|    Nov 18 Sun, 2018 3:37 pm
FLASH NEWS

കിണറുകളുടെ ശുചീകരണം: യൂനിസെഫ് സഹകരണത്തോടെ കര്‍മപദ്ധതി

Published : 31st August 2018 | Posted By: kasim kzm

തൃശൂര്‍: പ്രളയത്തില്‍ മലിനമായ ജില്ലയിലെ കിണറുകളുടെ സമഗ്ര ശുചീകരണത്തിന് യുണീസെഫ് സഹകരണത്തോടെ കര്‍മപദ്ധതി. മുന്‍ തൃശൂര്‍ ജില്ലാ കലക്ടര്‍ വി കെ ബേബി അധ്യക്ഷത വഹിക്കുന്ന വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തിലാണ് കര്‍മ പദ്ധതി തയ്യാറാക്കുന്നത്. ജില്ലാ കലക്ടര്‍ ടി വി അനുപമയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം.
യുണീസെഫ് വാഷ് വിഭാഗം വിദഗ്ധന്‍ ഡോ. ആനന്ദ്, നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്‍ സംസ്ഥാന കോ-ഓഡിനേറ്റര്‍ ഡോ. ശ്രീഹരി, കേരള വാട്ടര്‍ അതോറിറ്റി മുന്‍ എന്‍ജിനീയര്‍ രതീഷ് എന്നിവരാണ് വിദഗ്ധധസംഘത്തിലുള്ള മറ്റ് അംഗങ്ങള്‍. ക്ലോറിനേഷനുശേഷവും പ്രളയബാധിത മേഖലകളിലെ പല കിണറുകളിലേയും വെള്ളത്തില്‍ ബാക്ടീരിയ സാന്നിധ്യവുമുണ്ടെന്ന് റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.
ജില്ലയില്‍ പ്രളയം രൂക്ഷമായി ബാധിച്ച് 46 പഞ്ചായത്തുകളിലെ കിണറുകളുടെ സമഗ്ര ശുചീകരണമാണ് കര്‍മപദ്ധതി ലക്ഷ്യമിടുന്നത്. ആദ്യഘട്ട ശുചീകരണത്തിനുശേഷവും ജില്ലയിലെ 16 പഞ്ചായത്തുകളില്‍ കിണറുകള്‍ പൂര്‍ണമായും ശുചീകരിക്കപ്പെടാത്ത സാഹര്യത്തിലാണ് കര്‍മപദ്ധതിക്ക് രൂപം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഗ്രാമപ്പഞ്ചായത്തുകള്‍, നഗസഭകള്‍, കോര്‍പറേഷന്‍ എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കിണര്‍ ശുചീകരണം, ജലവിതരണ സംവിധാനങ്ങളുടെ ശുചീകരണം, ഉപഭോക്തൃതല ശുചീകരണം എന്നീ മൂന്നുതലങ്ങളിലായാണ് പദ്ധതി നിര്‍വഹണം നടത്തുക. ജില്ലാതലത്തില്‍ കലക്ടറും തദ്ദേശഭരണതലത്തില്‍ സ്ഥാപനമേധാവികളുമാണ് പദ്ധതി നടത്തിപ്പിന് നേതൃത്വം നല്‍കുക.
പൂര്‍ണമായും വെള്ളപ്പൊക്കം ബാധിച്ചവ, ഭാഗികമായി ബാധിച്ചവ, മുഴുവനായും മുങ്ങിപ്പോയവ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായി തിരിച്ചാണ് കിണറുകള്‍ ശുചീകരിക്കുക. ഇതിനായി തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ 4 മുതല്‍ 5 വരെ അംഗങ്ങളുള്ള കര്‍മസേനയ്്ക്ക് രൂപം നല്‍കും. ജില്ലാതലത്തില്‍ പ്രതേൃക പരിശീലനം ലഭിച്ച സന്നദ്ധപ്രവര്‍ത്തകരും ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരും ഇതില്‍ അംഗങ്ങളായിരിക്കും.
വാര്‍ഡുതലത്തില്‍ പ്രളയം ബാധിച്ച കിണറുകള്‍ തിരിച്ചറിയുകയും ഈ കിണറുകളുടെ അവസ്ഥ മനസിലാക്കാനായി വീട്ടുകാര്‍ക്കായി 10 ചോദ്യങ്ങളടങ്ങിയ ചോദ്യാവലി തയ്യാറാക്കലാണ് കര്‍മപദ്ധതിയുടെ ആദ്യപടിയെന്ന് വിദഗ്ധ സംഘം അധ്യക്ഷന്‍ പി ജെ ബേബി പറഞ്ഞു.
വീടുകളില്‍ സന്ദര്‍ശനം നടത്തുന്ന കര്‍മസേന കിണറുകളിലെ ചെളിയുടെയും മാലിന്യത്തിന്റെയും അളവ് പരിശോധിക്കാനുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ച് തല്‍സമയം തന്നെ വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കും. കര്‍മ്മപദ്ധതിയുടെ അടിസ്ഥാനത്തില്‍ രണ്ടുദിവസത്തിനുള്ളില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഓരോവീട്ടിലും 3 തവണ കര്‍മസേന സന്ദര്‍ശനം നടത്തി വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തും. കിണര്‍ ശുചീകരണവുമായി ബന്ധപ്പെട്ടും ജല ഉപയോഗവുമായി ബന്ധപ്പെട്ടും എഴുതി തയ്യാറാക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ വീടുകളില്‍ നല്‍കാനും 10 മുതല്‍ 12 ദിവസങ്ങള്‍ക്കുള്ളില്‍ കിണര്‍ ശുചീകരണ യജ്ഞം പൂര്‍ത്തിയാക്കാനും അവലോകന യോഗം തീരുമാനിച്ചു. യുണീസെഫിന്റെ സാങ്കേതിക സഹായത്തോടൊപ്പം നാഗ്പൂര്‍ ആസ്ഥാനമായുള്ള നാഷണല്‍ എന്‍വിറോണ്‍മെന്‍്‌റല്‍ എന്‍ജിനീയറിങ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ വിദഗ്ധരും ശുചീകരണപ്രവര്‍ത്തനങ്ങളില്‍ സഹായിക്കാനായി ജില്ലയില്‍ എത്തും. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെപി രാധാകൃഷ്ണന്‍, സബ്ബ് കലക്ടര്‍ ഡോ. രേണുരാജ്, തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികള്‍, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss