|    Jun 19 Tue, 2018 10:38 am
FLASH NEWS

കിടപ്പാടം നഷ്ടപ്പെട്ടു : വില്ലേജ് ഓഫിസില്‍ കുത്തിയിരുപ്പ് സമരവുമായി വൃദ്ധ ദമ്പതികള്‍

Published : 19th January 2017 | Posted By: fsq

 
കാളികാവ്: അമ്പത് വര്‍ഷം കൈവശം വെച്ച കിടപ്പാടം നഷ്ടപ്പെട്ട വൃദ്ധ ദമ്പതികള്‍ വില്ലേജ് ഓഫീസില്‍ കുത്തിയിരുപ്പ് സമരം നടത്തി. നാട്ടുകാരും വില്ലേജ് അധികൃതരും സാന്ത്വനിപ്പിച്ച് തിരിച്ചയച്ചു. സ്ഥലവും രേഖകളും പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് വില്ലേജ് ഓഫിസര്‍ ഉറപ്പു നല്‍കി. അടക്കാക്കുണ്ട് കീഴ്തല വളപ്പില്‍ കൃഷ്ണന്‍കുട്ടിയും ഭാര്യയുമാണ് അധികൃതരുടെ കരുണക്കായി ഓഫീസുകള്‍ കയറിയിറങ്ങുന്നത്.1960 ല്‍ വണ്ടൂര്‍ സബ് രജിസ്ട്രാര്‍ ഓഫിസില്‍ നിന്ന് 3289 നമ്പര്‍ ആധാര പ്രകാരവും 1981/948 നമ്പര്‍ പട്ടയപ്രകാരവും റിസ’ 132/ 260 ല്‍ പെട്ട 2.46 ഏക്കര്‍ സ്ഥലം കൃഷ്ണന്‍കുട്ടി നികുതിയടച്ച് പോകുന്നതും കൈവശം വെക്കുന്നതുമാണ്.2013-14 വര്‍ഷം വരെ നികുതിയും സ്വീകരിച്ചിരുന്നു.എന്നാല്‍ പിന്നീട് ഈ ഭൂമി വനഭൂമിയാണെന്ന് കാണിച്ച് അധികൃതര്‍ നികുതി നിഷേധിച്ചു. തുടര്‍ന്ന് വനം വകുപ്പുമായി നിരന്തരം ബന്ധപ്പെട്ടതിന്റെ ഫലമായി ഡിഎഫ്ഒ അന്വേഷണത്തിനുത്തരവിട്ടു.നിലമ്പൂര്‍ തഹസില്‍ദാറുടെ നിര്‍ദ്ദേശപ്രകാരം ഭൂമി പരിശോധിക്കുകയും ചെയ്തു.ഈ റിപ്പോര്‍ട്ടിന്റെയടിസ്ഥാനത്തില്‍ ഇത് വനഭൂമിയല്ലെന്ന് കണ്ടെത്തി.ഇതിന്റെ പ്ലാനും വനം വകുപ്പ് കൃഷ്ണന്‍കുട്ടിക്കു നല്‍കി.വീണ്ടും രേഖകളുമായി വില്ലേജിലെത്തിയ കൃഷ്ണന്‍കുട്ടിയുടെ നികുതി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായില്ല. ഈ ഭൂമി മറ്റൊരാളുടെ കൈവശമാണെന്നും വനം വകുപ്പ് സാക്ഷ്യപ്പെടുത്തിയ ഭൂമിയുടെ സര്‍വ്വെ നമ്പരും കൃഷ്ണന്‍കുട്ടിയുടെ കൈവശഭൂമിയും ഒന്നല്ലെന്നാണ് അധികൃതരുടെ വിശദീകരണം. അതിനിടെ ഈ ഭൂമിക്ക് മറ്റൊരവകാശികൂടി രംഗത്ത് വന്നിട്ടുണ്ട് .വിഷയത്തില്‍ നടപടിയുണ്ടായില്ലെങ്കില്‍ വില്ലേജ് ഓഫീസില്‍ കുടികിടപ്പ് തുടങ്ങുമെന്ന് ദമ്പതികള്‍ പറഞ്ഞു. അമ്പത് കൊല്ലം തന്നില്‍ നിന്ന് നികുതി സ്വീകരിച്ച ഭൂമി ഇപ്പോള്‍ എങ്ങനെ തന്റെല്ലാതായതെന്നു കൃഷ്ണന്‍കുട്ടി ചോദിക്കുന്നു .സഹായത്തിനാരുമില്ലാത്ത 80 തികഞ്ഞ ദമ്പതികള്‍ക്ക് ക്ഷേമ പെന്‍ഷന്‍പോലും ലഭിക്കുന്നില്ല. വിഷയത്തില്‍ അടിയന്തിര നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി ഇന്ന് സ്ഥലം പരിശോധിക്കുമെന്ന് വില്ലേജ് ഓഫിസര്‍ തേജസിനോട് പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss