|    Jan 22 Sun, 2017 9:22 am
FLASH NEWS

കിണറില്‍ വീണ് മരിച്ച യുവതിക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

Published : 5th May 2016 | Posted By: SMR

ആലുവ: കാല്‍വഴുതി കിണറ്റില്‍ വീണുമരിച്ച യുവതിക്ക് മാറമ്പള്ളി ഗ്രാമം കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി നല്‍കി. പോസ്റ്റ്മാര്‍ട്ടം നടന്ന ആലുവ ജില്ലാ ആശുപത്രിയിലും മാറമ്പള്ളിയിലെ വസതിയിലും ആയിരങ്ങളാണ് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത്.
മാറമ്പിള്ളി അണ്ടികമ്പനിക്ക് സമീപം തുരുത്തിക്കാട്ട്(പാണാവള്ളി) അഷറഫിന്റെ ഭാര്യ ബുഷറ(40)യാണ് ചൊവ്വാഴ്ച്ച വൈകീട്ട് മരിച്ചത്.
12. 50ഓടെ വീട്ടിലെത്തിച്ച മൃതദേഹം ഒന്നരയോടെ സംസ്‌കാരത്തിനായി മാറമ്പിള്ളി ജുമാമസ്ജിദ് കബര്‍സ്ഥാനിലേക്ക് കൊണ്ടുപോയി. മൃതദേഹം കബര്‍സ്ഥാനിലേക്ക് കൊണ്ടുപോവുമ്പോഴും അന്തിമോപചാരം അര്‍പ്പിക്കാന്‍ ആളുകള്‍ വന്നുകൊണ്ടിരിക്കുകയായിരുന്നു. മാറമ്പിള്ളി ഗ്രാമവാസികള്‍ക്ക് പുറമെ പോഞ്ഞാശ്ശേരിയിലെ ബുഷറയുടെ ബന്ധുക്കളും നാട്ടുകാരും വാഴക്കുളം ഗവ. ഹൈസ്‌കൂളിലെ പഴയ സഹപാഠികളുമെല്ലാം അന്ത്യാഞ്ജലിയര്‍പ്പിക്കാനെത്തി.
ചൊവ്വാഴ്ച്ച വൈകീട്ട് ആറുവരെ മാറമ്പിള്ളി ഇലക്ട്രിക്കല്‍ സെക്ഷനില്‍ വൈദ്യുതി മുടക്കമായിരുന്നു.
വൈകീട്ട് വൈദ്യുതിയെത്തിയപ്പോള്‍ കുടിവെള്ളം ശേഖരിക്കാന്‍ മോട്ടര്‍ അടിച്ചിട്ടും വെള്ളം വന്നില്ല. ഇതേതുടര്‍ന്ന് കിണറില്‍ നിന്നും ഫുട്‌വാല്‍വ് കരയിലേക്ക് ഉയര്‍ത്തുന്നതിനിടെ ബുഷറ കാല്‍വഴുതി കിണറിലേക്ക് വീഴുകയായിരുന്നു. കിണറിന്റെ ഭിത്തയില്‍ തലയടിച്ചാണ് വീണത്. ഈ സമയം വീട്ടിലുണ്ടായിരുന്ന ഭര്‍തൃമാതാവ് ബഹളം വച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും ആഴം കൂടുതലായതിനാല്‍ കിണറിലേക്ക് ഇറങ്ങാനായില്ല.
പിന്നീട് വലിയ വടം കൊണ്ടുവന്ന ശേഷം കിണറിലിറങ്ങിയവര്‍ യുവതിയെ വെള്ളത്തില്‍ നിന്നും ഉയര്‍ത്തിപ്പിടിച്ച് നിന്നെങ്കിലും കരയിലേക്ക് കയറ്റാനായില്ല. ഫയര്‍ഫോഴ്‌സ് എത്തി കരയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
ബുഷറ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം നേടിയ തെക്കേ വാഴക്കുളം ഗവ. സ്‌കൂളിലെ സമാനബാച്ചുകാര്‍ കഴിഞ്ഞ ശനിയാഴ്ച്ച ‘മിത്രസംഗമം’ എന്ന പേരില്‍ ഒത്തുകൂടിയിരുന്നു. 25 വര്‍ഷത്തിന് ശേഷം നടന്ന സംഗമത്തില്‍ ബുഷറയും പങ്കെടുത്തിരുന്നു. കാല്‍നൂറ്റാണ്ടിന് ശേഷം കണ്ടുമുട്ടി, ഓര്‍മ്മകള്‍ പങ്കുവച്ച് പിരിഞ്ഞ ബുഷറക്കുണ്ടായ ദുരന്തം പഴയ സഹപാഠികളെയും ഏറെ ദു:ഖത്തിലാഴ്ത്തി.
ജനപ്രതിനിധികള്‍, പൊതുപ്രവര്‍ത്തകര്‍ എന്നിങ്ങനെ സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.
വിദേശത്തായിരുന്ന ബുഷറയുടെ ഭര്‍ത്താവ് അഷറഫ് സംഭവമറിഞ്ഞ് ഇന്നലെ രാവിലെ പത്തോടെയാണ് വീട്ടിലെത്തിയത്. മക്കള്‍: ഷിഫാന, റെമീസ്. മരുമകന്‍ മുഹമ്മദ് ഫെബിന്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 66 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക