്രധാന നിര്‍ദേശം. ഇത് അംഗീകരിച്ച സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളുടെ എതിര്‍പ്പുകള്‍ മറികടന്ന് പദ്ധതിയുമായി മുന്നോട്ടുപോയി. എന്നാല്‍, സ്ഥലമേറ്റെടുക്കാനുള്ള 3ഡി വിജ്ഞാപനം പുറപ്പെടുവിച്ച ശേഷം ഇതുസംബന്ധിച്ച് സമരക്കാരുമായി പുനപ്പരിശോധനാ ചര്‍ച്ച നടത്തിയത് അപൂര്‍വമായ കീഴ്‌വഴക്കമാണ്. ഇത് തെറ്റായ നടപടിയാണെന്ന് സംസ്ഥാന സര്‍ക്കാരും സിപിഎമ്മും ചൂണ്ടിക്കാട്ടിയിട്ടും കേന്ദ്രം പ്രതികരിച്ചിട്ടില്ല. പകരം നേരത്തെ വയല്‍ക്കിളി സമരം ഹൈജാക്ക് ചെയ്ത ബിജെപി ഇപ്പോള്‍ കേന്ദ്രത്തെ ഉപയോഗിച്ച് വീണ്ടും സംസ്ഥാന സര്‍ക്കാരിനെതിരേ തിരിഞ്ഞിരിക്കുകയാണ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss