|    Oct 18 Thu, 2018 6:59 pm
FLASH NEWS

കീഴാറ്റൂര്‍ ബൈപാസ് അന്തിമ രൂപരേഖയില്‍ മാറ്റംവരുത്തിയേക്കും

Published : 26th September 2017 | Posted By: fsq

 

തളിപ്പറമ്പ്: സിപിഎം പാര്‍ട്ടിഗ്രാമമായ കീഴാറ്റൂരില്‍ നെല്‍വയല്‍ നികത്തി ബൈപാസ് നിര്‍മിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരേ നാട്ടുകാരുടെ പ്രക്ഷോഭം ശക്തമായതിനെ തുടര്‍ന്ന് ബൈപാസ് റോഡിന്റെ അന്തിമരൂപരേഖയില്‍ മാറ്റം വരുത്താന്‍ സാധ്യതയേറി. ഇതുസംബന്ധിച്ച് ദേശീയപാതയുടെ ന്യൂഡല്‍ഹിയിലെ ആസ്ഥാനത്ത് ചര്‍ച്ച നടക്കുന്നതായാണു സൂചന. ഇതിനുപുറമെ, 29നു മന്ത്രി ജി സുധാകരന്റെ സാന്നിധ്യത്തില്‍ തിരുവനന്തപുരത്തും യോഗം നടക്കുന്നുണ്ട്. പൊതുമരാമത്ത് മന്ത്രിയുടെ ഓഫിസില്‍ പ്രത്യേകയോഗം വിളിച്ചിട്ടുണ്ട്. സമരസമിതി പ്രതിനിധികള്‍ക്കും യോഗത്തിലേക്ക് ക്ഷണമുണ്ട്. തളിപ്പറമ്പ് എംഎല്‍എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും പങ്കെടുക്കും. ഇതില്‍ പ്രദേശവാസികളുടെ എതിര്‍പ്പ് കൂടി കണക്കിലെടുത്തുള്ള തീരുമാനമുണ്ടാവാനാണു സാധ്യത. നേരത്തേ, വയല്‍കിളികളുടെ സമരം ശക്തമായതോടെ പ്രതിഷേധം സര്‍ക്കാരിനെ അറിയിക്കുമെന്ന് ജില്ലാ കലക്്ടര്‍ മീര്‍ മുഹമ്മദലി വ്യക്തമാക്കിയിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണു അന്തിമ രൂപരേഖയില്‍ മാറ്റംവരുത്തി നെല്‍വയല്‍ പൂര്‍ണമായും നികത്താതെയുള്ള റോഡ് നിര്‍മാണത്തിനു വേണ്ടിയുള്ള സാധ്യത ആരായുന്നത്. അതേസമയം, സമരത്തിനെതിരേ സിപിഎമ്മിന്റെ ഭാഗത്തു നിന്നുള്ള എതിര്‍പ്പ് രൂപരേഖ മാറ്റത്തെയും സ്വാധീനിക്കാനിടയുണ്ട്. ഇതിനിടെ, കീഴാറ്റൂരില്‍ നടക്കുന്ന ബൈപാസ്‌വിരുദ്ധ ജനകീയ സമരം ശക്തമാക്കാന്‍ വയല്‍കിളികള്‍ തീരുമാനിച്ചു. സമരം 16 ദിവസം പിന്നിടുകയാണ്. നമ്പ്രാടത്ത് ജാനകി ആണ് നിലവില്‍ നിരാഹാര സമരം നടത്തുന്നത്. ആദ്യഘട്ടത്തില്‍ നിരാഹാരം അനുഷ്ഠിച്ചിരുന്ന സുരേഷ് കീഴാറ്റൂറിനെ അറസ്റ്റ് ചെയ്ത് നീക്കം ചെയ്തതോടെയാണ് കര്‍ഷകത്തൊഴിലാളിയായ ജാനകി സമരം നടത്തുന്നത്. ഇന്നലെ റവല്യൂഷനറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി (ആര്‍എംപി) നേതാവ് കെ കെ രമ സമരപ്പന്തല്‍ സന്ദര്‍ശിച്ചു. ജനങ്ങള്‍ക്കൊപ്പം നില്‍ക്കേണ്ട ഇടതുപക്ഷം ജനങ്ങളെ വഴിയാധാരമാക്കുകയാണെന്നു കെ കെ രമ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss