|    Nov 18 Sun, 2018 3:25 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

കീര്‍ത്തിചക്ര ഒരാള്‍ക്ക്, ശൗര്യചക്ര 20 പേര്‍ക്ക്; കേരള പോലിസിന് ആറ് സ്തുത്യര്‍ഹ സേവന മെഡല്‍

Published : 15th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ചു രാഷ്ട്രപതിയുടെ സൈനിക മെഡലുകള്‍ പ്രഖ്യാപിച്ചു. സമാധാനകാലത്ത് നല്‍കുന്ന ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ബഹുമതിയായ കീര്‍ത്തിചക്ര ഒരാള്‍ക്കും മൂന്നാമത്തെ ബഹുമതിയായ ശൗര്യചക്ര 20 പേര്‍ക്കും ലഭിച്ചു. ഒന്നാമത്തെ ബഹുമതിയായ അശോകചക്രയ്ക്ക് ഇത്തവണ ആരെയും പരിഗണിച്ചില്ല. കശ്മീരിലെ പുല്‍വാമയില്‍ ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ട ശിപായി റംപാല്‍ സിങിന് മരണാനന്തര ബഹുമതിയായാണ് കീര്‍ത്തിചക്ര സമ്മാനിച്ചത്.
ഇതിനു പുറമേ മലയാളിയായ കാപ്റ്റന്‍ രാകേഷ് നായര്‍ ഉള്‍പ്പെടെ ധീരതയ്ക്കുള്ള മൂന്നു മെഡല്‍, 93 സേനാ മെഡല്‍, 11 നാവികസേന മെഡല്‍, മൂന്ന് വായു സേന മെഡലുകളും പ്രഖ്യാപിച്ചിട്ടുണ്ട്. മേജര്‍ ജയിംസ് ജേക്കബ് (8 രാഷ്ട്രീയ റൈഫിള്‍സ്, മദ്രാസ് റെജിമെന്റ്), മേജര്‍ അരവിന്ദ് ബി നായര്‍ (രാഷ്ട്രീയ റൈഫിള്‍ എന്‍ജിനീയേഴ്‌സ് ബറ്റാലിയന്‍), കാപ്റ്റന്‍ കെ കൃഷ്ണകുമാര്‍ (19 രാഷ്ട്രീയ റൈഫിള്‍സ്) എന്നിവര്‍ ഉള്‍പ്പെടെ 93 പേര്‍ക്കാണു ധീരതയ്ക്കുള്ള സേനാ മെഡല്‍.
രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള പോലിസ് മെഡലിന് രണ്ട് പേര്‍ അര്‍ഹരായി. കശ്മീരില്‍ നിന്നുള്ള സിആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ ഷെരീഫുദ്ദീന്‍ ഗനായി, സിആര്‍പിഎഫ് ഹെഡ് കോണ്‍സ്റ്റബിള്‍ മുഹമ്മദ് തഫൈല്‍ എന്നിവര്‍ക്ക് മരണാനന്തര ബഹുമതിയായാണ് രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള പോലിസ് മെഡല്‍ ലഭിച്ചത്. 177 പേര്‍ക്ക് ധീരതയ്ക്കുള്ള പോലിസ് മെഡലും 88 പേര്‍ക്ക് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലിസ് മെഡലും 675 പേര്‍ക്ക് സ്തുത്യര്‍ഹ സേവനത്തിനുള്ള പോലിസ് മെഡലും ലഭിച്ചു. കേരളത്തില്‍ നിന്ന് ആകെ ആറു പേര്‍ മാത്രമാണ് പട്ടികയില്‍ ഇടംപിടിച്ചത്.
ക്രൈംബ്രാഞ്ച് സിഐഡി എസ്പി പി ബി രാജീവ് (കോഴിക്കോട്), ക്രൈംബ്രാഞ്ച് സിഐഡി അഡ്മിനിസ്‌ട്രേഷന്‍ ഡെപ്യൂട്ടി സൂപ്രണ്ട് എ. ഷാനവാസ് (തിരുവനന്തപുരം), എസ്‌സിആര്‍ബി ഇന്‍സ്‌പെക്ടര്‍ ബി വിപിന്‍ ചന്ദ്രന്‍ (തിരുവനന്തപുരം), വിഎസിബി ഡിവൈഎസ്പി ഇ എസ് ബിജുമോന്‍ (തിരുവനന്തപുരം), വിഎസിബി ഡെപ്യൂട്ടി സൂപ്രണ്ട് റെക്‌സ് ബോബി അരവിന്‍ (ആലപ്പുഴ), വിഎസിബി സ്‌പെഷ്യന്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂനിറ്റ് സബ് ഇന്‍സ്‌പെക്ടര്‍ ആര്‍ പ്രകാശ് (തിരുവനന്തപുരം) എന്നിവരാണ് കേരളത്തില്‍ നിന്നു സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡലിന് അര്‍ഹരായത്.
തിരുവനന്തപുരം സിബിഐ സ്‌പെഷ്യല്‍ ക്രൈംബ്രാഞ്ച് എസ്പി കെ എം വര്‍ക്കി, എന്‍ഐഎ കൊച്ചി യൂനിറ്റ് ഡിഎസ്പി വി കെ അബ്ദുല്‍ ഖാദര്‍, ആഭ്യന്തരമന്ത്രാലയത്തിനു കീഴില്‍ തിരുവനന്തപുരത്ത് ഐബി അസിസ്റ്റന്റ് ഡയറക്ടര്‍ എ കെ സുനില്‍, ജൂനിയര്‍ ഇന്റലിജന്‍സ് ഓഫിസര്‍ ബാബു അലന്‍, ലക്ഷദ്വീപ് കവരത്തിയില്‍ വയര്‍ലസ് ഓപറേറ്ററും എഎസ്‌ഐയുമായ പി വി അനില്‍ കുമാര്‍, ബിഎസ്എഫ് അസിസ്റ്റന്റ് കമാന്‍ഡന്റ് പിറവം പാഴൂര്‍ പുതിയകുന്നേല്‍ പി ജെ തമ്പി തുടങ്ങിയവര്‍ക്കും വിശിഷ്ട സേവാ മെഡല്‍ ലഭിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss