|    Feb 20 Mon, 2017 3:04 pm
FLASH NEWS

കിഫ്ബി: 4,005 കോടിയുടെ പദ്ധതികള്‍ക്ക് അംഗീകാരം

Published : 8th November 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വികസനഫണ്ട് കണ്ടെത്താനായി എല്‍ഡിഎഫ് സര്‍ക്കാര്‍ രൂപീകരിച്ച കേരള അടിസ്ഥാന സൗകര്യ നിക്ഷേപനിധി (കിഫ്ബി) 4004.86 കോടി രൂപയുടെ 48 പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി. ബോര്‍ഡ് പുനസ്സംഘടിപ്പിച്ചശേഷമുള്ള ആദ്യയോഗം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നാണു പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയത്. പദ്ധതികള്‍ക്കായി 1,740.63 കോടി രൂപ ആദ്യഗഡുവായി നല്‍കും. കിഫ്ബി വെറും ദിവാസ്വപ്‌നമാണെന്ന് പറഞ്ഞവര്‍ക്ക് പ്രവൃത്തിയിലൂടെയുള്ള മറുപടിയാണിതെന്ന് ധനമന്ത്രി തോമസ് ഐസക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കിഫ്ബി പ്രഖ്യാപിച്ച് മൂന്നുമാസത്തിനകം അതിനുള്ള നിയമം നിര്‍മിച്ച് പദ്ധതികള്‍ തയ്യാറാക്കി. ആദ്യ പദ്ധതികള്‍ക്ക് അനുമതി നല്‍കിയതായും അദ്ദേഹം വിശദീകരിച്ചു. ആദ്യഘട്ട പദ്ധതികള്‍ക്കായി ജനറല്‍ ഒബ്ലിഗേഷന്‍ ബോണ്ട് വഴി 2,000 കോടി രൂപ ഈവര്‍ഷം സമാഹരിക്കും. ഇതിനായി എസ്ബിഐ ക്യാപ്‌സിനെ ചുമതലപ്പെടുത്തും. തുടര്‍ന്നുള്ള പദ്ധതികള്‍ക്ക് നബാര്‍ഡ് വഴി 4,000 കോടിരൂപ ലഭ്യമാക്കും.
ധനസമാഹരണത്തിനായി കിഫ്ബിയുടെ കീഴില്‍ ഒരു ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് മാനേജ്‌മെന്റ് കോര്‍പറേഷനു രൂപംനല്‍കും. സെബി, റിസര്‍വ് ബാങ്ക് എന്നിവയുടെ അംഗീകാരമുള്ള നൂതന ധനസമാഹരണ സംവിധാനങ്ങളായ ആള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്, ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെറ്റ് ഫണ്ട്, ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ് എന്നിവയും രൂപീകരിക്കും. കെഎസ്എഫ്ഇയുമായി സഹകരിച്ച് ധനസമാഹരണത്തിന് എന്‍ആര്‍ഐ ചിട്ടി ആരംഭിക്കാനും അതുവഴി ആദ്യവര്‍ഷം 25,000 കോടിരൂപ ടേണോവര്‍ നേടാനും ഉദ്ദേശിക്കുന്നു. അത് കെഎസ്എഫ്ഇ—ക്ക് കിഫ്ബി ബോണ്ടില്‍ നിക്ഷേപിക്കാനാവും.
ഭൂമി ഏറ്റെടുക്കലിനായി ലാന്‍ഡ് ബോണ്ടുകള്‍ പുറപ്പെടുവിക്കാനും ഉദ്ദേശിക്കുന്നു.
കേരളത്തിന്റെ വികസന ചരിത്രത്തിലെ തന്ത്രപരമായ മാറ്റമാണിതെന്ന് ധനമന്ത്രി പറഞ്ഞു. സ്വകാര്യ നിക്ഷേപം വന്‍തോതില്‍ ക്ഷണിക്കുന്ന നടപടിയാണിത്. കുടിവെള്ളത്തിനുള്ള 1257 കോടിയുടെ 23 പദ്ധതികള്‍ക്കും 611 കോടി ചെലവുവരുന്ന 16 പിഡബ്ല്യുഡി റോഡുകള്‍ക്കും 272 കോടിയുടെ മൂന്നു ഫ്‌ളൈ ഓവറുകള്‍ക്കും യോഗം അനുമതി നല്‍കി.
ഫണ്ട് കൈവശം വച്ച് പലിശ കൊടുക്കേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കുന്ന രീതിയിലാണ് ഫണ്ടുസമാഹരണം ക്രമീകരിക്കുന്നത്. പെട്രോളിയം സെസ് വഴി ലഭിക്കുന്ന 400 കോടിയും വര്‍ഷംതോറും മോട്ടോര്‍ വാഹന നികുതിയുടെ 10, 20, 30 ശതമാനം വീതവും കിഫ്ബിക്കു ലഭ്യമാക്കാന്‍ വ്യവസ്ഥചെയ്തിട്ടുള്ളതിനാല്‍ നിക്ഷേപകര്‍ക്ക് വിശ്വാസത്തോടെ മുതല്‍മുടക്കാന്‍ കഴിയും. വിഴിഞ്ഞം പദ്ധതിയുടെ രണ്ടാംഘട്ടം കിഫ്ബിയുടെ പദ്ധതിയില്‍ വരുമെന്നും ധനമന്ത്രി പറഞ്ഞു. 1740.63 കോടി രൂപ ആദ്യഗഡുവായി നല്‍കും.
വിനോദ് റായ് ഫണ്ട് ട്രസ്റ്റി ഉപദേശക കമ്മീഷന്‍ ചെയര്‍മാന്‍
തിരുവനന്തപുരം: കിഫ്ബിയുടെ ഫണ്ട് ട്രസ്റ്റി ആന്റ് അ—ഡൈ്വസറി കമ്മീഷന് രൂപംനല്‍കി. ഇന്ത്യയുടെ മുന്‍ കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ വിനോദ് റായിയാണ് അധ്യക്ഷന്‍.
റിസര്‍വ് ബാങ്ക് മുന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ ഉഷാ തൊറാട്ട്, നബാര്‍ഡിന്റെ മുന്‍ ചെയര്‍മാന്‍ പ്രകാശ് ബക്ഷി എന്നിവരാണ് അംഗങ്ങള്‍. മുന്‍ ധനകാര്യ സെക്രട്ടറി ഡോ. ഡി ബാബുപോള്‍, ജവഹര്‍ലാല്‍ നെഹ്‌റു യുനിവേഴ്‌സിറ്റി സാമ്പത്തികശാസ്ത്ര വിഭാഗം പ്രഫസര്‍ സി പി ചന്ദ്രശേഖര്‍, കൊല്‍ക്കത്ത ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് സാമ്പത്തികശാസ്ത്ര വിഭാഗം പ്രഫസര്‍ സുശീല്‍ ഖന്ന, റിസര്‍വ് ബാങ്ക് മുന്‍ റീജ്യനല്‍ ഡയറക്ടര്‍ സലിം ഗംഗാധരന്‍, സെബി മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ ജെ എന്‍ ഗുപ്ത, രാധാകൃഷ്ണന്‍ നായര്‍, നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പബ്ലിക് ഫിനാന്‍സ് & പോളിസി എമിരറ്റസ് പ്രഫസറായ സുദീപ്‌തോ മണ്ഡല്‍ എന്നിവരാണു സ്വതന്ത്രാംഗങ്ങള്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക