|    Sep 24 Mon, 2018 11:38 am

കിണര്‍ റീചാര്‍ജിങ് വിപ്ലവത്തിനൊരുങ്ങി മാറഞ്ചേരിയിലെ തൊഴിലുറപ്പ് തൊഴിലാളികള്‍

Published : 10th January 2017 | Posted By: fsq

 

പൊന്നാനി: തൊഴിലുറപ്പ് തൊഴിലാളികളുടെ കായികക്ഷമതയെ ഒരു നാടിന്റെ ആസ്തിവികസനത്തിനും ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കും ക്രിയാത്മകമായി എങ്ങിനെ ഉപയോഗപ്പെടുത്താമെന്നതിനു മാതൃകാ പ്രവര്‍ത്തനങ്ങള്‍ നടത്തി ദേശീയ ശ്രദ്ധവരെ നേടിയ മാറഞ്ചേരിയില്‍, വരാനിരിക്കുന്ന കടുത്ത വേനലിനേയും ജലക്ഷാമത്തേയും നേരിടാന്‍ കിണര്‍ റീച്ചാര്‍ജിങ് പിറ്റ് വിപ്ലവത്തിനൊരുങ്ങി തൊഴിലുറപ്പ് തൊഴിലാളികള്‍. പഞ്ചായത്തിലെ 19 വാര്‍ഡുകളിലെയും സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍, അങ്കണവാടികള്‍ തുടങ്ങി അമ്പതോളം പൊതു ഇടങ്ങളിലെ കിണറുകള്‍ക്കു സമീപം റീചാര്‍ജിങ് പിറ്റുകള്‍ നിര്‍മിക്കുന്ന പ്രവര്‍ത്തികള്‍ക്കാണ് പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ തയ്യാറെടുക്കുന്നത്. ഒന്നര മീറ്റര്‍ നീളവും ഒന്നര മീറ്റര്‍ വീതിയും ഒന്നരമീറ്റര്‍ ആഴവുമുള്ള റീച്ചാര്‍ജിങ് പിറ്റുകളാണ് ഇതിന് വേണ്ടി ഒരുക്കുക. പിറ്റില്‍ കരി, മെറ്റല്‍, മണല്‍, ക്വാറിപ്പൊടി എന്നിവ നിശ്ചിത അനുപാതത്തില്‍ വിരിച്ച് ഫില്‍റ്ററിങ് സംവിധാനവും ഒരുക്കും.ശേഷം സമീപത്തുള്ള കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ പെയ്യുന്ന മഴവെള്ളം പ്രത്യേക പൈപ്പ് സംവിധാനം വഴി കുഴിയില്‍ ശേഖരിക്കുകയും കരിമണല്‍ ബേബീമെറ്റല്‍ ക്വാറിപ്പൊടി എന്നിവ വിരിച്ച് തയ്യാറാക്കിയ ഫില്‍റ്ററിങ ്‌സംവിധാനത്തിലൂടെ അരിച്ച് ശുദ്ധമാക്കപ്പെടുന്ന മഴവെള്ളം സമീപത്തുള്ള കിണറിലേയ്ക്ക് ഭൂമിക്കടിയിലൂടെ ഉറവയായി തിരച്ചിറക്കുന്നതാണ് പദ്ധതിയുടെ പൂര്‍ണരൂപം. പദ്ധതിയുടെ ഭാഗമായുള്ള ആദ്യ റീച്ചാര്‍ജിങ് പിറ്റിന്റെ നിര്‍മാണോദ്ഘാടനം ഈ മാസം എട്ടിന്് തുറുവാണം കുന്നിലെ പൊതുകിണറ്റില്‍ പെരുമ്പടപ്പ് ബ്ലോക്ക് പ്രസിഡന്റ് ആറ്റുണ്ണിതങ്ങള്‍ നിര്‍വഹിച്ചിരുന്നു.പൊതുയിടങ്ങളിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായാല്‍ രണ്ടാം ഘട്ടമായി അപേക്ഷ നല്‍കുന്ന സ്വകാര്യവ്യക്തികളുടെ കിണറുകളിലേയ്്ക്കു കൂടി ഇത് വ്യാപിപ്പിക്കും. പഞ്ചായത്തില്‍ ഇത്തരത്തില്‍ മാര്‍ച്ച് മാസത്തിനു മുമ്പ് ചുരുങ്ങിയത് 250 റീച്ചാര്‍ജിങ് പിറ്റുകളെങ്കിലും നിര്‍മിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. അതിനായി 20ലക്ഷം രൂപ ഇതിനോടകം വകയിരുത്തിയിട്ടുണ്ട് എന്‍ആര്‍ഇജിഎസ് അക്രഡിറ്റഡ് എന്‍ജിനീയര്‍ ശ്രീജിത്ത് വേളയാതിക്കോട് പറഞ്ഞു.2016-17 വര്‍ഷത്തില്‍ ഉള്‍പ്പെടുത്തി സ്വകാര്യവ്യക്തികളുടെ പുരയിടത്തില്‍ പുതിയ 10 കുളങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനവും ക്ഷീരവികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തൊഴുത്തു നിര്‍മാണവും കഴിഞ്ഞ  വര്‍ഷങ്ങളില്‍ നവീകരണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ച തോടുകള്‍ക്കരികില്‍ കയര്‍ ഭൂവസ്ത്രം വിരിച്ചും ജൈവവേലി ഒരുക്കിയുമുള്ള തീരസംരക്ഷണ പ്രവര്‍ത്തനങ്ങളും ഉടന്‍ ആരംഭിക്കുമെന്നും എന്‍ജിനീയര്‍ ശ്രീജിത്ത് തേജസിനോട് പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss