|    Nov 16 Fri, 2018 11:46 am
FLASH NEWS
Home   >  Todays Paper  >  page 12  >  

കാസ്ഗഞ്ച് കലാപം: പോലിസ് മുസ്‌ലിംകളോട് വിവേചനപരമായി പെരുമാറി; സ്വതന്ത്ര അന്വേഷണ റിപോര്‍ട്ട് പുറത്തിറക്കി

Published : 31st August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ചില്‍ കഴിഞ്ഞ റിപബ്ലിക് ദിനത്തില്‍ നടന്ന സംഘര്‍ഷത്തില്‍ പോലിസ് തികഞ്ഞ പക്ഷപാതിത്വത്തോടെ പെരുമാറിയെന്ന് സ്വതന്ത്ര അന്വേഷണ റിപോര്‍ട്ട്. കേസില്‍ ഉള്‍പ്പെട്ട ഹിന്ദുക്കളെ സംരക്ഷിക്കുകയും മുസ്‌ലിംകളെ കുടുക്കുകയും ചെയ്തതായി റിപോര്‍ട്ട് ആരോപിക്കുന്നു.
‘കാസ്ഗഞ്ചിലെ സത്യം: തെറ്റായ പോലിസ് അന്വേഷണം ഹിന്ദുക്കളെ സംരക്ഷിച്ചു; മുസ്‌ലിംകളെ കുരുക്കി’ എന്ന തലക്കെട്ടിലുള്ള 21 പേജുള്ള റിപോര്‍ട്ട് പൂര്‍ണമായും പോലിസ് രേഖകള്‍, എഫ്‌ഐആറുകള്‍, ജനറല്‍ ഡയറി എന്നിവയെ ആശ്രയിച്ചുള്ളതാണ്. റിപോര്‍ട്ട് ഇന്ന് ഡല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബിലാണ് പുറത്തുവിട്ടത്. യാതൊരു തെളിവുകളുമില്ലാതെ കേസില്‍ മുസ്‌ലിംകളെ പ്രതിചേര്‍ത്തതായും എന്നാല്‍ വ്യക്തമായ തെളിവുകളുണ്ടായിട്ടും ഹിന്ദുക്കളെ കേസില്‍ നിന്ന് ഒഴിവാക്കിയതായും റിപോര്‍ട്ടിന്റെ ചുരുക്കത്തി ല്‍ പറയുന്നു.
ഈ വര്‍ഷം ജനുവരി 26നു കാസ്ഗഞ്ചില്‍ മുസ്‌ലിംകള്‍ റിപബ്ലിക് ദിനം ആഘോഷിക്കവേയാണ് വര്‍ഗീയ സംഘര്‍ഷം ഉണ്ടായത്. മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ ഹമീദ്ചൗക്കില്‍ പ്രദേശവാസികള്‍ പതാക ഉയര്‍ത്താന്‍ തയ്യാറെടുക്കുന്നതിനിടെ ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍ ബൈക്കുകളില്‍ കാവിക്കൊടികളും ആയുധങ്ങളുമായി ഇരച്ചുകയറുകയായിരുന്നു.
പ്രദേശവാസികള്‍ ഒരുമിച്ച് എതിര്‍ത്തതോടെ അക്രമികള്‍ പ്രദേശത്തു നിന്നു പിന്മാറുകയും മറ്റൊരു മുസ്‌ലിം പ്രദേശത്തു ചെന്ന് അക്രമം അഴിച്ചുവിടുകയുമായിരുന്നു. നിരവധി മുസ്‌ലിംകളുടെ കടകള്‍ കൊള്ളയടിക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്തു. സംഘര്‍ഷത്തിനിടെ ഒരു ഹിന്ദു യുവാവ് വെടിയേറ്റു കൊല്ലപ്പെടുകയും മൂന്നു മുസ്‌ലിംകള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
പക്ഷപാതപരമായ അന്വേഷണം നടത്തിയ പോലിസ് ഹിന്ദു യുവാവിന്റെ കൊലയുമായി ബന്ധപ്പെട്ട് 28 മുസ്‌ലിംകളെ അറസ്റ്റ് ചെയ്തു. ബിസിനസുകാരായ മൂന്നു സഹോദരങ്ങളും അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ പെടുന്നു. അറസ്റ്റ് ചെയ്ത് ആറു മാസത്തിനു ശേഷം കഴിഞ്ഞയാഴ്ച അലഹബാദ് ഹൈക്കോടതിയില്‍ നിന്ന് ഇവര്‍ക്ക് ജാമ്യം ലഭിച്ചെങ്കിലും മോചിപ്പിക്കുന്നതിനു മുമ്പ് സര്‍ക്കാര്‍ ഇവര്‍ക്കെതിരേ ദേശീയ സുരക്ഷാ നിയമം (എന്‍എസ്എ) ചുമത്തി. ഇവരുടെ മോചനം തടയുകയായിരുന്നു ലക്ഷ്യം.
തുടക്കം മുതല്‍ അന്വേഷണത്തില്‍ പോലിസിന്റെ കളികള്‍ വ്യക്തമായിരുന്നുവെന്ന് റിപോര്‍ട്ടില്‍ പറയുന്നു. ഒരു എഫ്‌ഐആറിനു പകരം രണ്ട് എഫ്‌ഐആറുകളാണ് കേസില്‍ രജിസ്റ്റര്‍ ചെയ്തത്. ഒരൊറ്റ അക്രമസംഭവമാണ് നടന്നതെന്നതിനാല്‍ ഒരു എഫ്‌ഐആര്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്യേണ്ടിയിരുന്നതെന്ന് റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
അലയന്‍സ് ഫോര്‍ ജസ്റ്റിസ് ആന്റ് അക്കൗണ്ടബിലിറ്റി ന്യൂയോര്‍ക്ക്, സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റിസ് ആന്റ് പീസ് മുംബൈ, ഇന്ത്യന്‍ അമേരിക്കന്‍ മുസ്‌ലിം കൗണ്‍സില്‍ വാഷിങ്ടണ്‍ ഡിസി, പീപ്പിള്‍സ് യൂനിയന്‍ ഫോ ര്‍ സിവില്‍ ലിബര്‍ട്ടീസ് ന്യൂഡ ല്‍ഹി, റിഹായി മഞ്ച് ലഖ്‌നോ, സൗത്ത് ഏഷ്യ സോളിഡാരിറ്റി ഗ്രൂപ്പ് ലണ്ടന്‍, യുനൈറ്റഡ് എഗെയ്ന്‍സ്റ്റ് ഹേറ്റ് ന്യൂഡല്‍ഹി തുടങ്ങിയ മനുഷ്യാവകാശ സംഘടനകളുടെ സഹകരണത്തോടെയാണ് റിപോര്‍ട്ട് തയ്യാറാക്കിയത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss