|    Nov 18 Sat, 2017 4:04 pm
FLASH NEWS

കിഴക്കേക്കോട്ട ജങ്ഷന്‍ വികസനം : അന്വേഷിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ സൂപ്രണ്ടിങ് എന്‍ജിനീയറെ ചുമതലപ്പെടുത്തി

Published : 3rd November 2017 | Posted By: fsq

 

തൃശൂര്‍: കിഴക്കേകോട്ട ജങ്ഷന്‍ വികസനത്തിലെ നടപടി ക്രമങ്ങള്‍ സംബന്ധിച്ചും ആക്ഷേപങ്ങളെക്കുറിച്ചും അന്വേഷിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കോര്‍പറേഷന്‍ സൂപ്രണ്ടിങ് എന്‍ജിനീയറെ കൗണ്‍സില്‍ യോഗം ചുമതലപ്പെടുത്തി. കിഴക്കേക്കോട്ട ജങ്ഷന്‍ വികസനത്തിനായി ഭൂമി വിട്ടുനല്‍കിയവര്‍ക്ക് 17.5 ലക്ഷം രൂപ സെന്റിന് നല്‍കാമെന്ന് നേരത്തെ കോര്‍പറേഷന്‍ കരാറൊപ്പിട്ടിരുന്നു. എന്നാല്‍ പുതിയ കളക്ടറുടെ റിപ്പോര്‍ട്ട് പ്രകാരം ന്യായവിലയായി എട്ടര ലക്ഷം രൂപയാണ് വില രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് കോര്‍പ്പറേഷന് അധിക ബാധ്യത വരുത്തുമെന്നും ഈ നടപടിക്കുപിന്നില്‍ അഴിമതിയുണ്ടെന്നുമായിരുന്നു ആരോപണം. ഈ വിഷയത്തില്‍ കൗണ്‍സിലറായ അഡ്വ.സുബി ബാബു കോര്‍പറേഷന് കത്ത് നല്‍കിയതും വിവാദമായി മാറിയിരുന്നു. വികസനത്തിനായി ഏറ്റെടുത്ത സ്ഥലത്ത് പുറമ്പോക്കുള്ളതായി സംശയമുണ്ടെന്നും ഇക്കാര്യം പരിശോധിക്കണമെന്നുമായിരുന്നു കത്ത്. ഇക്കാര്യങ്ങളെല്ലാമാണ് കൗണ്‍സില്‍ യോഗത്തില്‍ രൂക്ഷമായ വാദ-പ്രതിവാദങ്ങളില്‍ കലാശിച്ചത്. സദുദ്ദേശത്തോടെ നല്‍കിയ കത്ത് രാഷ്ട്രീയമായി ദുരുപയോഗിച്ച സാഹചര്യത്തില്‍ തന്റെ കത്ത് പിന്‍വലിക്കുകയാണെന്ന് അഡ്വ.സുബി ബാബു വ്യക്തമാക്കി. രാജന്‍ പല്ലനെ ഗുരുസ്ഥാനത്താണ് കാണുന്നതെന്നും സുബി ബാബു പറഞ്ഞു. ജംഗ്ഷന്‍ വികസനത്തിനായി കളക്ടര്‍ എം എസ് ജയയുടെ ചേംബറില്‍ സ്ഥലമുടമകളുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് നെഗോഷ്യബിള്‍ പര്‍ച്ചേസിനുള്ള കരാറാണ് ഒപ്പിട്ടതെന്നും ഇതില്‍നിന്ന് കോര്‍പറേഷന്‍ പിന്‍മാറുന്നത് ജനവഞ്ചനയാണെന്നും രാജന്‍ പല്ലന്‍ വിശദമാക്കി. പുതിയ കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട് ഫെയര്‍വാല്യു അടിസ്ഥാനപ്പെടുത്തിയതാണെന്നും കോര്‍പറേഷന്‍ ജംഗ്ഷന്‍ വികസന കരാറില്‍ നിന്നു പിന്‍വാങ്ങിയാല്‍ ഭാവിയില്‍ ഒരാള്‍പോലും കോര്‍പറേഷന് വികസനത്തിനായി സ്ഥലം വിട്ടുനല്‍കില്ലെന്നും രാജന്‍ പല്ലന്‍ വ്യക്തമാക്കി. കരാര്‍ ഉണ്ടാക്കിയെങ്കിലും തുക കൈമാറാത്ത സാഹചര്യത്തില്‍ അഴിമതി ആരോപണം ഉണ്ടായിരിക്കുന്നത് അടിസ്ഥാനരഹിതമാണെന്നായിരുന്നു കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ വാദം. ജംഗ്ഷന്‍ വികസനത്തിലെ അഴിമതിയും പുറമ്പോക്ക് സംബന്ധിച്ച വിഷയങ്ങളും അന്വേഷിക്കണമെന്ന് ബി.ജെ.പി-എല്‍.ഡി.എഫ് അംഗങ്ങളും ആവശ്യപ്പെട്ടു. കള്ളനോട്ട് കേസിലെ പ്രതിയുമൊത്തുള്ള മേയറുടെ ഫോട്ടോയ്ക്ക് വിശദീകരണം നല്‍കണമെന്നും പൂത്തോളില്‍ വികസനത്തിന്റെ പേരില്‍ കുടിയൊഴിപ്പിച്ചവര്‍ക്ക് കിടപ്പാടം നല്‍കാമെന്ന വാഗ്ദാനം പാലിക്കണമെന്നുമാവശ്യപ്പെട്ട പ്ലക്കാര്‍ഡുകളുമേന്തിയായിരുന്നു ബി.ജെ.പി കൗണ്‍സിലര്‍മാര്‍ യോഗത്തിനെത്തിയത്. തൃശൂര്‍ കോര്‍പ്പറേഷന്‍ കെട്ടിടങ്ങള്‍ക്കു സമീപത്തെയും ശക്തന്‍ നഗറിലെയും അനധികൃത കച്ചവടം അവസാനിപ്പിക്കാന്‍ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം. 15 ദിവസത്തിനകം ശക്തന്‍ നഗറിലെ ഫുട്പാത്ത് കച്ചവടമടക്കമുള്ള അനധികൃത കച്ചവടം അവസാനിപ്പിക്കാനാണ് ധാരണ. കോര്‍പ്പറേഷന്‍ കെട്ടിടങ്ങളോടു ചേര്‍ന്ന് വാടക നല്‍കാതെ പ്രവര്‍ത്തിക്കുന്ന കച്ചവടങ്ങളും ഫുട്പാത്ത് കയ്യേറി നടത്തുന്ന കച്ചവടങ്ങളും ഘട്ടംഘട്ടമായി അവസാനിപ്പിക്കാനാണ് തീരുമാനം. വികലാംഗരുടെ പേരില്‍ അനുവദിച്ച പെട്ടിക്കടകളും, തട്ടുകടകളും കൈവശപ്പെടുത്തി അനധികൃത കച്ചവടം തൃശൂരില്‍ വ്യാപകമാണെന്നും പലയിടങ്ങളിലും ഫുട്പാത്ത് കയ്യേറി കാല്‍നട യാത്രികരെ തടസപ്പെടുത്തും വിധമാണ് ഇത്തരം കച്ചവടമെന്നും തേജസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.അതേസമയം കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ കള്ളമിനിറ്റ്‌സെന്ന ആരോപണം വീണ്ടുമുയര്‍ന്നു. ഒക്‌ടോബര്‍ 10ന് ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ മാറ്റിവെച്ച അജണ്ട പാസായതായി മിനിറ്റ്‌സില്‍ എഴുതിചേര്‍ത്തുവെന്നാണ് ആരോപണം. നഗരത്തിലെ മാലിന്യനീക്കം തടസ്സപ്പെട്ടതിനെതുടര്‍ന്ന് അവ അടിയന്തിരമായി നീക്കം ചെയ്യാന്‍ ഷൗക്കത്തലി എന്നയാള്‍ക്ക് മേയര്‍ നല്‍കിയ മുന്‍കൂര്‍ അനുമതിയും അതനുസരിച്ച് 11.6.2007 മുതല്‍ 16.6.2007 വരെ അഞ്ച് ദിവസങ്ങളില്‍ മാലിന്യം നീക്കം ചെയ്തതിന് ഷൗക്കത്തലിക്കു 11,87,302 രൂപ മേയറുടെ മുന്‍കൂര്‍ അനുമതിയോടെ നല്‍കിയതും സാധൂകരിക്കുന്നതിന് 11.10.2017ലെ കൗണ്‍സില്‍ യോഗത്തില്‍ 4,5 നമ്പറുകളായി വന്ന വിഷയം പ്രതിപക്ഷ വിയോജിപ്പിനെ തുടര്‍ന്ന് മാറ്റിവെക്കാനായിരുന്ന തീരുമാനമുണ്ടായിരുന്നത്. എന്നാല്‍ യോഗ മിനിറ്റ്‌സില്‍ രണ്ട് അജണ്ടകളും അംഗീകരിച്ചതായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കോണ്‍ഗ്രസ്സിലെ ടി ആര്‍ സന്തോഷ്‌കുമാര്‍ മിനിറ്റ്‌സിലെ കള്ളത്തരം ചൂണ്ടികാട്ടി പ്രതിഷേധം രേഖപ്പെടുത്തി. അജണ്ട വിഷയങ്ങള്‍ മാറ്റിവെക്കാന്‍ തീരുമാനമെടുത്തശേഷം പാസായതായി രേഖപ്പെടുത്തി മിനിറ്റ്‌സ് ഇറക്കിയത് വഞ്ചനയും ജനാധിപത്യ വിരുദ്ധവുമാണെന്ന് സന്തോഷ് ആരോപിച്ചു. നടപടിയില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ വിയോജനകുറിപ്പ് നല്‍കുമെന്നും വിജിലന്‍സില്‍ പരാതി നല്‍കുമെന്നും സന്തോഷ് പറഞ്ഞു. മുന്‍ കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചക്ക്‌ശേഷം തങ്ങള്‍ വിയോജനകുറിപ്പ് നല്‍കിയതാണെന്നും അതും രേഖപ്പെടുത്തപ്പെട്ടിട്ടില്ലെന്നും തെറ്റായ തീരുമാനം എഴുതിയതിലും വിയോജനകുറിപ്പ് നല്‍കിയതായും പ്രതിപക്ഷനേതാവ് എം കെ മുകുന്ദന്‍ അറിയിച്ചു.നേരത്തെ റിലയന്‍സ് കേബിള്‍ അഴിമതി ഇടപാട് ഫയല്‍ പരിഗണിക്കാന്‍ മരാമത്ത് കമ്മിറ്റിക്ക് വിടാന്‍ കൗണ്‍സില്‍ എടുത്ത തീരുമാനവും തിരുത്തി കള്ളമിനിറ്റ്‌സ് എഴുതി ചേര്‍ത്തതായ ആരോപണം കൗണ്‍സിലില്‍ ഉയര്‍ന്നിരുന്നു. മേയര്‍ അജിത ജയരാജന്‍ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക