|    Sep 19 Wed, 2018 12:28 pm
FLASH NEWS

കിടങ്ങൂര്‍ ജലോല്‍സവം എട്ടിന്; മാറ്റുരയ്ക്കാനെത്തുന്നത് 30ല്‍പ്പരം വള്ളങ്ങള്‍

Published : 4th October 2017 | Posted By: fsq

 

കോട്ടയം: കിടങ്ങൂര്‍ പൗരാവലിയുടെ ആഭിമുഖ്യത്തില്‍ മീനച്ചിലാറ്റില്‍ ചെക്ക് ഡാം മുതല്‍ ക്ഷേത്രക്കടവ് വരെ മല്‍സര വള്ളംകളി നടത്തുന്നു. വിവിധ ഇനങ്ങളിലായി 30 ല്‍പ്പരം മല്‍സരവള്ളങ്ങള്‍ പങ്കെടുക്കുന്ന ജലമേളയുടെ ഉദ്ഘാടനം ഈമാസം എട്ടിന് ഉച്ചയ്ക്ക് 1.30ന് മന്ത്രി പി തിലോത്തമന്‍ നിര്‍വഹിക്കും. ജോസ് കെ മാണി എംപിയാണ് മല്‍സരങ്ങള്‍ ഫഌഗ് ഓഫ് ചെയ്യുക. അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. എംഎല്‍എമാരായ ഉമ്മന്‍ചാണ്ടി, കെ എം മാണി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അഡ്വ. കെ സുരേഷ് കുറുപ്പ്, കലക്ടര്‍, ജില്ലാ പോലിസ് മേധാവി, വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍, സാംസ്‌കാരിക നായകന്‍മാര്‍ പങ്കെടുക്കും. നദീസംരക്ഷണം, ജലസുരക്ഷ എന്നീ സന്ദേശങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് മീനച്ചിലാര്‍ സംരക്ഷണം എന്ന ലക്ഷ്യത്തോടെയാണ് ജലമേള സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഗ്രാമപ്പഞ്ചായത്ത്, ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകള്‍, രാഷ്ട്രീയ, സാമുദായിക, സാംസ്‌കാരിക സംഘടനകള്‍, വിവിധ വകുപ്പുകള്‍ എന്നിവരുടെ സഹകരണത്തോടെയാണ് മല്‍സര വള്ളംകളി നടത്തുന്നത്. ചുണ്ടന്‍വള്ളങ്ങള്‍, ഇരുട്ടുകുത്തി വള്ളങ്ങള്‍ കൂടാതെ ചെറുവള്ളങ്ങളും മല്‍സരത്തിനു മാറ്റുകൂട്ടും. പ്രായോഗികമായ തടസമുള്ളതിനാല്‍ ഫൈബര്‍ ചുണ്ടന്‍വള്ളങ്ങളാണു മല്‍സരത്തില്‍ അണിചേരുക. 50 തുഴക്കാരുള്ള രണ്ടു വള്ളങ്ങളും 32 തുഴക്കാരുള്ള നാലു വള്ളങ്ങളും മേളയില്‍ പങ്കെടുക്കും. ജലഘോഷ യാത്ര, മാസ്ഡ്രില്‍ തുടങ്ങിയ പ്രകടനങ്ങളും മേളയ്ക്കു കൊഴുപ്പേകും. കുമരകത്തും കുട്ടനാട്ടില്‍ നിന്നുമുള്ള വള്ളങ്ങളും തുഴച്ചില്‍ക്കാരും പങ്കെടുക്കുന്ന മല്‍സരങ്ങള്‍ ജില്ലയ്ക്കും കിഴക്കന്‍ മേഖലയ്ക്കും ഇടുക്കി ജില്ലയ്ക്കും പുത്തന്‍ അനുഭവമായിരിക്കുമെന്നു സംഘാടകര്‍ പറയുന്നു. മേളയുടെ ഭാഗമായി മീനച്ചിലാര്‍ സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ ഈരാറ്റുപേട്ടയില്‍ നിന്ന് ആരംഭിക്കുന്ന ജല സുരക്ഷാ സന്ദേശയാത്ര ഭരണങ്ങാനം, പാലാ വഴി ചേര്‍പ്പുങ്കല്‍ പള്ളിക്കടവിലെത്തി നാടന്‍ വള്ളങ്ങളുടെ മല്‍സരത്തോടെ കിടങ്ങൂര്‍ ക്ഷേത്രക്കടവില്‍ സമാപിക്കും. തുടര്‍ന്ന് പാലാ തോപ്പന്‍സ് സ്വിമ്മിങ് അക്കാദമിയും എംജി യൂനിവേഴ്‌സിറ്റി ചാംപ്യന്‍മാരായ പാലാ സെന്റ് തോമസ് കോളജും തമ്മില്‍ വാട്ടര്‍ പോളോ പ്രദര്‍ശന മല്‍സരം നടക്കും. കിടങ്ങൂര്‍ എന്‍എസ്എസ്എച്ച്എസ്എസിലെ 50ല്‍പ്പരം വിദ്യാര്‍ഥിനികളുടെ വഞ്ചിപ്പാട്ടുമുണ്ടാവും. മേളയുടെ ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മോന്‍സ് ജോസഫ് എംഎല്‍എ വിവിധ വകുപ്പ് മേധാവികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ഇന്നു വൈകീട്ട് നാലിന് കിടങ്ങൂര്‍ പഞ്ചായത്ത് ഹാളില്‍ വിളിച്ചുചേര്‍ത്തിട്ടുണ്ടെന്നും സംഘാടകര്‍ വ്യക്തമാക്കി. ജനറല്‍ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ, ജനറല്‍ കണ്‍വീനര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗമായ പ്രകാശ് ബാബു, പിആര്‍ഒ ബിജു ടി ജോണ്‍, പബ്ലിസിറ്റി കണ്‍വീനര്‍ വേണുഗോപാല്‍ വാലേല്‍, സ്റ്റിയറിങ് കമ്മിറ്റി കണ്‍വീനര്‍മാരായ ജോ മാത്യു, എന്‍ ബി സുരേഷ് ബാബു, പി ജി പരമേശ്വരന്‍ നായര്‍, പൂര്‍ണേന്ദു വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss