|    Jul 21 Fri, 2017 10:22 am
FLASH NEWS

കിന്‍ഫ്ര പാര്‍ക്കില്‍ അഡ്വാന്‍സ്ഡ് ടെക്‌നോളജി സെന്റര്‍

Published : 1st August 2016 | Posted By: SMR

മട്ടന്നൂര്‍: വെള്ളിയാംപറമ്പിലെ കിന്‍ഫ്ര വ്യവസായ പാര്‍ക്കില്‍ 300 കോടി ചെലവില്‍ കേന്ദ്ര ചെറുകിട വ്യവസായ മന്ത്രാലയം അഡ്വാന്‍സ്ഡ് ടെക്‌നോളജി സെന്റര്‍ സ്ഥാപിക്കുന്നു. കിന്‍ഫ്രയുടെ ഉടമസ്ഥതയിലുള്ള 25 ഏക്കര്‍ സ്ഥലം ഇതിനായി വിട്ടുകൊടുക്കും.  സ്ഥലം വിട്ടുകൊടുക്കുന്നതിന്റെ മുന്നോടിയായി വ്യവസായമന്ത്രി ഇ പി ജയരാജന്‍, കിന്‍ഫ്ര എംഡി ഡോ.  എം ബീന, മാനേജര്‍ കെ സുധാകരന്‍, കേന്ദ്ര ചെറുകിട വ്യവസായ മന്ത്രാലയം അഡ്വാന്‍സ്ഡ് ടെക്‌നോളജി സെന്റര്‍ ഡയറക്ടര്‍ പി വി വേലായുധന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. മാനേജ്‌മെന്റ് ട്രെയിനിങ്, ഇന്റര്‍നാഷനല്‍ ട്രെയിനിങ്, പുതിയ വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനുള്ള പരിശീലനം, തൊഴില്‍ സംരംഭകര്‍ക്ക് പരിശീലനവും നിര്‍ദേശവും നല്‍കുക തുടങ്ങിയവയാണ് സെന്ററിന്റെ ലക്ഷ്യം.
കേന്ദ്രത്തില്‍ ആധുനിക തൊഴില്‍ പരിശീലനകേന്ദ്രം സ്ഥാപിച്ച് പരിശീലനം നല്‍കിയാല്‍ കണ്ണൂര്‍ ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ പുതിയ വ്യവസായസംരംഭങ്ങള്‍ ആരംഭിക്കാനാവും. കൈമാറാനുദ്ദേശിക്കുന്ന സ്ഥലത്തിന്റെ പ്ലാന്‍ പരിശോധിച്ച ശേഷം മന്ത്രി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. നടപടികള്‍ പൂര്‍ത്തീകരിച്ച് കേന്ദ്രചെറുകിട വ്യവസായ മന്ത്രാലയത്തിന് ഉടന്‍ സ്ഥലം കൈമാറും.
കിന്‍ഫ്ര ഉദ്യോഗസ്ഥരായ കെ വി ഗംഗാധരന്‍, പി മുരളീധരന്‍, കെ എന്‍ ശ്രീകുമാര്‍, കീഴല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം രാജന്‍ എന്നിവരും മന്ത്രിതല സംഘത്തോടൊപ്പമുണ്ടായിരുന്നു. കണ്ണൂരിന്റെ വ്യാവസായിക പ്രതീക്ഷയായ കിന്‍ഫ്ര പാര്‍ക്ക് കീഴല്ലൂര്‍ പഞ്ചായത്തില്‍ മട്ടന്നൂര്‍ പഴശ്ശിരാജ എന്‍എസ്എസ് കോളജിന് സമീപത്താണ് യാഥാര്‍ഥ്യമാവുന്നത്. 55 കോടി രൂപ ചെലവിട്ട് ഇതിനകം 130 ഏക്കര്‍ സ്ഥലം ഏറ്റെടുത്തു.
രണ്ടാംഘട്ടത്തില്‍ 60 ഏക്കര്‍ സ്ഥലം ഏറ്റെടുക്കാനുള്ള നിര്‍ദേശം കിന്‍ഫ്ര സംസ്ഥാനസര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് പാര്‍ക്കുള്‍പ്പെടെ വിവിധ സംരംഭങ്ങളാണ് വെളളിയാംപറമ്പില്‍ ആരംഭിക്കുക.  കണ്ണൂര്‍ വിമാനത്താവളത്തിന് തൊട്ടടുത്തുള്ള സ്ഥലമായതിനാല്‍ കയറ്റുമതി ലക്ഷ്യമിട്ടുള്ള ആധുനിക സംരംഭങ്ങള്‍ ഇവിടെ ആരംഭിക്കാനാവും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക