|    Aug 18 Sat, 2018 12:18 am
FLASH NEWS

കിഴക്കന്‍ മേഖലയില്‍ കുടിവെള്ള ക്ഷാമം രൂക്ഷം; നാട്ടുകാര്‍ സമരവുമായി രംഗത്ത്

Published : 28th September 2017 | Posted By: fsq

 

ചിറ്റൂര്‍: കിഴക്കന്‍ മേഖലയില്‍ കുടിവെള്ളക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഉപരോധവുമായി രംഗത്ത്. എരുത്തേമ്പതി, വടകരപ്പതി പഞ്ചായത്തുകളിലെ നാട്ടുകാരാണ് മഴക്കാലത്തും കുടിവെള്ളത്തിന് സമരവുമായി രംഗത്തെത്തിയത്. എരുത്തേമ്പതി പഞ്ചായത്ത് ഓഫിസ് നാട്ടുകാര്‍ ഉപരോധിച്ചപ്പോള്‍ വടകരപ്പതിയില്‍ റോഡ് ഉപരോധിക്കുകയായിരുന്നു.എരുത്തേമ്പതി ഗ്രാമപ്പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് കൗണ്ടന്‍കളം, അയ്യമാര്‍കാലായി, രാജിവ് കോളനി  എന്നീ സ്ഥലങ്ങളില്‍ കുടിവെള്ള വിതരണമെത്തിയിട്ട് 25 ദിവസമായി. ഇതേ തുടര്‍ന്ന് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിതയുടെ നേതൃത്വത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം പഞ്ചായത്ത് പ്രസിഡന്റിനെ ഉപരോധിക്കുകയായിരുന്നു. രാവിലെ പത്തു മുതല്‍ ആരംഭിച്ച ഉപരോധം പന്ത്രണ്ട് വരെ നീണ്ടു. തുടര്‍ന്ന് പ്രതിഷേധക്കാരുമായി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പൊന്‍ രാജു ചര്‍ച്ച നടത്തി. കുന്നംകാട്ടുപതി കുടിവെള്ള പദ്ധതിയില്‍ നിന്ന് പൈപ്പ് ലൈന്‍ കണക്ട് ചെയ്ത് വൈകീട്ട് ആറുുമണിക്കുള്ളില്‍ കുടിവെള്ളമെത്തിക്കാമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തില്‍ ഉപരോധം അവസാനിപ്പിച്ചു. സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഉണ്ണികണ്ണന്‍, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ മധു, സരസ്വതി, രാധാകൃഷ്ണന്‍, യുവമോര്‍ച്ച നിയോജക മണ്ഡലം പ്രസിഡന്റ് എസ് ജ്ഞാനകുമാര്‍ നേതൃത്വം നല്‍കി.വടകരപ്പതി ഗ്രാമപ്പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ പെട്ട കിണര്‍പ്പള്ളം, മുന്‍സിഫ്ചള്ള, ബാബാജി നഗര്‍ ഉള്‍പ്പെടുന്ന 300 കുടുബക്കാര്‍ക്കാണ് കഴിഞ്ഞ മുപ്പത് ദിവസമായി കുടിവെള്ള വിതരണം മുട്ടിയത്.  ലോറി വെള്ളം നിലച്ചിട്ട് ഒരു മാസമായി. പിന്നീട് പൈപ്പ് വെള്ളമായിരുന്നു ആശ്രയം.  ഇപ്പോള്‍ ഇരുപത്തിയഞ്ച് ദിവസമായി അതും നിലച്ചിരിക്കുകയാണ്. ഇതേ ആവശ്യമുന്നയിച്ച് കഴിഞ്ഞ 24നും റോഡ് ഉപരോധിച്ചിരുന്നു. തുടര്‍ന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമായി ചര്‍ച്ച നടത്തി രണ്ടു ദിവസത്തിനകം വെള്ളമെത്തിക്കാമെന്നതിന്റെ ഉറപ്പില്‍ ഉപരോധം അവസാനിപ്പിച്ചിരുന്നു. അന്നു വൈകീട്ട് ടാങ്കര്‍ ലോറിയില്‍ വെള്ളമെത്തിച്ച് നല്‍കിയെങ്കിലും തുടര്‍ ദിവസങ്ങളില്‍ അതും നിലച്ചു. ഇതേ  തുടര്‍ന്നാണ് നാട്ടുകാര്‍ റോഡ് ഉപരോധവുമായി വീണ്ടും രംഗത്തെത്തിയത്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അവധിയിലായതിനാല്‍ വൈസ് പ്രസിഡന്റ് അനില്‍ കുമാറുമായി ചര്‍ച്ച നടത്തി. വൈകീട്ടോടെ ലോറിയില്‍ വെള്ളമെത്തിക്കാമെന്ന് ഉറപ്പ് നല്‍കിയതോടെയാണ് സമരം അവസാനിപ്പിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss