|    Nov 14 Wed, 2018 4:33 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

കിട്ടുന്നതില്‍ പാതി പാര്‍ട്ടിക്ക്

Published : 7th April 2018 | Posted By: kasim kzm

മധ്യമാര്‍ഗം – പരമു

കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന എം എന്‍ ഗോവിന്ദന്‍ നായരുടെ കൂടെ രണ്ടുമൂന്നു ദിവസം കാറില്‍ യാത്ര ചെയ്യാനുള്ള അവസരം പരമുവിനു ലഭിച്ചിരുന്നു. കേരളത്തില്‍ നടന്ന വീറും വാശിയും നിറഞ്ഞ ഒരു നിയമസഭാ തിരഞ്ഞെടുപ്പിന്റെ ദിവസങ്ങളിലായിരുന്നു ഈ യാത്ര.
സിപിഐയുടെ കേന്ദ്ര സെക്രട്ടറിയും തിരുവനന്തപുരത്തു നിന്നുള്ള പാര്‍ലമെന്റ് മെംബറുമായിരുന്നു അക്കാലത്ത് എംഎന്‍. യോഗസ്ഥലത്തു വച്ച് സംഘാടകരെ പരിചയപ്പെടാനുള്ള സമയം ഇല്ല. ഒരു യോഗം കഴിഞ്ഞ് മറ്റൊരു യോഗസ്ഥലത്തേക്കു പോവുമ്പോള്‍ കാറില്‍ ഇരുന്ന് എംഎന്‍ കഴിഞ്ഞ യോഗത്തില്‍ സ്വാഗതം പറഞ്ഞ സഖാവിനെക്കുറിച്ച് അഭിപ്രായം പ്രകടിപ്പിച്ചു: ”നല്ല ചെറുപ്പക്കാരന്‍. കുറിക്കുകൊള്ളുന്ന വാക്കുകള്‍. ഇയാള്‍ എന്തുചെയ്യുന്നു? ഞാനിതിനു മുമ്പു കണ്ടിട്ടില്ലല്ലോ?” എംഎന്റെ തൊട്ടടുത്ത് ഇരുന്ന പാര്‍ട്ടി ജില്ലാ സെക്രട്ടറിയുടെ മറുപടി ഒറ്റ ശ്വാസത്തിലായിരുന്നു: ”മിടുക്കന്‍, ബുദ്ധിമാന്‍, നല്ല കുടുംബം, നല്ല സ്വഭാവം, പാര്‍ട്ടിക്കു വലിയ മുതല്‍ക്കൂട്ടാ.” ഇത്രയും കേട്ട മാത്രയില്‍ എംഎന്‍ ചിരിച്ചുകൊണ്ട് പ്രതികരിച്ചു: ”അത്ര നല്ല സ്വഭാവക്കാരനാണെങ്കില്‍ മോളോ പെങ്ങളോ ഉണ്ടെങ്കില്‍ കെട്ടിച്ചുകൊടുക്കാം.” ജില്ലാ സെക്രട്ടറിയുടെ ആവേശം കെട്ടടങ്ങി. കാറിലുണ്ടായിരുന്നവരെല്ലാം പൊട്ടിച്ചിരിച്ചു. കൂടെ എംഎന്നും. അതിശയോക്തിപരമായി കാര്യങ്ങള്‍ അവതരിപ്പിക്കുന്നതിനെ കളിയാക്കുകയായിരുന്നു എംഎന്‍. എന്നാല്‍, സിപിഐയെ സംബന്ധിച്ച് ഇതില്‍ ഒരു സത്യം ഒളിഞ്ഞുകിടപ്പുണ്ട്.
സത്യം പറയുന്നവരുടെയും സത്യം കാണുന്നവരുടെയും പാര്‍ട്ടിയാണു സിപിഐ എന്ന ഒരു വിശ്വാസം നിലനില്‍ക്കുന്നുണ്ട്. പാര്‍ട്ടിക്ക് അങ്ങനെ ഒരു ഇമേജ് ഉണ്ടാക്കിക്കൊടുത്തത് സര്‍വാദരണീയരായ നേതാക്കളാണ്. സി അച്യുതമേനോന്റെയും എന്‍ ഇ ബാലറാമിന്റെയും പി കെ വാസുദേവന്‍ നായരുടെയും സി കെ ചന്ദ്രപ്പന്റെയും പാര്‍ട്ടിയാണ് ഇതെന്നുവരെ പൊതുജനങ്ങള്‍ പറയാറുണ്ട്. ഭരണപക്ഷത്തായാലും പ്രതിപക്ഷത്തായാലും പാര്‍ട്ടി കൃത്യമായ നിലപാടുകള്‍ സന്ദര്‍ഭത്തിനനുസരിച്ചു വെളിപ്പെടുത്താറുണ്ട്. വല്യേട്ടന്‍മാരുടെ മുമ്പില്‍ തലകുനിക്കുന്ന പാരമ്പര്യം പാര്‍ട്ടിക്കില്ല. അഴിമതിക്കെതിരേ സിപിഐയുടെ നിലപാട് കര്‍ശനമാണ്. അഴിമതി തുടച്ചുനീക്കാന്‍ ജനിച്ച പാര്‍ട്ടിയാണോ എന്നുപോലും തോന്നിപ്പോവും. ആര് അഴിമതി നടത്തിയാലും അതിനെതിരേ പാര്‍ട്ടി ചാടിവീഴും. നേതാക്കള്‍ മുതല്‍ സാദാ അനുഭാവി വരെ രംഗത്തിറങ്ങും.
അഴിമതിയാരോപണങ്ങളും ശിക്ഷാനടപടികളും ഒന്നും അടുത്തകാലം വരെ പാര്‍ട്ടിയുടെ അജണ്ടയില്‍ ഉണ്ടായിരുന്നില്ല. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പോടെയാണ് ഇതിനൊരു മാറ്റം വന്നത്. വാസ്തവത്തില്‍ അത് സിപിഐയുടെ കുറ്റമല്ല. കാലം വരുത്തിവച്ചതാണ്. ഒറ്റവാക്കില്‍ പറഞ്ഞാല്‍ പാര്‍ട്ടിയുടെ വിശപ്പാണ് പ്രശ്‌നം. പാര്‍ട്ടി എന്നാല്‍ ആള്‍ക്കൂട്ടമാണ്. ആള്‍ക്കൂട്ടത്തിന്റെ വിശപ്പ് പാര്‍ട്ടിയുടെ വിശപ്പും. പാര്‍ട്ടിക്കു വേണ്ടി സേവനം നടത്തുന്ന ‘ഫുള്‍ടൈമേഴ്‌സ്’ ആയ നിരവധിപേര്‍ സിപിഐയിലുണ്ട്. ബഹുജനസംഘടനകളിലും ഇത്തരക്കാരെ കാണാം. കല്യാണം കഴിക്കുന്നതിനു പാര്‍ട്ടിയില്‍ വിലക്കില്ലാത്തതിനാല്‍ ഇവരില്‍ അധികംപേരും കുടുംബമായി കഴിയുന്നവരാണ്. ഈ ഫുള്‍ടൈമേഴ്‌സിന്റെ ഏക വരുമാനമാര്‍ഗം എന്നു പറയുന്നത് പാര്‍ട്ടി അലവന്‍സാണ്. അതാണെങ്കില്‍ കുടുംബത്തില്‍ ഒരുനേരത്തെ ആഹാരത്തിനുപോലും തികയുന്നില്ല. പിന്നെ എന്തുചെയ്യും? പാര്‍ട്ടി അലവന്‍സ് കാലാനുസൃതമായി വര്‍ധിപ്പിക്കണം. അതിനു പാര്‍ട്ടി ഖജനാവ് നിറയണം.
ഒറ്റദിവസംകൊണ്ട് ബക്കറ്റുകളില്‍ കോടികള്‍ നിറയ്ക്കാനുള്ള സംഘബലം പാര്‍ട്ടിക്ക് ഇന്നില്ല. മറ്റു പാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കും കൊടുക്കുന്ന സംഭാവനകളില്‍ പത്തിലൊന്നു മാത്രമേ സിപിഐക്ക് ജനങ്ങള്‍ കൊടുക്കാറുള്ളൂ. വഴിവിട്ടു കാര്യങ്ങള്‍ ചെയ്തുകൊടുക്കാത്തതിനാല്‍ വഴിവിട്ടു ജീവിക്കുന്നവരൊന്നും സിപിഐക്ക് ചില്ലിക്കാശ് കൊടുക്കാറുമില്ല. സമ്മര്‍ദവും സ്വാധീനവും ഭീഷണിയും ഉപയോഗിച്ച് ഫണ്ട് സമാഹരിക്കാനുള്ള തന്ത്രകുതന്ത്രങ്ങളൊന്നും വശവുമില്ല. പാര്‍ട്ടിയിലെ ഫുള്‍ടൈമേഴ്‌സിന് അലവന്‍സ് കൊടുക്കുന്നത് പാര്‍ട്ടിയെ സംബന്ധിച്ച് ചെറിയ ചെലവാണ്. മറ്റു വലിയ ചെലവുകള്‍ വേറെ കിടക്കുന്നു. ഓഫിസുകള്‍ പ്രവര്‍ത്തിപ്പിക്കണം, നേതാക്കള്‍ക്ക് യാത്രചെയ്യണം, ദേശീയ കമ്മിറ്റികള്‍ക്കും സമ്മേളനങ്ങള്‍ക്കും പോവണം, പിന്നെ പാര്‍ട്ടി പത്രം, പുസ്തകശാല, നാടകട്രൂപ്പ്… ഇങ്ങനെ എന്തൊക്കെ ചെലവുകള്‍.
പ്രതിസന്ധിയിലാവുമ്പോള്‍ പാര്‍ട്ടിയുടെ നേതാക്കള്‍ ഒന്നു മാറിച്ചിന്തിക്കുന്നു. പാര്‍ട്ടി ഖജനാവിന്റെ സ്ഥിതി അല്‍പമൊന്നു മെച്ചപ്പെടുത്തുക. അത്രയേയുള്ളൂ. സ്വന്തം പോക്കറ്റും മടിശ്ശീലയും വീര്‍പ്പിക്കുകയല്ല ലക്ഷ്യം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ‘പേമെന്റ് സീറ്റിലും’ വയനാട്ടിലെ ഭൂമി ഇടപാടിലും പാര്‍ട്ടി നേതാക്കളുടെ കൈകടത്തല്‍ പാര്‍ട്ടിയുടെ വിശപ്പ് മാറ്റുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയായിരുന്നു. ഇതുകൊണ്ടൊന്നും പ്രശ്‌നം പരിഹരിക്കപ്പെടുന്നില്ല. പാര്‍ട്ടിയുടെ വിശപ്പു മാറ്റാന്‍ പൊതുജനങ്ങള്‍ രംഗത്തിറങ്ങിയേ മതിയാവൂ. സംഭാവന വര്‍ധിപ്പിച്ച് പാര്‍ട്ടി ഖജനാവ് സംരക്ഷിക്കുക.                                          ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss