കിഫ്ബിയുടെ 1262 കോടി സ്വകാര്യ ബാങ്കുകളില്‍ നിക്ഷേപിച്ചതിലെ ഇരട്ടത്താപ്പ് വിശദീകരിക്കണം
Published : 1st April 2018 | Posted By: kasim kzm
തിരുവനന്തപുരം: സിപിഎം എന്നും എതിര്‍ത്തു പോന്നിട്ടുള്ള പുതുതലമുറ സ്വകാര്യ ബാങ്കുകളില്‍ കിഫ്ബി ഫണ്ടില്‍ നിന്ന് 1262 കോടി രൂപ സംസ്ഥാനത്തെ ഇടതു സര്‍ക്കാര്‍ നിക്ഷേപിച്ചതില്‍ കേരളത്തിലെ പാര്‍ട്ടി ഘടകം സ്വീകരിച്ച ഇരട്ടത്താപ്പിനെക്കുറിച്ച് വിശദീകരിക്കണമെന്ന് രമേശ് ചെന്നിത്തല.
ഈ ആവശ്യമുന്നയിച്ച് ചെന്നിത്തല സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തയച്ചു. ഇതിനെപ്പറ്റി പാര്‍ട്ടി തലത്തില്‍ അന്വേഷണം നടത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പൊതുപണം സ്വകാര്യ ബാങ്കുകളില്‍ എത്തിക്കുന്നതിനെയും സ്വകാര്യ ബാങ്കുകളെ ശക്തിപ്പെടുത്തുന്നതിനെയും ശക്തിയുക്തം എതിര്‍ക്കുന്ന പാര്‍ട്ടിയാണ് സിപിഎം. പാര്‍ട്ടി കോണ്‍ഗ്രസ്സുകളിലെ പ്രമേയങ്ങളിലും പ്രസ്താവനകളിലും ഈ നിലപാട് പാര്‍ട്ടി ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. 2012ലെ ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച പ്രമേയത്തില്‍ പൊതു ജനങ്ങളുടെ പണം സ്വകാര്യ സാമ്പത്തിക മേഖലയിലേക്ക് വഴി തിരിച്ചു വിടുന്നതിനെ നഖശിഖാന്തം എതിര്‍ക്കുകയാണ് സിപിഎം ചെയ്തിട്ടുള്ളത്. 2011ല്‍ സ്വകാര്യ മേഖലയില്‍ പുതിയ ബാങ്കുകള്‍ക്ക് ലൈസന്‍സ് അനുവദിക്കാനുള്ള റിസര്‍വ് ബാങ്കിന്റെ നീക്കത്തെയും സിപിഎം ശക്തിയായി എതിര്‍ത്തിട്ടുണ്ട്.
അങ്ങനെയുള്ള സിപിഎമ്മിന്റെ കേരള ഘടകമാണ് ഇപ്പോള്‍ പൊതുപണം ഐ സിഐസിഐ, ഇന്‍ഡസ്, കോട്ടക് മഹീന്ദ്ര, യെസ് ബാങ്ക് എന്നീ പുതു തലമുറ ബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്നത്. അത് തന്നെ ഒരേ ദിവസം പല ബാങ്കുകളില്‍ പല നിരക്കില്‍ പലിശയ്ക്കും നിക്ഷേപിച്ചിട്ടുണ്ട്. കോടിക്കണക്കിന് രൂപയുടെ പൊതുപണം ഇങ്ങനെ ന്യൂ ജനറേഷന് ബാങ്കുകളില്‍ യാതൊരു തത്വദീക്ഷയുമില്ലാതെ നിക്ഷേപിച്ചതിനെക്കുറിച്ച് യെച്ചൂരിക്ക് എന്താണ് പറയാനുള്ളതെന്ന് രമേശ് ചെന്നിത്തല കത്തിലൂടെ ചോദിച്ചു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.