|    Oct 17 Wed, 2018 7:11 pm
FLASH NEWS

കീഴാറ്റൂരില്‍ ആദ്യവിജയം കൊയ്ത് ‘വയല്‍കിളികള്‍’

Published : 29th September 2017 | Posted By: fsq

 

കണ്ണൂര്‍: തളിപ്പറമ്പിനടുത്തുള്ള കീഴാറ്റൂരില്‍ 250 ഏക്കര്‍ നെല്‍വയല്‍ നികത്തി ബൈപാസ് നിര്‍മിക്കാനുള്ള നീക്കത്തിനെതിരേ ജനകീയ പ്രതിരോധമുയര്‍ത്തിയ വയല്‍കിളികള്‍ ആദ്യവിജയം കൊയ്‌തെടുത്തു. സിപിഎമ്മിന്റെ പാര്‍ട്ടിഗ്രാമത്തില്‍ ജില്ലാ-സംസ്ഥാന നേതൃത്വം തള്ളിപ്പറഞ്ഞ സമരത്തെ സര്‍ക്കാരിനെും പാര്‍ട്ടിയെയും ഒരു മേശയ്ക്കു ചുറ്റുമിരുത്തിയാണ് ആദ്യഘട്ടത്തില്‍ അനുകൂലമാക്കി മാറ്റിയത്. ബൈപാസ് നിര്‍മ്മാണത്തിനുള്ള വിജ്ഞാപനം ഉടന്‍ പുറപ്പെടുവിക്കില്ലെന്നും വിജ്ഞാപനം ഇറക്കുന്നത് നീട്ടിവച്ചതായും പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ തിരുവനന്തപുരത്ത് സമര സമിതിയുമായി നടത്തിയ ചര്‍ച്ചയില്‍ അറിയിച്ചു. കേരളത്തില്‍ നന്ദിഗ്രാം ഉണ്ടാവാന്‍ സമ്മതിക്കില്ല. സര്‍ക്കാറിന് ഇക്കാര്യത്തില്‍ ഒരു മുന്‍ധാരണയുമില്ല. സമവായമുണ്ടാവുന്നതു വരെ വിഞ്ജാപനം ഇറക്കില്ല. വയല്‍ നികത്താതെ ബദല്‍ റോഡിനുള്ള ബദല്‍ സാധ്യതയും പരിശോധിക്കും. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അടങ്ങുന്ന സമിതി പ്രദേശം സന്ദര്‍ശിക്കാനും തീരുമാനിച്ചിട്ടുണ്ട്. നാലുവരിപ്പാതയ്ക്ക് 25 മീറ്റര്‍ മതിയെന്നായിരുന്നു മുന്‍ എല്‍ഡിഎഫ് സര്‍ക്കാറിന്റെ നിലപാട്. എന്നാല്‍ 65 മീറ്റര്‍ വേണമെന്ന് കേന്ദ്രം നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ 45 മീറ്ററാക്കി മാറ്റി. വികസനത്തിനായി ഭൂമി ഏറ്റെടുക്കേണ്ടി വന്നാല്‍ നഷ്ടപരിഹാരം നല്‍കും. ആദ്യം തളിപ്പറമ്പ് പട്ടണത്തിലൂടെയാണ് ബൈപാസ് തീരുമാനിച്ചിരുന്നത്. 150 ഓളം വീടുകള്‍ ഒഴിപ്പിക്കുകയും അതുവഴി പട്ടണം തന്നെ ഇല്ലാതാവുകയും ചെയ്യുന്ന അവസ്ഥ ഒഴിവാക്കാനാണ് കീഴാറ്റൂരിലൂടെ ആലോചിച്ചത്. ഹരിതകേരളമെന്ന മുദ്രാവാക്യമാണ് സര്‍ക്കാറിന്റേതെന്നും ആള്‍ക്കൂട്ടത്തെ ഭയന്നല്ല ഇപ്പോഴത്തെ തീരുമാനമെന്നും മന്ത്രി പറഞ്ഞു. അതേസമയം, വയല്‍ സംരക്ഷിക്കണമെന്ന മന്ത്രിയുടെ നിലപാട് അംഗീകരിക്കുന്നുവെന്നും സമരം അവസാനിപ്പിക്കുന്നതു സംബന്ധിച്ച് ഇന്നു പ്രഖ്യാപനമുണ്ടാവുമെന്നും സമരസമിതി പ്രതിനിധികളായ സുരേഷ് കീഴാറ്റുരും നോബിള്‍ പൈകടയും പറഞ്ഞു. സെക്രട്ടേറിയറ്റിലെ മന്ത്രിയുടെ ചേംബറില്‍ നടന്ന ചര്‍ച്ചയില്‍ തളിപ്പറമ്പ് എംഎല്‍എ ജെയിംസ് മാത്യു, സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍, ജില്ലാ കലക്്ടര്‍ മിര്‍ മുഹമ്മദലി, പൊതുമരാമത്ത്-ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥര്‍ എന്നിവരും വയല്‍ക്കിളികളെ പ്രതിനിധീകരിച്ച് സുരേഷ് കീഴാറ്റൂര്‍, ആലക്കോട് കരിങ്കല്‍ ക്വാറി വിരുദ്ധ സമര നായകന്‍ നോബിള്‍ പൈകട എന്നിവരുമാണ് പങ്കെടുത്തത്.കീഴാറ്റൂരില്‍ വയല്‍ നികത്തി ബൈപാസ് നിര്‍മിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് വയല്‍കിളികള്‍ എന്ന കൂട്ടായ്മ രൂപീകരിച്ചാണ് ജനകീയ സമിതി സമരം തുടങ്ങിയത്. ആദ്യഘട്ടത്തില്‍ സിപിഎം സമരത്തെ തള്ളിപ്പറഞ്ഞതോടെ പ്രതിഷേധം രൂക്ഷമാവുകയും ബിജെപി ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ മുതലെടുപ്പുമായി രംഗത്തെത്തുകയും ചെയ്തതോടെ ജില്ലാ നേതൃത്വം ഇടപെട്ട് വിശദീകരണം സംഘടിപ്പിക്കുകയും ചെയ്‌തെങ്കിലും സമരക്കാര്‍ പിന്‍മാറിയില്ല. സിപിഐ നിലപാടും സമരക്കാര്‍ക്കൊപ്പമായിരുന്നു. ഒടുവില്‍ സിപിഎം സംസ്ഥാന നേതൃത്വം തന്നെ സമരത്തെ തള്ളിപ്പറഞ്ഞെങ്കിലും നില്‍ക്കക്കള്ളിയില്ലാതെയാണ് മന്ത്രിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്. ഇതിനിടെ, സമരത്തിലെ കുമ്മനം രാജശേഖരന്‍ ഉള്‍പ്പെടെയുള്ളവരെത്തിയത് സമരക്കാരിലും ചേരിതിരിവിനിടയാക്കി. ഇടതുപക്ഷ വിരുദ്ധ സമരമാക്കി മാറ്റാനുള്ള ശ്രമമാണെന്ന പി ജയരാജന്റെ വാദങ്ങള്‍ ശരിവയ്ക്കുന്നതാണ് സമരത്തിന്റെ ഗതിയെന്നും ഒരുവിഭാഗം ചൂണ്ടിക്കാട്ടി. ഇതോടെ ഇന്നലത്തെ ചര്‍ച്ചയുടെ അനന്തരഫലങ്ങളും കണ്ടറിയേണ്ടി വരും. സിപിഎം അനുകൂലികളെ ഒപ്പംനിര്‍ത്തി വികസനത്തിന് ഊന്നല്‍ നല്‍കുകയെന്ന തന്ത്രം ക്രമേണ നടപ്പാക്കാനാണു സാധ്യത. മാധ്യമശ്രദ്ധ കുറയുന്നതോടെ വിഷയത്തിലെ യാഥാര്‍ഥ്യവും സിപിഎം വാദവും നിരത്തി അണികളെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നതോടെ വയലിലൂടെ തന്നെ ബൈപാസ് യാഥാര്‍ഥ്യമാക്കാനാണു സാധ്യത.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss