|    Apr 25 Wed, 2018 4:17 pm
FLASH NEWS
Home   >  Agriculture   >  

കിലോ 1200രൂപ വരെ, കാന്താരിമുളകിന് വിലകൂടുന്നതിന്റെ രഹസ്യമിതാ

Published : 21st September 2016 | Posted By: frfrlnz

kanthari-new

ഒരു കാലത്ത് മലയാളികള്‍ നിസ്സാരമായി കണ്ട കാന്താരിമുളക് ഇന്ന് വിദേശവിപണിയും കീഴടക്കി മുന്നേറുകയാണ്. കാന്താരി മുളകിന്റെ വില ദിനംപ്രതി കൂടികൊണ്ടിരിക്കുന്നു. ഇക്കഴിഞ്ഞ ജൂണില്‍ വില കിലോയ്ക്ക് 1200 രൂപ വരയെത്തിയത് പ്രമുഖ പത്രങ്ങളില്‍ വാര്‍ത്തയായിരുന്നു. എല്ലായിടത്തും എല്ലായ്‌പോഴും ഈ വില ലഭിക്കില്ലെങ്കിലും കിലോ 600 നും നാനൂറിനും ഇടയിലാണ് ഏതാനും വര്‍ഷമായി കാന്താരിയുടെ പ്രാദേശിക വില. ഏത് കാലാവസ്ഥയിലും കേരളത്തിലെ ഏത് മണ്ണിലും വിളയുന്ന ഈ  വിളയ്ക്ക് ഇത്രയേറെ വിലകൂടുന്നത് എന്തുകൊണ്ടാണെന്ന് ആളുകള്‍ അന്തം വിടുകയാണ്. റബറും നാളികേരവും പോലും വിലയിടിവ് നേരിടുമ്പോള്‍ കാന്താരികര്‍ഷകര്‍ ചിരിക്കുകയാണ്.
കുഞ്ഞു കാന്താരി എങ്ങിനെ വലിയ വിപണിയിലെ താരമാവൂന്നുവെന്ന് നോക്കാം.

വിദേശവിപണി :
കേരളത്തിലുള്ളതിനേക്കാള്‍ ഇന്ന് കാന്താരിക്ക് ആവശ്യക്കാര്‍ വിദേശത്താണുള്ളത്. പ്രത്യേകിച്ചും ഗള്‍ഫില്‍.ഇതിന് പുറമെ തായ്‌ലന്റ്, വിയറ്റ്‌നാം, തുടങ്ങിയ രാജ്യങ്ങളിലെ വിഭവങ്ങളിലും കാന്താരി മുളകിന് വലിയൊരു സ്ഥാനമുണ്ട്. മലയാളികള്‍ സ്വന്തമായി കണക്കാക്കി അഭിമാനിക്കുന്ന കാന്താരി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജനങ്ങളുടെ പ്രിയപ്പെട്ട രുചിയാണെന്നര്‍ഥം.
സത്യത്തില്‍ തെക്കേ അമേരിക്കയാണ് കാന്താരി മുളകിന്റെ ജന്മദേശം എന്നു കരുതുന്നവരുമുണ്ട്. നമ്മുടെ നാട്ടില്‍ വളരുന്ന ഇനത്തിന് പ്രാദേശികമായ രുചിയും മണവും മറ്റു പ്രത്യേകകളുമൊക്കെയുണ്ടാകാമെങ്കിലും.
വിയറ്റ്‌നാമിലും തായ്‌ലന്റിലും സൂപ്പ്, സോസ്, സലാഡ് എന്നിവയില്‍ മാത്രമല്ല, വറുത്തതിലും പൊരിച്ചതിലുമൊക്കെ കാന്താരി അരിഞ്ഞിടാറുണ്ട്. മീന്‍ സോസില്‍ ചേര്‍ക്കാനും ഇത് അവര്‍ക്ക് പ്രധാനമാണ്. തായ് വിഭവങ്ങള്‍ക്ക് ലോകമെങ്ങും പ്രചാരം വര്‍ധിച്ചതും കാന്താരിക്ക് രക്ഷയായി.
എരിവും വിലയും കുറഞ്ഞ മുളകുപയോഗിച്ചുണ്ടാക്കുന്ന മുളകുപൊടിക്ക്് എരിവ് പകരാന്‍ ഉപയോഗിക്കുന്ന എസന്‍സുണ്ടാക്കാനും കാന്താരി ഉപയോഗിക്കുന്നുണ്ടത്രേ. എരിവിന്റെ കാര്യത്തില്‍ ലോകത്തെ തന്നെ മുന്‍നിര താരങ്ങളിലൊന്നാണ് നമ്മുടെ കാന്താരിമുളക്.

kanthari-2
പിരിപിരിയില്‍ മായം
ആഫ്രിക്കന്‍ കാന്താരിമുളകാണ് പിരിപിരി. സോസുണ്ടാക്കാനും മറ്റും ഉപയോഗിക്കുന്ന ഇവയ്ക്ക് ആഗോളവിപണിയില്‍ നല്ല ഡിമാന്‍ഡുണ്ട്. ഇതില്‍ മായം കലര്‍ത്താനും ഇന്ത്യയില്‍ നിന്നുള്ള കാന്താരി ഉപയോഗിക്കുന്നുണ്ടെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു.

മറ്റു മുളകുകള്‍ക്ക് രുചിയില്ലാതായി
ഈയിടെയായി കടയില്‍ കിട്ടുന്ന പച്ചമുളകിന് എരിവും മണവും ഇല്ലാതായി എന്ന് ആളുകള്‍ വ്യാപകമായി പരാതി പറയുന്നുണ്ട്. ഇതില്‍ അല്‍പം വസ്തുതയുണ്ട് താനും. നാടന്‍ മുളക് കൃഷി ചെയ്യുന്നവര്‍ ഇന്ന് കുറവാണ്. ഗ്രീന്‍ഹൗസിലും മറ്റുമുള്ള ഹൈടെക് കൃഷിക്ക് യോജിച്ചത് അത്യുല്‍പാദന ശേഷിയുള്ള വിദേശ, സങ്കര (ഹൈബ്രിഡ്) മുളകിനങ്ങളാണ്. വന്‍കിട ബഹുരാഷ്ട്ര വിത്തുകമ്പനികള്‍ വികസിപ്പിച്ചെടുത്ത ഈ മുളകിനങ്ങളാണ് ഇന്ന് വിപണിയില്‍ ലഭിക്കുന്ന പച്ചമുളകില്‍ മിക്കതും. നാടന്‍ മുളകിനങ്ങളേക്കാള്‍ പതിന്‍മടങ്ങ് വിളവ് തരുമെങ്കിലും ഈ ഇനങ്ങള്‍ക്കൊന്നും കാര്യമായ എരിവോ ഗന്ധമോ രുചിയോ ഇല്ല എന്നതാണ് വാസ്തവം. ഈ മുളക് കടയില്‍ നിന്നും വാങ്ങി തോരനിലും തൈരിലും ചമ്മന്തിയിലുമൊക്കെ ചേര്‍ത്ത് കഴിച്ചിട്ടുള്ളവര്‍ക്കറിയാം കാന്താരിയുടെ പവര്‍ എന്താണെന്ന്. മലയാളികള്‍ ഓംലറ്റുണ്ടാക്കുവാനും കഞ്ഞിയുടെ കൂടെക്കഴിക്കുവാനുമൊക്കെ കാന്താരി കൂടുതലായി ഇഷ്ടപ്പെട്ടു തുടങ്ങിയത് ഈ സാഹചര്യത്തില്‍ കൂടിയാണ്. ഓംലെറ്റിലായാലും സലാഡില്‍ മുറിച്ചിടാനായാലും കാന്താരിയോളം പറ്റില്ല ഒരു മുളകുമെന്ന് മലയാളികള്‍ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു. വ്യത്യാസം ശരിക്കും മനസിലാക്കണമെങ്കില്‍ ഇന്നു തന്നെ കാന്താരി ചേര്‍ത്തൊരു ഓംലറ്റുണ്ടാക്കി കഴിച്ചുനോക്കൂ..

അച്ചാറും ഉപ്പിലിട്ടതും

kanthari-pickle
കാന്താരിക്ക് പ്രിയമേറിയതോടെ അച്ചാറുണ്ടാക്കുന്നവരും മറ്റും രംഗത്തിറങ്ങിയത് വിപണിയില്‍ വിലക്കയറ്റത്തിന് കാരണമായിട്ടുണ്ട്. ഗള്‍ഫിലേക്കും മറ്റും കയറ്റി അയക്കുന്നതിന് അച്ചാറിട്ടതും ഉപ്പിലിട്ടതുമായ കാന്താരി മുളകിന് ആവശ്യക്കാര്‍ ഏറെയാണ്.

കാന്താരിയുടെ ഗുണങ്ങള്‍
വാതരോഗം, അജീര്‍ണം, വായുക്ഷോഭം, പൊണ്ണത്തടി, പല്ലുവേദന, കൊളസ്‌ട്രോള്‍, എന്നിവ കുറയ്ക്കാന്‍ കാന്താരി ഉപയോഗപ്രദമാണെന്ന് മലയാളികള്‍ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു. ജീവകം സിയുടെ ഉറവിടമാണ് കാന്താരി.  കാന്താരിയിലെ ജീവകം സി ശ്വാസകോശരോഗങ്ങളെ ചെറുക്കുകയും പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യും. ഹൃദ്രോഗമുണ്ടാക്കുന്ന ്രൈട ഗ്ലിസറൈഡുകളുടെ അധിക ഉല്‍പ്പാദനത്തെ കാന്താരി മുളക് നിയന്ത്രിക്കും. കൊളസ്‌ട്രോള്‍ കുറയ്ക്കാനും രക്തകുഴലുകള്‍ കട്ടപിടിക്കുന്നത് തടയാനും കാന്താരിക്ക് കഴിയും. കാന്താരി മറ്റു ഔഷധങ്ങള്‍ക്ക് രാസത്വരകമായും പ്രവര്‍ത്തിക്കുന്നു. ഉമിനീരുള്‍പ്പെടെയുള്ള സ്രവങ്ങളെ ഉദ്ദീപ്പിക്കുകയും അതുവഴി ദഹനപ്രിക്രിയ സഹായിക്കുകയും ചെയ്യും. വിശപ്പ് വര്‍ധിപ്പിക്കും കൊഴുപ്പ് കുറയ്ക്കും . ഇതെല്ലാം തിരിച്ചറിഞ്ഞ് വന്‍കിട കമ്പനികള്‍ കാന്താരി മുഖ്യ ചേരുവയായുള്ള ഔഷധങ്ങളും പുറത്തിറക്കിത്തുടങ്ങി. ഇതും വിപണിയില്‍ ഡിമാന്‍ഡ് വര്‍ധിപ്പിച്ചു.

കൃഷി എളുപ്പം, വിത്തും വിളവെടുപ്പും പ്രശ്‌നം

കര്‍ഷകരെല്ലാം ആധുനിക കൃഷികളും വിളകളും തേടിപോകുമ്പോള്‍ ചെറിയ അദ്ധ്വാനം കൊണ്ട് മികച്ച വരുമാനം ഉണ്ടാക്കുന്ന കാന്താരിയെ മറക്കുകയാണ്. എങ്കിലും കാന്താരിയുടെ ഔഷധഗുണങ്ങളും വിപണിമൂല്യവും തിരിച്ചറിഞ്ഞ കുറച്ചു പേര്‍ ഈ രംഗത്തേക്ക് കടന്നു വരുന്നുണ്ട്. ഇവരുടെ അനുഭവത്തില്‍ കാന്താരികൃഷി വളരെ എളുപ്പമാണ്. എന്നാല്‍ രണ്ടു കാര്യം വളരെ പ്രയാസകരമാണ്. വിത്തു മുളപ്പിച്ചെടുക്കുകയെന്നതാണ് ആദ്യത്തെ പ്രശ്‌നം. പത്തു മുതല്‍ ഇരുപത് ദിവസം വരെയെടുത്താലേ കാന്താരി മുളക് മുളച്ചുകിട്ടൂ എന്നാണ് പലരുടെയും അനുഭവം. ഇത്രയും ദിവസം ഉറുമ്പും കീടങ്ങളുമൊന്നും ഏല്‍ക്കാതെ സംരക്ഷിക്കുകയും വേണം. ഇതിലും വലിയ പ്രശ്‌നമാണ് വിളവെടുപ്പ്. പറിച്ചെടുക്കാന്‍ ഏറെ ബുദ്ധിമുട്ടാണ്. പറിയ്ക്കാന്‍ ആളെ ഏര്‍പ്പെടുത്തുന്നത് ചെറുകിടക്കാര്‍ക്ക് നഷ്ടമുണ്ടാക്കും. രണ്ടുകിലോ മുളക് പറിച്ചെടുക്കണമെങ്കില്‍ മൂന്നുമണിക്കൂറെങ്കിലും പണിപ്പെടണമെന്നാണ്രേത സ്ഥിതി.

kanthari

More News…

വാവര്‍ മുസ്‌ലിം തന്നെ: ശശികലയെ തിരുത്തി രാഹുല്‍ ഈശ്വര്‍

മേഘസ്‌ഫോടനവും മണ്ണാങ്കട്ടയുമല്ല, പശുക്കടവിലെ ദുരന്തം ഖനനമാഫിയയുടെ സൃഷ്ടി, തുറന്നു പറയാന്‍ ധൈര്യമില്ലാതെ ഉദ്യോഗസ്ഥര്‍

അഴിമതിക്കേസ് പ്രതികള്‍ക്കായി വിജിലന്‍സ് ഓഫിസുകളിലും ലോക്കപ്പ്

ബൈക്ക് യാത്രികര്‍ക്ക് പോലിസിന്റെ മര്‍ദ്ദനം: ഫോട്ടോയെടുത്തയാളെ കസ്റ്റഡിയിലെടുത്തു

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss