|    Apr 28 Fri, 2017 12:15 am
FLASH NEWS

കിണറുകളിലെ ജലനിരപ്പ് റെക്കോഡ് താഴ്ചയില്‍

Published : 20th March 2017 | Posted By: fsq

 

ശ്രീജിഷ  പ്രസന്നന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ കിണറുകള്‍ വറ്റിവരളുന്നതായി ഭൂജല വകുപ്പിന്റെ പഠന റിപോര്‍ട്ട്. വരള്‍ച്ച രൂക്ഷമായതോടെ കിണറുകളിലെ ജലവിതാനം അസാധാരണമാംവിധം കുറയുന്നതായാണ് റിപോര്‍ട്ട് വ്യക്തമാക്കുന്നത്. ഭൂജല വകുപ്പിന്റെ നിരീക്ഷണ കിണറുകളില്‍നിന്ന് ശേഖരിച്ച റിപോര്‍ട്ട് പ്രകാരം കഴിഞ്ഞ 10 വര്‍ഷത്തിനിടെ കിണര്‍ജലം ഏറ്റവും കുറഞ്ഞത് 2017 ഫെബ്രുവരിയിലാണ്. വരള്‍ച്ച രൂക്ഷമായാല്‍ വരുംദിവസങ്ങളില്‍ ജലവിതാനത്തില്‍ കാര്യമായ കുറവുണ്ടാവുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പുമുണ്ട്. കൃഷി, വ്യവസായം, കുടിവെള്ളം എന്നിങ്ങനെ വിവിധ ആവശ്യങ്ങള്‍ വര്‍ധിച്ചതും കടുത്ത വരള്‍ച്ചയുമാണ് ജലവിതാനം കുറയാനുള്ള പ്രധാന കാരണങ്ങളായി കണക്കാക്കുന്നത്. കഴിഞ്ഞവര്‍ഷം മഴയുടെ കുറവുമൂലം ഭൂജലവിതാനത്തില്‍ കാര്യമായ കുറവ് രേഖപ്പെടുത്തിയിരുന്നു. ഫെബ്രുവരിയില്‍ സംസ്ഥാനത്തൊട്ടാകെ രേഖപ്പെടുത്തിയ ശരാശരി കിണര്‍ ജലനിരപ്പ് 6.39 മീറ്ററാണ്. ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ആലപ്പുഴ ജില്ലയിലാണ്. 3.62 മീറ്ററാണ് ആലപ്പുഴയില്‍ രേഖപ്പെടുത്തിയത്. ഏറ്റവും കൂടുതല്‍ ജലനിരപ്പുള്ളത് കാസര്‍കോട് ജില്ലയിലെ കിണറുകളിലാണ്. 9.52 മീറ്ററാണ് ഇവിടത്തെ ജലനിരപ്പ്. തിരുവനന്തപുരം- 8.23, കൊല്ലം- 6.49, പത്തനംതിട്ട- 4.52, കോട്ടയം- 5.99, ഇടുക്കി- 4.71, എറണാകുളം- 4.99, തൃശൂര്‍- 5.49, മലപ്പുറം- 7.33, പാലക്കാട്- 6.66, കോഴിക്കോട്- 6.77, വയനാട്- 7.04, കണ്ണൂര്‍- 7.78 മീറ്റര്‍ എന്നിങ്ങനെയാണ് മറ്റു ജില്ലകളില്‍ ഫെബ്രുവരി മാസം രേഖപ്പെടുത്തിയ ജലവിതാനത്തിന്റെ അളവെന്നും പഠന റിപോര്‍ട്ടിലുണ്ട്. 2016ല്‍ 5.27 മീറ്റര്‍, 2015ല്‍ 4.5 മീറ്റര്‍, 2014ല്‍ 5.05 മീറ്റര്‍, 2013ല്‍ 5.16 മീറ്റര്‍, 2012ല്‍ 5.29 മീറ്റര്‍ എന്നിങ്ങനെയാണ് മുന്‍വര്‍ഷങ്ങളിലെ സംസ്ഥാനത്തെ ശരാശരി ജലനിരപ്പ്. നിലവില്‍ വന്‍തോതില്‍ ജലചൂഷണം നടക്കുന്നുണ്ടെന്നും ഭൂജലവകുപ്പിന്റെ റിപോര്‍ട്ടിലുണ്ട്. ഡൈനാമിക് ഗ്രൗണ്ട് വാട്ടര്‍ റിസോഴ്‌സസ് ഓഫ് കേരള 2013ല്‍ പുറത്തുവിട്ട കണക്കുകള്‍പ്രകാരം 2634.91 മില്യണ്‍ ക്യുബിക് മീറ്റര്‍ (എംസിഎം) ഭൂജലമാണ് സംസ്ഥാനത്തു നിലവിലുള്ളത്. ഇതില്‍ 1453.14 എംസിഎം വീട്ടാവശ്യത്തിനും വ്യാവസായിക ആവശ്യത്തിനുമായി വേണ്ടിവരും. 1181.77 എംസിഎം ജലം കൃഷിയാവശ്യത്തിന് വേണ്ടിവരുമെന്നുമാണ് കണക്കാക്കുന്നത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day