|    Jun 24 Sat, 2017 2:15 pm
FLASH NEWS

കിഴക്കേകോട്ട തീപ്പിടിത്തം: അന്വേഷണ റിപോര്‍ട്ട് നാളെ സമര്‍പ്പിക്കും

Published : 5th September 2016 | Posted By: SMR

തിരുവനന്തപുരം: കിഴക്കേകോട്ട തീപ്പിടിത്തം സംബന്ധിച്ച അന്വേഷണ റിപോര്‍ട്ട് നാളെ ഫയര്‍ഫോഴ്‌സ് മേധാവിക്കു സമര്‍പ്പിക്കും. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കിഴക്കേകോട്ടയിലെയും പടിഞ്ഞാറെക്കോട്ടയിലെയും കെട്ടിടങ്ങളില്‍ സുരക്ഷാ പരിശോധന നടത്താന്‍ നേരത്തേ ചേര്‍ന്ന ഫയര്‍ഫോഴ്‌സിന്റെ ഉന്നതതല യോഗം തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച മുതല്‍ പരിശോധന തുടങ്ങിയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഭൂരിഭാഗം കെട്ടിടങ്ങളിലും സുരക്ഷാ സൗകര്യങ്ങള്‍ ഒരുക്കിയിട്ടില്ലെന്ന് കണ്ടെത്തി.
തീപിടിച്ച ഗോഡൗണില്‍ അപ്പോള്‍ ജോലിയിലുണ്ടായിരുന്ന ജീവനക്കാരുടെ മൊഴിയും പ്രത്യേക അന്വേഷണസംഘം രേഖപ്പെടുത്തി. വിശദമായ പരിശോധനയ്ക്കു ശേഷം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ അപകടകാരണത്തെ സംബന്ധിച്ച സൂചനയുമുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായതായി ഇലക്ട്രിക്കല്‍ വിഭാഗം നടത്തിയ പരിശോധനയ്ക്കു ശേഷം പറഞ്ഞിരുന്നു. എന്നാല്‍ ഇത് അപകടകാരണമായോ എന്നതു സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ചുവരികയാണെന്നാണ് സംഘം നേരത്തേ വ്യക്തമാക്കിയിരുന്നത്. ഏതെങ്കിലും തരത്തിലുള്ള അട്ടിമറി സാദ്ധ്യതയുണ്ടോ എന്നും പരിശോധിച്ചിരുന്നു. ഓണക്കാലത്ത് കച്ചവടം നടത്തുന്നതിനായി ശേഖരിച്ച പോത്തീസിന്റെ രണ്ടു കോടിയിലധികം രൂപ വിലവരുന്ന തുണിത്തരങ്ങളാണ് കത്തിനശിച്ചത്. എന്നാല്‍ പരിശോധനയ്ക്കു ശേഷം അട്ടിമറി സാധ്യത അന്വേഷണ സംഘം തള്ളുകയായിരുന്നു.
തീപ്പിടിത്തമുണ്ടായ ഗോഡൗണിന് സമീപത്തുള്ളതുള്‍പ്പെടെ കിഴക്കേക്കോട്ട, പടിഞ്ഞാറേക്കോട്ട എന്നിവിടങ്ങളിലെ കെട്ടിടങ്ങളിലും നടക്കുന്ന ഫയര്‍ സേഫ്ടി ഓഡിറ്റ് പൂര്‍ത്തിയായ ശേഷം ചൊവ്വാഴ്ച ഫയര്‍ഫോഴ്‌സിന്റെ അന്തിമ റിപ്പോര്‍ട്ട് നല്‍കും. ഇതോടൊപ്പം നോട്ടീസ് നല്‍കിയിട്ടും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത കെട്ടിടങ്ങളുടെ പട്ടികയും റിപ്പോര്‍ട്ടിനൊപ്പം സമര്‍പ്പിക്കും. ഫയര്‍ ഫോഴ്‌സ് മേധാവി എ ഹേമചന്ദ്രന്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് സര്‍ക്കാരിനു കൈമാറുമെന്നും ഫയര്‍ഫോഴ്‌സ് വൃത്തങ്ങള്‍ വ്യക്തമാക്കി.  തീപ്പിടിത്തം തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ നഗരങ്ങളിലും ഫയര്‍ ഹൈഡ്രന്റ് നിര്‍ബന്ധമാക്കാനും ഫയര്‍ഫോഴ്‌സ് ഉന്നതതല യോഗം തീരുമാനിച്ചിട്ടുണ്ട്. തിരുവനന്തപുരം ചാലയുള്‍പ്പടെ എറണാകുളം സെന്‍ട്രല്‍ മാര്‍ക്കറ്റ്, കോഴിക്കോട് മിഠായി തെരുവ് തുടങ്ങി തിരക്കുള്ള സ്ഥലങ്ങളില്‍ തീപിടിത്തമുണ്ടായാല്‍ സ്വീകരിക്കേണ്ട നടപടികള്‍ പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കും.
തീപിടിത്തവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള പ്രോട്ടോകോള്‍ തയ്യാറാക്കാന്‍ സമിതിയെ നിയമിച്ചു. കിഴക്കേക്കോട്ടയിലെ  തീപിടിത്തത്തിന്റെ പശ്ചാത്തലത്തിലാണ് ഉന്നത യോഗം ചേര്‍ന്നത്. നഗരങ്ങളിലെ കെട്ടിടങ്ങളില്‍ റിസ്‌ക് അസസ്‌മെന്റ് അനിവാര്യമാണെന്ന് യോഗം വിലയിരുത്തി. അതിനാലാണ് പ്രധാന നഗരങ്ങളിലെ കെട്ടിടങ്ങളുടെ സുരക്ഷാസംവിധാനം പരിശോധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. റിപ്പോര്‍ട്ട് അതത് ജില്ലാ ഭരണകൂടുങ്ങള്‍ക്ക് കൈമാറും. പ്രധാന നഗരങ്ങളില്‍ ഫയര്‍ ഹൈഡ്രന്റ് വേണമെന്നത് നേരത്തെയുള്ള നിര്‍ദേശമാണ്. എന്നാല്‍, കേരളത്തില്‍ പിറവത്തുമാത്രമാണ് ഇതുള്ളത്. തിരുവനന്തപുരം നഗരത്തില്‍ ഇതിനായി റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നെങ്കിലും നടപടിയുണ്ടായിട്ടില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക