|    Feb 22 Wed, 2017 8:53 pm
FLASH NEWS

കിഴക്കേകോട്ടയില്‍ മൂന്ന് മേല്‍പ്പാലങ്ങള്‍ സ്ഥാപിക്കണമെന്ന് ശുപാര്‍ശ

Published : 22nd October 2016 | Posted By: SMR

തിരുവനന്തപുരം: കിഴക്കേക്കോട്ടയില്‍ കാല്‍നട യാത്രക്കാരുടെ ദുരിതം അവസാനിപ്പിക്കാന്‍ എസ്‌കലേറ്റര്‍ ഘടിപ്പിച്ച മൂന്ന് കാല്‍നട മേല്‍പ്പാലങ്ങളെങ്കിലും വേണമെന്ന് നാറ്റ്പാക് ശുപാര്‍ശ. പഴവങ്ങാടി, കോട്ടയുടെ പ്രധാനകവാടം, അട്ടക്കുളങ്ങര സ്‌കൂളിന് സമീപം  എന്നിവിടങ്ങളില്‍ മേല്‍പ്പാലം സ്ഥാപിക്കണമെന്നാണ് ശുപാര്‍ശ. ആദ്യത്തേത് പഴവങ്ങാടി ക്ഷേത്രത്തിനുസമീപം സപ്ലൈകോയുടെ മുന്നില്‍നിന്ന് പുത്തരിക്കണ്ടം മൈതാനത്തേക്ക് ബന്ധിപ്പിക്കും. ഇറങ്ങാനും കയറാനും കഴിയും വിധം ഒരു വശത്ത് രണ്ട് എസ്‌കലേറ്ററുകള്‍ ക്രമീകരിക്കും. പുത്തരിക്കണ്ടം മൈതാനത്തിനു മുന്നില്‍ ഫുട്പാത്തിന് ഇടയ്ക്കുള്ള സ്ഥലത്താണ് യന്ത്രഗോവണിയുടെ പ്രവേശനകവാടം ക്രമീകരിക്കുക. രണ്ടാമത്തെ മേല്‍പ്പാലം കോട്ടയുടെ പ്രധാന കവാടത്തിന് പടിഞ്ഞാറു ഭാഗത്തുനിന്ന് അട്ടക്കുളങ്ങര സ്‌കൂളിനു സമീപത്തേക്കാണ്. ഒരുവശത്ത് രണ്ട് യന്ത്രഗോവണികള്‍ വീതം ഉണ്ടാവും. മറ്റൊന്ന് അട്ടക്കുളങ്ങര സ്‌കൂളിന് സമീപത്തുനിന്ന് ഗാന്ധി പാര്‍ക്കിലേക്കാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഈ രണ്ട് പാലങ്ങളും തമ്മില്‍ ബന്ധിപ്പിക്കും. ചാലക്കമ്പോളത്തില്‍നിന്ന് ഗാന്ധിപാര്‍ക്കിലേക്ക് എത്തുന്നവര്‍ക്ക് ഈ പാലങ്ങളിലൂടെ കോട്ടയ്ക്ക് മുന്നില്‍ ഇറങ്ങാന്‍ കഴിയും. എസ്‌കലേറ്ററുകള്‍ മാത്രമുള്ള മേല്‍പ്പാലങ്ങളാണ് നാറ്റ്പാക് നിഷ്‌കര്‍ഷിച്ചിട്ടുള്ളത്. ഗതാഗതക്കുരുക്കിനിടയില്‍ കാല്‍നടക്കാര്‍ അകപ്പെടുന്നതാണ് കിഴക്കേകോട്ടയില്‍ പതിവായ അപകടങ്ങള്‍ക്ക് കാരണമെന്നും നാറ്റ്പാക്ക് പഠനം വ്യക്തമാക്കുന്നു. അനധികൃത വാഹനപാര്‍ക്കിങ്ങും ഒഴിവാക്കണമെന്ന് റിപോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ജില്ലാ കലക്ടര്‍ അധ്യക്ഷനായ ജില്ലാ റോഡ് സേഫ്റ്റി അതോറിറ്റിക്കാണ് നാറ്റ്പാക്കിന്റെ പഠന റിപോര്‍ട്ട് സമര്‍പ്പിച്ചത്. ഫുട്പാത്തുകളുടെ നവീകരണം ഉള്‍പ്പെടെ സമഗ്രവികസന പദ്ധതിയാണ് തയ്യാറാക്കിയിട്ടുള്ളത്. സാധ്യതാപഠനം പൂര്‍ത്തിയാക്കിയ സ്ഥിതിക്ക് അന്തിമ റിപോര്‍ട്ട് സംസ്ഥാന റോഡ് സേഫ്റ്റി അതോറിറ്റി കൈമാറണം. പദ്ധതിക്കാവശ്യമായ തുക അനുവദിക്കേണ്ടത് റോഡ് സുരക്ഷാഫണ്ടില്‍ നിന്നാണ്. അതേസമയം, കാല്‍നടയാത്രക്കാര്‍ക്ക് ഉപയോഗിക്കുന്നതിനായി ഫുട്പാത്ത് ലക്ഷങ്ങള്‍ ചെലവിട്ട് ടൈല്‍ പാകിയെങ്കിലും അവ ഇപ്പോഴും യാത്രികര്‍ക്ക് അന്യമാണ്. അനധികൃത കച്ചവടത്തിനു പുറമേ ചില വ്യാപാര സ്ഥാപനങ്ങളും ഫുട്പാത്ത് കൈയേറിയിട്ടുണ്ട്. ഓപറേഷന്‍ അനന്തയുടെ ഭാഗമായി കിഴക്കേകോട്ടയിലെ ഫുട്പാത്തിലും റോഡിലുമുള്ള കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചിട്ടും ഫലമുണ്ടായിട്ടില്ലെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറയുന്നു. വഴിയോര വാണിഭക്കാര്‍ക്ക് പ്രത്യേകസ്ഥലം അനുവദിച്ചിട്ടുണ്ടെങ്കിലും യാത്രക്കാര്‍ക്ക് അസൗകര്യമുണ്ടാക്കുന്ന വിധത്തില്‍ ഫുട്പാത്തുകളിലേക്കും കച്ചവടം വ്യാപിക്കുന്നുണ്ട്. കോട്ടമതിലിനു മുന്‍വശത്തുള്ള അനധികൃത വഴിയോരവാണിഭം ഒഴിവാക്കണമെന്ന് ഗതാഗത ആസൂത്രണ സമിതിക്ക് മുന്നില്‍ നിര്‍ദേശമുണ്ടെങ്കിലും രാഷ്ട്രീയതാല്‍പ്പര്യങ്ങള്‍ക്കു വഴങ്ങി ഒഴിപ്പിക്കല്‍ മുടക്കുകയാണ്. കിഴക്കേകോട്ടയില്‍ മാത്രം കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ പതിനഞ്ചുപേരാണ് വാഹനാപകടങ്ങളില്‍ മരണപ്പെട്ടത്. ഇതില്‍ അധികവും കാല്‍നട യാത്രക്കാരായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക