|    Nov 14 Wed, 2018 10:09 am
FLASH NEWS

കിഡ്‌നി വെല്‍െഫയര്‍ സൊസൈറ്റി ഒഴിപ്പിക്കാനുള്ള നീക്കം വിവാദമായി

Published : 2nd June 2017 | Posted By: fsq

 

തൊടുപുഴ: വടക്കുംമുറിയില്‍ കിഡ്‌നി രോഗികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സൊസൈറ്റിയുടെ ഓഫിസ് ഒഴിപ്പിക്കാന്‍  ബ്ലോക്ക് പഞ്ചായത്തിന്റെ  നീക്കം ആക്ഷേപത്തിനിടയാക്കുന്നു.ഇതിനെതിരെ രോഗികളും അവരുടെ ബന്ധുക്കളും ചാരിറ്റി പ്രവര്‍ത്തകരും രംഗത്തെത്തി.കോടതി ഉത്തരവുണ്ടെങ്കില്‍  മാത്രം ഒഴിപ്പിക്കുകയുള്ളൂവെന്നു  പോലിസ് നിലപാടെടുത്തതോടെ ബ്ലോക്കിന്റെ നീക്കം മന്ദഗതിയിലായി. കഴിഞ്ഞ ദിവസം  രോഗികളെ ബലപ്രയോഗത്തിലൂടെ ബ്ലോക്ക് പഞ്ചായത്ത് ഓഫിസില്‍ നിന്നും ഒഴിപ്പിച്ചതു വിവാദമായിരുന്നു. തുടര്‍ന്നു പോലിസ് ഇന്നലെ ശക്തമായ എതിര്‍ നിലപാട് സ്വീകരിച്ചതോടെ ഒഴിപ്പിക്കാന്‍ കഴിയാതെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും സംഘവും പിന്മാറുകയായിരുന്നു. എന്തുവന്നാലും ബലപ്രയോഗത്തിലൂടെ ഒഴിപ്പിക്കുമെന്ന നിലപാടിലാണ് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി.  ഓഫിസ് ഒഴിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടു  കിഡ്‌നി രോഗികളാണ് കോലാനിയിലുള്ള ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലെത്തിയത്. ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ നിലപാടിലുള്ള എതിര്‍പ്പ് പ്രകടിപ്പിക്കാനണ് രോഗികള്‍ സത്യാഗ്രഹം നടത്തിയത്. ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കരുതെന്ന അപേക്ഷയുമായാണ് കിഡ്‌നി രോഗികള്‍ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയെ കാണാനെത്തിയത്. സിപിഎം നേതൃത്വം നല്‍കുന്ന ഭരണസമിതി രാഷ്ട്രീയ ലാഭം നോക്കി ഈ രോഗികളെ നിലവില്‍ അവര്‍ക്ക് സഹായം നല്‍കുന്ന സൊസൈറ്റിയുടെ ഓഫിസ് ഒഴിവാക്കി നടുറോഡില്‍ ഇറക്കിവിടാനാണ് ശ്രമിക്കുന്നത്. ജനമൈത്രി പോലിസിന്റെ പേര് പറഞ്ഞ് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്ന് അവകാശപ്പെടുന്ന പോലീസ് സംഘം തന്നെ ഈ പാവം രോഗികളോട് കാണിച്ചത് ക്രൂരതയാണെന്ന് അഭിപ്രായം രാഷ്ട്രീയ വ്യത്യാസമില്ലാതെ ഉയര്‍ന്നിട്ടുണ്ട്. കിഡ്‌നി രോഗികള്‍ ഉള്‍പ്പെടെയുള്ള രോഗികളെ സഹായിക്കുകയും രോഗികളുടെ ആശ്രിതരെ സാമ്പത്തികമായി സഹായിച്ചു കൊണ്ടിരുന്ന ചാരിറ്റി സംഘടനയെ തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തില്‍ നിന്നും പുറത്താക്കാനുള്ള നീക്കത്തിനെതിരേ രോഗികള്‍ രംഗത്ത് വന്നത്, ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തില്‍ നിന്നും ഒഴിയണമെന്നു വടക്കുംമുറിയിലുള്ള  കിഡ്‌നി  പേഷ്യന്റ്‌സ്  വെല്‍ഫയര്‍ സൊസൈറ്റി ഭാരവാഹികള്‍ക്കു  ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി  നോട്ടീസ് നല്‍കിയ സാഹചര്യത്തിലാണ് രോഗികളുടെ സത്യാഗ്രഹം. ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ്  ലീലാമ്മ ജോസ് പ്രസിഡന്റും ജോസഫ് മൂലശേരി – ജനറല്‍ സെക്രട്ടറിയും  ജയിംസ്  വഴുതാലക്കാട് ട്രഷററുമായി പ്രവര്‍ത്തിക്കുന്ന സൊസൈറ്റിയെ പുറത്താക്കാന്‍ കമ്മിറ്റി തീരുമാനിച്ചിരുന്നു. രോഗികള്‍ നിവേദനം നല്കിയിട്ടും മനസ് മാറിയിട്ടില്ല. ബോധവല്‍ക്കരണ ക്ലാസുക ള്‍, സെമിനാര്‍, വൃക്ക രോഗനിര്‍ണയ ക്യാമ്പ്, ഡയാലിസിസിനു വിധേയരാകുന്ന രോഗികള്‍ക്ക് സാമ്പത്തിക സഹായം,  പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ സൗജന്യ തയ്യല്‍ പരിശീലനം എന്നിവ നടത്തുന്നു. ഏഴോളം തയ്യല്‍മിഷനുകളാണ്  ഇവിടെ സൗജന്യപരിശീലനത്തിനു  വാങ്ങി ഉപയോഗിക്കുന്നത്.  തൊടുപുഴ ബ്ലോക്കിലെയും  നഗരസഭയിലെയും രോഗികള്‍ക്കാണ്  സഹായം നല്‍കുന്നത്. ജില്ലാ ആരോഗ്യവകുപ്പ്,  താലൂക്ക് ആശുപത്രി അധികൃതര്‍,  നാട്ടുകാര്‍, സാംസ്‌കാരിക നേതാക്കള്‍ തുടങ്ങിയവരുടെ സഹായം  ലഭിച്ചിരുന്നു. ഇതെല്ലാം പാവപ്പെട്ട രോഗികള്‍ക്കും അവരുടെ കുടുംബത്തിനും വേണ്ടി വിനിയോഗിച്ചു കൊണ്ടിരിക്കുകയായിരുന്നു.  ഈ സൊസൈറ്റിയുടെ കീഴില്‍  30ഓളം പേര്‍ ഡയലിസിസ് ചെയ്യുന്നുണ്ട്. അമ്പതോളം രോഗികള്‍ ചികിത്സ സഹായം തേടി വരുന്നു. ബ്ലോക്ക് പഞ്ചായത്ത് കെട്ടിടം വാടകയ്ക്കാണ് ഇവര്‍ ഉപയോഗിച്ചിരുന്നത്. 500 രൂപയാണ് വാടക.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss