|    Dec 18 Tue, 2018 12:30 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

കിഴക്കിന്റെ വെനീസിന് ഇനി കലയുടെ കസവ്

Published : 7th December 2018 | Posted By: kasim kzm

എം എം സലാം

ആലപ്പുഴ: കലയുടെ ചുവടുകള്‍ വച്ച് കൗമാരകേരളം കളംനിറഞ്ഞാടുന്ന മൂന്നു രാപകലുകള്‍ക്ക് ഇന്നു കിഴക്കിന്റെ വെനീസായ ആലപ്പുഴയില്‍ കൊടിയേറ്റം. പ്രളയക്കെടുതി ഏറ്റവുമധികം ബാധിച്ച ആലപ്പുഴയില്‍ ആര്‍ഭാടങ്ങള്‍ ഒഴിവാക്കിയാണ് 59ാമത് സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന് തുടക്കമാവുന്നത്.
ഇന്നു രാവിലെ 8.30ന് സംഘാടക സമിതി ഓഫിസ് പ്രവര്‍ത്തിക്കുന്ന ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംസ്ഥാന കലോല്‍സവ ജനറല്‍ കോ-ഓഡിനേറ്ററായ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ വി മോഹന്‍കുമാര്‍ കലോല്‍സവ പതാക ഉയര്‍ത്തുന്നതോടെ കലയുടെ മാമാങ്കത്തിന് തുടക്കമാവും. 8.45ന് ഒന്നാംവേദിയായ ലിയോ തേര്‍ട്ടീന്‍ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അങ്കണത്തില്‍ 59 കുട്ടികള്‍ ചേര്‍ന്ന് കലോല്‍സവ ദീപം തെളിക്കും. രാവിലെ ഒമ്പതിന് 30 വേദികളിലും മല്‍സരങ്ങള്‍ ആരംഭിക്കും.
പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഭക്ഷണമൊരുക്കുന്നത്. നഗരത്തിലെ ഇഎംഎസ് സ്റ്റേഡിയത്തിലാണ് ഭക്ഷണം തയ്യാറാക്കുക. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശൂര്‍ എന്നിവിടങ്ങളില്‍ നിന്നു കലോല്‍സവത്തിന്റെ ആദ്യദിനത്തില്‍ നടക്കുന്ന മല്‍സരങ്ങളില്‍ പങ്കെടുക്കുന്നതിനായി നൂറോളം വിദ്യാര്‍ഥികളടങ്ങുന്ന സംഘമാണ് ഇന്നലെ ആദ്യമെത്തിയത്. റെയില്‍വേ സ്‌റ്റേഷനിലെത്തിയ ഇവരെ സംഘാടക സമിതി പ്രതിനിധികള്‍ വരവേറ്റു.
158 ഇനങ്ങളിലായി 12,000 മല്‍സരാര്‍ഥികളാണ് ആലപ്പുഴയിലെത്തുന്നത്. ഇതോടൊപ്പം നടക്കുന്ന സംസ്‌കൃതോല്‍സവത്തിലും അറബിക് കലോല്‍സവത്തിലും ആയിരത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുക്കും. സംസ്‌കൃതോല്‍സവത്തില്‍ നാലു വേദികളിലായി 14 ഇനങ്ങളിലാണ് മല്‍സരം. 300 വിദ്യാര്‍ഥികള്‍ പങ്കെടുക്കും. 19 ഇനങ്ങളില്‍ നടക്കുന്ന അറബിക് കലോല്‍സവത്തില്‍ 500 വിദ്യാര്‍ഥികളെത്തും. ഇവയ്ക്കായി രണ്ടു വേദികളാണ് സജ്ജമാക്കിയിരിക്കുന്നത്. ഡിസംബര്‍ ഒമ്പതോടെ കലോല്‍സവത്തിന് തിരശ്ശീല വീഴും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss