|    Apr 26 Thu, 2018 7:32 am
FLASH NEWS
Home   >  Editpage  >  Middlepiece  >  

കാസ്‌ട്രോ: ക്യൂബയില്‍ ഒന്ന്, കേരളത്തില്‍ മൂന്ന്

Published : 27th May 2016 | Posted By: SMR

slug-madhyamargamലോകത്ത് ഇന്നു ജീവിച്ചിരിക്കുന്ന കമ്മ്യൂണിസ്റ്റ് നേതാക്കളില്‍ ഉന്നത സ്ഥാനത്തുള്ള ആളാണ് സഖാവ് ഫിദല്‍ കാസ്‌ട്രോ. അടിമുടി വിപ്ലവകാരിയായ സഖാവ് ത്യാഗത്തിന്റെ പര്യായമാണ്. ക്യൂബന്‍ ജനതയുടെ മോചനത്തില്‍ സഖാവ് കാസ്‌ട്രോയുടെ നേതൃത്വത്തില്‍ നടന്ന ഐതിഹാസികമായ പോരാട്ടം ലോകചരിത്രത്തില്‍ അവിസ്മരണീയമായ അധ്യായമാണ്. സദാസമയവും പട്ടാളവേഷത്തില്‍ മാത്രം കാണുന്ന സഖാവ് കാസ്‌ട്രോ അമേരിക്കന്‍ ഭരണകൂടത്തിന്റെ എക്കാലത്തെയും പേടിസ്വപ്‌നമാണ്. ആരോഗ്യം മോശമായപ്പോള്‍ അധികാരപദവിയില്‍നിന്നു സ്വയം വിരമിച്ച സഖാവ് കാസ്‌ട്രോയുടെ സംഭവബഹുലമായ ജീവിതം ലോകവ്യാപകമായി ചര്‍ച്ചചെയ്യപ്പെടുന്നു. ഇളംതലമുറയിലെ വിപ്ലവകാരികള്‍ക്ക് അദ്ദേഹം എന്നും ആവേശവും അഭിമാനവുമാണ്. സഖാവ് ഫിദല്‍ കാസ്‌ട്രോ ക്യൂബയില്‍ ഒരാള്‍ മാത്രമേയുള്ളൂ. എന്നാല്‍, കേരളത്തില്‍ സഖാവ് കാസ്‌ട്രോയുടെ എണ്ണം മൂന്നാണ്! സിപിഎമ്മിലാണ് ഒരാള്‍. മറ്റു രണ്ടുപേര്‍ സിപിഐയിലാണ്. സാര്‍വദേശീയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായി സിപിഐക്കാണ് കൂടുതല്‍ ബന്ധമുള്ളത്. അതുകൊണ്ടാണ് കാസ്‌ട്രോയുടെ കാര്യത്തിലും അവര്‍ക്ക് മുന്‍തൂക്കം. അധികാരത്തോട് കുട്ടിക്കാലം മുതല്‍ ഒട്ടും താല്‍പര്യമില്ലാത്ത, 93ാം വയസ്സിലും പരിപൂര്‍ണ ആരോഗ്യവാനായ സഖാവ് വി എസ് അച്യുതാനന്ദനാണ് സിപിഎമ്മിലെ സഖാവ് കാസ്‌ട്രോ.
സിപിഐയുടെ ദേശീയ എക്‌സിക്യൂട്ടീവ് അംഗവും മുന്‍ മന്ത്രിയുമായ സഖാവ് സി ദിവാകരനും ഉജ്ജ്വല പ്രാസംഗികനും മുന്‍ മന്ത്രിയുമായ സഖാവ് മുല്ലക്കര രത്‌നാകരനുമാണ് സിപിഐയിലെ സഖാവ് കാസ്‌ട്രോമാര്‍.
ക്യൂബയിലെ കാസ്‌ട്രോയും കേരളത്തിലെ കാസ്‌ട്രോമാരും തമ്മില്‍ വ്യത്യാസങ്ങള്‍ ഏറെയുണ്ടെങ്കിലും പ്രധാനമായ ഒരു വ്യത്യാസം താടിയുടെ കാര്യത്തിലാണ്. ക്യൂബന്‍ വിപ്ലവനേതാവ് സഖാവ് കാസ്‌ട്രോയോട് ഒരിക്കല്‍ ഒരു മാധ്യമപ്രവര്‍ത്തക ചോദിച്ചു, താങ്കള്‍ എന്തുകൊണ്ടാണ് താടി നീട്ടുന്നതെന്ന്. ഉടനെ മറുപടിയുണ്ടായി: താടി വടിക്കാന്‍ വരുന്ന സമയംകൊണ്ട് എനിക്ക് നാടിന് ഉപകാരപ്രദമായ എന്തെങ്കിലും കാര്യങ്ങള്‍ ചെയ്യാം.
കേരളത്തിലെ കാസ്‌ട്രോമാര്‍ക്ക് നാടിന് ഉപകാരപ്രദമായ കാര്യങ്ങള്‍ ചെയ്യാനില്ലാത്തതുകൊണ്ട് സമയം ധാരാളം കിട്ടും. അതുകൊണ്ട് താടി കൃത്യമായി അവര്‍ക്ക് വടിക്കുകയും ചെയ്യാം. സംസ്ഥാന തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനു തിളക്കമാര്‍ന്ന വിജയം കിട്ടിയ ശേഷമാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സഖാവ് വി എസ് അച്യുതാനന്ദനെ സഖാവ് കാസ്‌ട്രോയാക്കിയത്. മുഖ്യമന്ത്രിപദവിയിലേക്ക് ഞാനില്ലാ, ഞാനില്ലാ എന്നു നീട്ടിയും കുറുക്കിയും പറഞ്ഞപ്പോഴായിരുന്നു സഖാവ് യെച്ചൂരി ആവേശഭരിതനായി കീശയില്‍ കരുതിയ കാസ്‌ട്രോ പട്ടം വിഎസിനു ചാര്‍ത്തിക്കൊടുത്തത്. എന്നാല്‍, സിപിഐയില്‍ അങ്ങനെയല്ല. ചാര്‍ത്തിക്കൊടുക്കാന്‍ ആരുമുണ്ടായില്ല. പാര്‍ട്ടിയുടെ ദേശീയ എക്‌സിക്യൂട്ടീവ് അംഗമായ സി ദിവാകരനെ വെറുമൊരു എംഎല്‍എയാക്കി മൂലയ്ക്കിരുത്തി സംസ്ഥാന സെക്രട്ടേറിയറ്റ് മെംബറായ ഇ ചന്ദ്രശേഖരനെ നിയമസഭാകക്ഷി നേതാവാക്കി പാര്‍ട്ടി അവരോധിച്ചു. അഞ്ചുവര്‍ഷക്കാലം മന്ത്രി എന്ന നിലയില്‍ കൃഷിവകുപ്പിനെ ജനകീയമാക്കിമാറ്റിയ മുല്ലക്കര രത്‌നാകരനെയും സാദാ എംഎല്‍എയാക്കി, ജൂനിയറായ മറ്റുള്ളവരെ മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കറുമാക്കി സിപിഐ മാതൃക കാണിക്കുകയും ചെയ്തിട്ടുണ്ട്.
വെറുമൊരു എംഎല്‍എയായ വി എസ് അച്യുതാനന്ദന് സഖാവ് കാസ്‌ട്രോയാവാമെങ്കില്‍ വെറുമൊരു എംഎല്‍എമാരായ സി ദിവാകരനും മുല്ലക്കര രത്‌നാകരനും എന്തുകൊണ്ട് കാസ്‌ട്രോമാരായിക്കൂടാ എന്ന ചിന്ത സിപിഐക്കാരില്‍ പൊന്തിവരുന്നത് സ്വാഭാവികമാണല്ലോ. ചിന്തകര്‍ എപ്പോഴും അവിടെനിന്നാണു വരുക. നേതാക്കളെപ്പോലും അറിയിക്കാതെ പാര്‍ട്ടിയിലെ ആയിരക്കണക്കും ലക്ഷക്കണക്കുമായ അണികളാണ് ദിവാകരനും മുല്ലക്കരയ്ക്കും സഖാവ് കാസ്‌ട്രോ പട്ടം അണിയിച്ചത്. ആരു ചാര്‍ത്തിയാലും അണിയിച്ചാലും പിണറായിയുടെ ചുവപ്പന്‍ സര്‍ക്കാരിന്റെ കാലത്ത് മൂന്നു കാസ്‌ട്രോമാരെ കേരളത്തിനു ലഭിക്കുക എന്നത് മഹാഭാഗ്യമായി കരുതണം.
മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ആവശ്യമെങ്കില്‍ ഇ ജ മുന്നണി നേതാക്കള്‍ക്കും ഉപദേശത്തിന് മൂന്നു കാസ്‌ട്രോമാരുടെയും വീടുകളിലേക്ക് കയറിച്ചെല്ലാവുന്നതാണ്. യാതൊരുവിധ പ്രതിഫലവുമില്ലാതെ കൊട്ടക്കണക്കിന് ഉപദേശം അവിടങ്ങളില്‍നിന്നു ലഭിക്കുകയും ചെയ്യും.
ഇനി, പലര്‍ക്കും പല പേരുകളും ആദരപൂര്‍വം നല്‍കേണ്ടതുണ്ട്. ലെനിനിസ്റ്റ് സംഘടനാതത്ത്വത്തില്‍ അടിയുറച്ചു വിശ്വസിച്ച് പ്രവര്‍ത്തിച്ചുപോരുന്ന സഖാവ് പിണറായി വിജയനെ കേരളത്തിലെ ലെനിന്‍ എന്നു വിശേഷിപ്പിക്കുന്നതില്‍ രണ്ടഭിപ്രായം ഉണ്ടാവുമെന്നു തോന്നുന്നില്ല. ഗ്ലാസ്‌നോസ്റ്റിലും പെരിസ്‌ട്രോയിക്കയിലും ആകൃഷ്ടനായ സഖാവ് കാനം രാജേന്ദ്രന് സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും സോവിയറ്റ് യൂനിയന്‍ പ്രസിഡന്റുമായിരുന്ന ഗൊര്‍ബച്ചോവിന്റെ പേരായിരിക്കും ഉചിതം. കാനത്തിന് അതൊക്കെ ഇഷ്ടമാവുമോ എന്നതേ പ്രശ്‌നമുള്ളൂ. വെട്ടിലും കുത്തിലും കൊലപാതകങ്ങളിലും അതീവ തല്‍പരനായ പി ജയരാജനെ കേരളത്തിലെ ഹിറ്റ്‌ലര്‍ എന്ന് പേരുകൊടുക്കുന്നതും സജീവമായി ചര്‍ച്ചചെയ്യപ്പെടണം. ഹിറ്റ്‌ലറുടെ പേരു ചാര്‍ത്താന്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് പ്രയാസമുണ്ടാവും.
കൊലപാതകക്കേസില്‍ ശിക്ഷിക്കപ്പെട്ട് അഴിയെണ്ണി ഗോതമ്പ് ഉണ്ട കഴിക്കുമ്പോള്‍ ജനങ്ങള്‍ തന്നെ ആ പേര് ബഹുമാനപൂര്‍വം പി ജയരാജന് ചാര്‍ത്തിക്കൊടുക്കും. അതിനായി കുറച്ചുകാലം കൂടി കാത്തിരിക്കാം. മറ്റു പാര്‍ട്ടിക്കാര്‍ക്കും നേതാക്കള്‍ക്ക് പേരുകള്‍ നല്‍കാവുന്നതാണ്. കോണ്‍ഗ്രസ്സിനാണെങ്കില്‍ ഇക്കാര്യത്തിന് ഹൈക്കമാന്‍ഡിന്റെ അനുമതിയൊന്നും വേണ്ടിവരില്ല.
കേരളത്തിലെ കോണ്‍ഗ്രസ്സിനെ കരുത്തുറ്റ പ്രസ്ഥാനമാക്കി വളര്‍ത്തിയ, മഹാത്മാഗാന്ധിയെ പോലെ ജീവിക്കുന്ന വി എം സുധീരന് ഗാന്ധിയുടെ പേരു നല്‍കിക്കൊണ്ട് അത് ആരംഭിക്കാവുന്നതാണ്. കെ കേളപ്പന് കേരളഗാന്ധി എന്ന് പേരുകൊടുത്തതിനാല്‍ സുധീരന് കേരള മഹാത്മാഗാന്ധി എന്ന പേരാവാം. മഹാത്മാ എന്നു വിട്ടുപോവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുകയും വേണം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss