|    Apr 26 Thu, 2018 5:23 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

കിഫ്ബി നിയമഭേദഗതി: 50,000 കോടി രൂപ വരെ ബജറ്റിനു പുറത്ത് സമാഹരിക്കും; ഓര്‍ഡിനന്‍സിന് അംഗീകാരം

Published : 28th July 2016 | Posted By: SMR

തിരുവനന്തപുരം: കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡിന്റെ നിയമഭേദഗതി ഓര്‍ഡിനന്‍സിന് മന്ത്രിസഭയുടെ അംഗീകാരം. 50,000 കോടി രൂപവരെ ബജറ്റിന് പുറത്ത് സമാഹരിച്ചുകൊണ്ട് കേരളത്തിന്റെ സമഗ്രവികസനത്തിനായി സ്ഥലമെടുപ്പടക്കമുള്ള അടിസ്ഥാനസൗകര്യമൊരുക്കുന്നതിനു വ്യവസ്ഥചെയ്യുന്നതാണ് കിഫ്ബി. ഘടനാപരമായ മാറ്റത്തിനുള്ള ഭേദഗതി ഓര്‍ഡിനന്‍സിനാണു മന്ത്രിസഭായോഗം അംഗീകാരം നല്‍കിയിരിക്കുന്നത്.
ഓര്‍ഡിനന്‍സ് പ്രകാരം മുഖ്യമന്ത്രി ചെയര്‍മാനായിരിക്കും. ബോര്‍ഡിനു കീഴില്‍ ധനമന്ത്രി അധ്യക്ഷനായ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുമുണ്ടാവും. ബോര്‍ഡ് അംഗീകരിക്കുന്ന പദ്ധതികളുടെ നടത്തിപ്പിനും അവലോകനത്തിനുമുള്ളതാണ് ഈ സമിതി. ഇതില്‍ ബാങ്കിങ്, ധന മാനേജ്‌മെന്റ് മേഖലകളിലെ വിദഗ്ധരെ സര്‍ക്കാര്‍ നിര്‍ദേശിക്കും. 1999ല്‍ നിലവില്‍വന്ന കിഫ്ബിയുടെ ചെയര്‍മാന്‍ ചീഫ് സെക്രട്ടറിയായിരുന്നു. ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാരും രണ്ടു സാമ്പത്തികവിദഗ്ധരും അംഗങ്ങളായുള്ള ബോര്‍ഡാണ് നിലവിലുണ്ടായിരുന്നത്. വ്യവസ്ഥാപിതരീതികള്‍ പ്രകാരം റവന്യൂ രംഗത്ത് 97,000 കോടി രൂപയുടെയും മൂലധനരംഗത്ത് 9,500 കോടി രൂപയുടെയും ചെലവാണു വിഭാവനം ചെയ്യപ്പെടുന്നത്. മൂലധനച്ചെലവ് 9,500 കോടി മാത്രമാണെന്നു വന്നാല്‍ വലിയ പദ്ധതികള്‍ക്കു മുടക്കാന്‍ പണമുണ്ടാവില്ല. ഈ സാഹചര്യത്തിലാണ് ബജറ്റിനു പുറത്ത് ധനസമാഹരണം നടത്താന്‍ നിശ്ചയിച്ചത്. അഞ്ചുവര്‍ഷംകൊണ്ട് 24,000 മുതല്‍ 50,000 കോടി വരെ അടിസ്ഥാനസൗകര്യ വികസനങ്ങ ള്‍ക്കായി സമാഹരിക്കാനുള്ള പദ്ധതിയാണ് ആവിഷ്‌കരിച്ചിട്ടുള്ളത്.
വ്യവസായങ്ങള്‍ക്കായുള്ള ഭൂമി ഏറ്റെടുക്കല്‍, വന്‍ റോഡ് നിര്‍മാണം, വലിയ പാലങ്ങളുടെ നിര്‍മാണം, ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍ സ്ഥാപിക്കല്‍, ഐടി-ടൂറിസം മേഖലയുടെ വികസനം തുടങ്ങിയവയ്ക്കുള്ള അടിസ്ഥാന സൗകര്യമൊരുക്കാനുള്ള ചെലവായിരിക്കും പ്രധാനമായും കണ്ടെത്തുക. ഇതുപ്രകാരം ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം ശബരിമല റോഡ് പദ്ധതിയുടെ ഭാഗമായ അമ്പലപ്പുഴ-തിരുവല്ല റോഡിനായി 56 കോടി രൂപയുടെ പദ്ധതി അംഗീകരിച്ചു. വിവിധ വകുപ്പുകള്‍ തങ്ങളുടെ വന്‍കിട പദ്ധതികള്‍ ആവിഷ്‌കരിക്കുന്ന മുറയ്ക്ക് അതിനായി പണം അനുവദിക്കും. ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടിലേക്ക് സമാഹരിക്കപ്പെടുന്ന തുകയ്ക്ക് സര്‍ക്കാര്‍ ഗ്യാരന്റിയുണ്ടായിരിക്കും.
പെട്രോളില്‍നിന്നുള്ള ഒരു രൂപയുടെ സെസ്, മോട്ടോര്‍ വെഹിക്കിള്‍ ടാക്‌സില്‍നിന്നുള്ള 50 ശതമാനംവരെ ഉയരുന്ന ഓഹരി എന്നിവ നിയമപ്രകാരംതന്നെ ഫണ്ടിലേക്ക് ഉറപ്പാക്കിയിട്ടുണ്ട്. അനുവദിക്കുന്ന ഫണ്ട് വകമാറ്റുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനായി രൂപീകരിക്കുന്ന ഫണ്ട് ട്രസ്റ്റി അഡൈ്വസറി കമ്മീഷനില്‍ മൂന്നുമുതല്‍ അഞ്ചുവരെ പ്രഗല്‍ഭരുണ്ടാവും. എല്ലാവര്‍ഷവും ഫണ്ട് ദുരുപയോഗമുണ്ടായിട്ടില്ലെന്ന് ഈ സമിതി സര്‍ട്ടിഫൈ ചെയ്യണം. ഫണ്ടുപയോഗിക്കപ്പെടുന്നുവെന്നും ഉദ്ദേശിച്ച പദ്ധതികള്‍ക്കു തന്നെ ചെലവാക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനൊപ്പം ബാക്കിവരുന്ന തുക ക്രിയാത്മകമായി നിക്ഷേപിക്കാനും ഉദ്ദേശിച്ചുള്ളതാണ് സ്വതന്ത്ര- വിദഗ്ധതല സംവിധാനം. ദേശീയ/അന്തര്‍ദേശീയ പ്രശസ്തിയുള്ള ധനകാര്യ വിദഗ്ധരെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് രൂപീകരിക്കുന്ന ഫണ്ട് ട്രസ്റ്റി ഉപദേശക കമ്മീഷന്‍ സ്വതന്ത്ര അധികാരങ്ങളുള്ളതായിരിക്കും. കടം വാങ്ങിയ പണം ഉദ്ദേശിച്ച കാര്യങ്ങള്‍ക്കായിത്തന്നെ ഉപയോഗിച്ചെന്ന് ഉറപ്പുവരുത്താന്‍ ഈ കമ്മീഷന് അധികാരമുണ്ടാവും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss