|    Oct 17 Wed, 2018 4:56 pm
FLASH NEWS

കിടപ്പറയില്‍പ്പോലും ഒളിഞ്ഞുനോക്കി ആപ്പുകള്‍, കുടുങ്ങാതിരിക്കാന്‍ വഴികളെന്ത് ?

Published : 5th August 2018 | Posted By: G.A.G

കൊച്ചി : സ്വന്തം ഫോണിലൂടെ തന്റെ കിടപ്പറദൃശ്യങ്ങള്‍ മറ്റൊരാളുടെ മൊബൈല്‍ ഫോണിലെത്തുക. ഫോണ്‍ ഉടമ അറിയാതെ ദൃശ്യങ്ങള്‍ ചോര്‍ത്തിയയാള്‍ അവയുപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുക. കേരളത്തില്‍ നിന്നുതന്നെയാണ് ഇത്തരമൊരു വാര്‍ത്ത പുറത്തുവന്നിട്ടുള്ളത്. എളമക്കര സ്വദേശിയായ യുവാവിന് തന്റെ മൊബൈല്‍ ഫോണിലൂടെ നടന്ന ഇത്തരമൊരു തട്ടിപ്പിലൂടെ നഷ്ടമായത് ലക്ഷങ്ങള്‍ മാത്രമല്ല മനസമാധാനം കൂടിയാണ്. ഭാര്യയുടെ സഹായത്തോടെ മറ്റൊരാള്‍ തന്റെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്ത ആപ്പാണ് ഇദ്ദേഹത്തിന് വിനയായത്. ഫോണ്‍ കുറച്ചു നേരത്തേക്ക് കൈയില്‍ കിട്ടുന്ന ആര്‍ക്കും ഈ തട്ടിപ്പ് വലിയ പ്രയാസമില്ലാതെ നടത്താന്‍ സാധിക്കുമെന്നതാണ് ഏറ്റവും വലിയ അപകടം.
വന്‍ തുക നല്‍കി വാങ്ങിയ മൊബൈല്‍ ഇങ്ങിനെയൊരു ചതി ചെയ്യുമെന്നറിഞ്ഞ് പലരും ആശങ്കയിലാണ്.
കുളിക്കുമ്പോഴും ടോയ്‌ലറ്റില്‍ പോകുമ്പോള്‍ പോലും ഫോണ്‍ ഒഴിവാക്കാത്തവര്‍ പ്രത്യേകിച്ചും. നമ്മളറിയാതെ നമ്മുടെ ദൃശ്യങ്ങള്‍ ഇത്തരം വിദ്യയിലൂടെ മറ്റുള്ളവര്‍ കാണുന്നുണ്ടാകുമോ ? ഇല്ലെന്ന് പറയാന്‍ വയ്യ. അത്ര രഹസ്യമായാണ് ഫോണിലെ ക്യാമറയും സെന്‍സറുകളും അതില്‍ നുഴഞ്ഞു കയറിയ ആപ്പുകളും നിങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നത്. മൊബൈല്‍ഫോണ്‍ നമ്മുടെ രഹസ്യവിവരങ്ങള്‍ ചോര്‍ത്തിവിറ്റ് കാശാക്കുന്നുവെന്നത്് പുതിയ കാര്യമല്ലെങ്കിലും ഇത്രയേറെ കുഴപ്പക്കാരനായിത്തീരാമെന്ന് മലയാളികള്‍ തിരിച്ചറിയുന്നതേയുളളൂ.
ഇത്തരം തട്ടിപ്പിലൂടെ ധനനഷ്ടവും മാനഹാനിയും സംഭവിക്കാതിരിക്കാന്‍ വഴിയെന്തെങ്കിലുമുണ്ടോ ?
ഉണ്ട്്. ഇതില്‍ ഏറ്റവും പ്രധാനം ഫോണ്‍ സുരക്ഷിതമാക്കുക എന്നതു തന്നെ. ഒരു സാഹചര്യത്തിലും മറ്റൊരാളുടെ കയ്യില്‍ കൊടുക്കാതിരിക്കുക.
രണ്ടാമത്തേത് ഫോണിനകത്ത് നമ്മളറിയാതെ എന്തെങ്കിലും ആപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് നിരന്തരം പരിശോധിക്കുക എന്നതാണ്.
ഇത്തരം ആപ്പുകള്‍ ഫോണിന്റെ മുന്‍- പിന്‍ ക്യാമറകളും, മൈക്രോഫോണ്‍, റിസീവര്‍, സ്പീക്കര്‍, ജിപിഎസ് ട്രാക്കിങ്, ഫയലുകള്‍ എന്നിവയുടെയെല്ലാം നിയന്ത്രണം നിര്‍വഹിക്കാന്‍ ശേഷിയുള്ളതായിരിക്കും.
സംശയം തോന്നുന്ന ആപ്പുകള്‍ കഴിയുന്നത്ര വേഗം ഒഴിവാക്കുകയും അത്തരം ആപ്പുകളെക്കുറിച്ച് ഗൂഗിളില്‍ തിരഞ്ഞ് സംശയനിവാരണം നടത്തുകയും വേണം. എന്നാല്‍ വിദഗ്ദര്‍ക്കുപോലും പെട്ടെന്ന് കണ്ടുപിടിക്കാന്‍ പറ്റാത്ത രീതിയിലാണ് ആപ്പ് ഫോണിനുള്ളില്‍ ഒളിച്ചിരിക്കുക എന്നത് പ്രശ്‌നം സങ്കീര്‍ണമാക്കുന്നു.

മൂന്നാമത്തെ രീതി സിംപിളാണ്, അതേസമയം പവര്‍ഫുളും.  ഫോണിന്റെ ക്യാമറാക്കണ്ണ് അടച്ചുകളയുക. ഇതിനായി പ്രത്യേകം സ്റ്റിക്കറുകളും ഷട്ടറുകളും വാങ്ങാന്‍ കിട്ടും. ക്യാമറയില്‍ അഴുക്ക്പിടിക്കാത്ത തരത്തിലുള്ളതാണ് ഇവയെന്നതിനാല്‍ ഫോട്ടോകളുടെ ക്ലാരിറ്റി കുറയുമെന്ന പേടിയും വേണ്ട. ഓണ്‍ലൈന്‍ ചതിക്കുഴികളെക്കുറിച്ച് നന്നായി അറിയാവുന്നവര്‍ക്കായി ഇത്തരം സംവിധാനം പണ്ടേ വിപണിയിലുണ്ട്. എന്നാല്‍ അപകടകാരികളായ ആപ്പുകള്‍ കയറിക്കൂടിയാല്‍ ക്യാമറയെ മാത്രമല്ല, മൈക്രോഫോണ്‍, റിസീവര്‍, സ്പീക്കര്‍ എന്നിവയില്‍നിന്നും ജിപിഎസില്‍ നിന്നുമൊക്കെ വിവരങ്ങള്‍ ശേഖരിക്കുമെന്നതിനാല്‍ പൂര്‍ണമായ സംരക്ഷണം നല്‍കില്ലെന്നോര്‍ക്കുക. തല്‍ക്കാലം മാനം പോകാതിരിക്കാന്‍ ക്യാമറക്കണ്ണ് മൂടുമെന്ന് മാത്രം.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss