|    Aug 17 Fri, 2018 5:36 am
Home   >  Todays Paper  >  Page 1  >  

കീഴാറ്റൂര്‍: ബദല്‍ പാത പരിഗണിക്കാമെന്ന് കേന്ദ്രം; കേന്ദ്രവും സംസ്ഥാന സര്‍ക്കാരും ഏറ്റുമുട്ടലിലേക്ക്

Published : 4th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: കീഴാറ്റൂര്‍ ബൈപാസുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ കേന്ദ്രവും സംസ്ഥാന സര്‍ക്കാരും ഏറ്റുമുട്ടലിലേക്ക് നീങ്ങുന്നു. സംസ്ഥാന സര്‍ക്കാരിനെ ഒഴിവാക്കി വയല്‍ക്കിളി നേതാക്കളുമായി ഇന്നലെ നടത്തിയ ചര്‍ച്ചയില്‍ ബൈപാസ് സംബന്ധമായ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ വിദഗ്ധ സംഘത്തെ നിയോഗിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
ബൈപാസിന് പകരം ബദല്‍പാത അടക്കമുള്ള കാര്യങ്ങളും പരിഗണിക്കാമെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി കൂടിക്കാഴ്ചയില്‍ ഉറപ്പുനല്‍കിയതായി ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം അറിയിച്ചു. തുരുത്തി, വേളാപുരം എന്നിവിടങ്ങളിലെ പ്രശ്‌നങ്ങളും വിദഗ്ധ സംഘം പരിശോധിക്കും. വകുപ്പു മന്ത്രിയുമായുള്ള കൂടിക്കാഴ്ച തൃപ്തികരമായിരുന്നുവെന്ന് വയല്‍ക്കിളി, തുരുത്തി സമരസമിതി നേതാക്കളും പറഞ്ഞു. അതേസമയം, തളിപ്പറമ്പ് ടൗണിലൂടെ മേല്‍പാലം നിര്‍മിക്കാമെന്ന നിര്‍ദേശം ഗഡ്കരി തള്ളി. നിലവില്‍ തന്നെ റോഡിന് ആവശ്യമായ വീതിയില്ല. അതിനാല്‍ ഇത് ഭാവിയില്‍ വികസനത്തെ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, വിദഗ്ധ സമിതി എന്നു വരും, നിര്‍ദിഷ്ട ബൈപാസിന്റെ വിജ്ഞാപനം പിന്‍വലിച്ചോ തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത വരുത്താനായിട്ടില്ല. സമിതിക്കു റിപോര്‍ട്ട് സമര്‍പ്പിക്കാനുള്ള സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു.
ഗഡ്കരിയുമായി സമരസമിതി നേതാക്കള്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കണ്ണന്താനമാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. തുരുത്തിയില്‍ ഒരു വ്യവസായിക്കു വേണ്ടി സംസ്ഥാന സര്‍ക്കാര്‍ അലൈന്‍മെന്റില്‍ മാറ്റം വരുത്തി ‘എസ്’ മാതൃകയിലാക്കി. അതിനാല്‍ 27 ദലിത് കുടുംബാംഗങ്ങളുടെ വീടും അവരുടെ ആരാധനാലയവും ഇല്ലാതാവും. കൂടാതെ, നന്തി-കൊയിലാണ്ടി ബൈപാസ് വന്നാല്‍ 600 വീടുകള്‍ പൊളിക്കേണ്ടിവരുമെന്നും മന്ത്രിയെ ധരിപ്പിച്ചതായി സമരസമിതി, ബിജെപി നേതാക്കള്‍ പറഞ്ഞു. എംപിമാരായ വി മുരളീധരന്‍, റിച്ചാര്‍ഡ് ഹേ, വയല്‍ക്കിളി നേതാക്കളായ സുരേഷ് കീഴാറ്റൂര്‍, നമ്പ്രാടത്ത് ജാനകി, നോബിള്‍ പൈക്കട, പി ലക്ഷ്മണന്‍, ടി പി രതീഷ്, കെ നിഷില്‍, സി പി രാജന്‍, ബിജെപി നേതാക്കളായ പി കെ കൃഷ്ണദാസ്, പി സത്യപ്രകാശന്‍, കെ രഞ്ജിത്ത്, അഡ്വ. ജോജോ ജോസ് കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss