|    Oct 20 Sat, 2018 12:40 pm
FLASH NEWS

കിഴക്കേക്കോട്ടയിലെ തീപ്പിടിത്തം മണിക്കൂറുകള്‍ ഭീതിപരത്തി

Published : 29th August 2016 | Posted By: SMR

പി പി ഷിയാസ്

തിരുവനന്തപുരം: തലസ്ഥാനത്തിനു നടുവില്‍ അതീവ സുരക്ഷാ മേഖലയിലുണ്ടായ തീപ്പിടിത്തം സൃഷ്ടിച്ചതു കടുത്ത ഭീതിയും ആശങ്കയും. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു സമീപത്തെ കെട്ടിടമായതു കൊണ്ടുതന്നെ എത്രയും പെട്ടെന്നു തീയണയ്ക്കുക എന്നതായിരുന്നു അഗ്മിശമനസേനയുടെയും പോലിസിന്റെയും ലക്ഷ്യം. ഓണ സീസണ്‍ ആയതിനാല്‍ വസ്ത്രശാലയുടെ ഗോഡൗണി ല്‍ കഴിഞ്ഞ ദിവസം പുതിയ സ്‌റ്റോക്ക് എത്തിയിരുന്നു.
ഇതാണു തീപ്പിടിത്തത്തില്‍ കത്തിനശിച്ചത്. തീപ്പിടിത്തം ഉണ്ടായതറിഞ്ഞു നിരവധി പേരാണു സംഭവസ്ഥലത്തേക്ക് ഒഴുകിയത്. ഏറെ ജനത്തിരക്കുള്ള ഇടമായതിനാല്‍ ഇവിടേക്ക് എത്തിപ്പെടുക അഗ്നിശമനസേനയ്ക്കു ശ്രമകരമായ ജോലിയായിരുന്നു. എന്നാല്‍ പോലിസ് തിരക്കു നിയന്ത്രിച്ചതു രക്ഷാപ്രവര്‍ത്തനത്തിനു സഹായകമായി. ജില്ലയുടെ എല്ലാ യൂനിറ്റുകളില്‍ നിന്നുമായി മുപ്പതോളം അഗ്നിശമന സേനാ വാഹനങ്ങളാണു സ്ഥലത്തെത്തിയത്. എന്നാല്‍ ഇത് പര്യാപ്തമാവാതെ വന്നതോടെ എയര്‍പോര്‍ട്ട് അതോറിറ്റിയുടെ മെഗാ യൂനിറ്റായ പാന്തറും കൂടി എത്തുകയായിരുന്നു. തുടര്‍ന്നു പാന്തറിന്റെ സഹായത്തോടെയാണു രക്ഷാപ്രവര്‍ത്തനം പുരോഗമിച്ചത്.
12,000 ലിറ്റര്‍ കപ്പാസിറ്റിയുള്ള അഗ്നിശമന യൂനിറ്റാണ് പാന്തര്‍. തിരുവനന്തപുരം വിമാനത്താവളത്തിലെ ഈ മെഗായൂനിറ്റ് പോലിസിന്റെ സുരക്ഷാ അകമ്പടിയോടെയാണു സംഭവസ്ഥലത്തെത്തിയത്. മറ്റു വാഹനങ്ങളില്‍ നിന്നു പാന്തറിലേക്ക് ഹോസ് ബന്ധിപ്പിച്ചായിരുന്നു തീയണയ്ക്കല്‍. എന്നാല്‍ തുണിക്കെട്ടായതിനാല്‍ തീ അതിവേഗം പടര്‍ന്നുപിടിച്ചതും പുക ശക്തമായതും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു.
ഇതിനിടെ ഗോഡൗണ്‍ ജീവനക്കാരില്‍ ഒരാള്‍ക്കു രക്ഷാപ്രവര്‍ത്തനത്തിനിടെ പുക ശ്വസിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇദ്ദേഹത്തെ ഉടന്‍ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു. നാലു നിലയുള്ള രാജധാനി ബില്‍ഡിങിന്റെ മുന്‍വശം മറ്റു സ്ഥാപനങ്ങളും പിന്‍വശത്ത് പോത്തീസ് ഗോഡൗണുമാണ്. രണ്ടു ജ്വല്ലറികളും ഒരു തയ്യല്‍ക്കടയും ഹോട്ടലുകളുമടക്കം എട്ടു സ്ഥാപനങ്ങളാണു കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഇതിലെ രണ്ടാം നിലയിലെ റെഡ്മൗണ്ട് തയ്യല്‍ക്കടയില്‍ നിന്നാണ് അഗ്നിബാധ ഉണ്ടായത്. കുട്ടികളുടെയും പുരുഷന്‍മാരുടെയും വസ്ത്രങ്ങള്‍ സൂക്ഷിച്ചിരുന്ന ഏകദേശം 20,000 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണം വരുന്ന ഗോഡൗണുകള്‍ക്കാണ് തീപ്പിടിച്ചത്.
സാധാരണ 30ഓളം ജീവനക്കാര്‍ തുണി തരംതിരിക്കല്‍ ജോലിക്ക് ഉണ്ടാവാറുണ്ടെങ്കിലും അവധിദിനമായതിനാല്‍ 15 പേര്‍ മാത്രമാണു ഗോഡൗണിലുണ്ടായിരുന്നത്. അഗ്നിശമനസേനയ്ക്കും പോലിസിനുമൊപ്പം ശ്രീപത്മനാഭസ്വാമി ക്ഷേത്രസുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ട 15 കമാന്‍ഡോകളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. ക്ഷേത്രസുരക്ഷയ്ക്കായി സ്ഥാപിച്ച സ്‌കൈ വാച്ച് കാമറയില്‍, രാജധാനി ബില്‍ഡിങ്‌സില്‍ നിന്നു പുക ഉയരുന്നതു കണ്ടതോടെയാണു കമാന്‍ഡോ ചീഫ് 15 അഗം സംഘത്തെ ഇവിടേക്ക് അയച്ചത്. ആകെ 50 കമാന്‍ഡോകളാണ് ഇവിടെ സുരക്ഷാ ചുമതലയിലുള്ളത്. വാഹനത്തിലുണ്ടായിരുന്ന വെള്ളം തീര്‍ന്നതോടെ പത്മതീര്‍ത്ഥക്കുളത്തെയാണ് അഗ്നിശമനസേന ആശ്രയിച്ചത്.
ഒടുവില്‍ മണിക്കൂറുകള്‍ നീണ്ട കഠിനപ്രയത്‌നത്തിനൊടുവിലാണു സേനയ്ക്ക് തീ നിയന്ത്രണവിധേയമാക്കാനായത്. അതേസമയം, പുകയുള്ളിടത്തു രക്ഷാപ്രവര്‍ത്തനം നടത്താ ന്‍ അഗ്നിശമനസേനയ്ക്കു ലഭ്യമാക്കേണ്ട ശ്വസനോപകരണത്തിന്റെ അപര്യാപ്തത രക്ഷാപ്രവര്‍ത്തിനു ബുദ്ധിമുട്ടുണ്ടാക്കി. രണ്ടു വര്‍ഷം മുമ്പായിരുന്നു കിഴക്കേക്കോട്ടയിലെ തന്നെ ചാല കമ്പോളത്തില്‍ വന്‍ തീപ്പിടിത്തം ഉണ്ടായത്. ഇതിനു ശേഷവും മുമ്പും വിവിധ സ്ഥാപനങ്ങളിലും ഗോഡൗണുകളിലും തീപ്പിടിത്തമുണ്ടായിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss