|    Mar 24 Fri, 2017 9:52 am
FLASH NEWS

കാസര്‍കോട്: സമവാക്യം മാറ്റിമറിക്കാന്‍ പൊരിഞ്ഞ പോരാട്ടം

Published : 20th April 2016 | Posted By: SMR

അബ്ദുര്‍റഹ്മാന്‍ ആലൂര്‍

കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ മൂന്നു മണ്ഡലങ്ങളില്‍ ശക്തമായ ത്രികോണ മല്‍സരം. താമര വിരിയിക്കുമെന്ന് സംഘപരിവാരം ഇടയ്ക്കിടെ പ്രഖ്യാപിക്കുന്ന കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ യുഡിഎഫ്, എല്‍ഡിഎഫ്, ബിജെപി പാര്‍ട്ടികള്‍ നേര്‍ക്കുനേര്‍ പോരാട്ടത്തിലാണ്. കെ സുധാകരന്റെ സ്ഥാനാര്‍ഥിത്വം കൊണ്ട് സംസ്ഥാന ശ്രദ്ധ പിടിച്ചുപറ്റിയ ഉദുമയിലും ശക്തമായ മല്‍സരമാണ്.
മഞ്ചേശ്വരത്ത് സിറ്റിങ് എംഎല്‍എ പി ബി അബ്ദുര്‍റസാഖിനെ തളയ്ക്കാന്‍ എല്‍ഡിഎഫിലെ സി എച്ച് കുഞ്ഞമ്പുവും ബിജെപിയിലെ കെ സുരേന്ദ്രനും സജീവമാണ്. കഴിഞ്ഞ തവണയും ഇവര്‍ മൂന്നുപേരായിരുന്നു ഇവിടെ മല്‍സരിച്ചത്. ശക്തമായ മല്‍സരത്തില്‍ കെ സുരേന്ദ്രനെ 5828 വോട്ടുകള്‍ക്കു പരാജയപ്പെടുത്തി പി ബി അബ്ദുര്‍റസാഖ് വിജയിച്ചു. അന്ന് സിറ്റിങ് എംഎല്‍എയായിരുന്ന സി എച്ച് കുഞ്ഞമ്പു മൂന്നാംസ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. സുരേന്ദ്രനു വേണ്ടി കര്‍ണാടകയില്‍നിന്നുള്ള ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ബൂത്ത് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നു. 2006 ആവര്‍ത്തിക്കുമെന്നുള്ള പ്രഖ്യാപനത്തോടെയാണ് സി എച്ച് കുഞ്ഞമ്പു പ്രചാരണം നടത്തുന്നത്. സിറ്റിങ് എംഎല്‍എ എന്‍ എ നെല്ലിക്കുന്ന് വീണ്ടും ജനവിധി തേടുന്ന കാസര്‍കോട് മണ്ഡലത്തില്‍ തന്റെ പഴയ സഹപ്രവര്‍ത്തകനും ഐഎന്‍എല്‍ നേതാവുമായ ഡോ. എ എ അമീനാണ് എല്‍ഡിഎഫ്-ഐഎന്‍എല്‍ സ്ഥാനാര്‍ഥി. ബിജെപിക്ക് വേണ്ടി രവീശതന്ത്രി കുണ്ടാര്‍ മല്‍സരിക്കുന്നു. കഴിഞ്ഞ തവണ 9738 വോട്ടുകള്‍ക്ക് തൊട്ടടുത്ത എതിരാളി ബിജെപിയിലെ ജയലക്ഷ്മി എന്‍ ഭട്ടിനെ പരാജയപ്പെടുത്തിയാണ് എന്‍ എ നെല്ലിക്കുന്നു വിജയിച്ചത്. ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ രവീശതന്ത്രി കുണ്ടാറിനെ കുമ്മനം രാജശേഖരന്റെ പ്രത്യേക താല്‍പര്യപ്രകാരമാണ് ഇവിടെ സ്ഥാനാര്‍ഥിയാക്കിയത്. ഇതില്‍ ബിജെപി അണികള്‍ക്ക് ഏറെ അമര്‍ഷമുണ്ട്. കെ സുധാകരന്‍ മല്‍സരരംഗത്തിറങ്ങിയ ഉദുമയില്‍ സിറ്റിങ് എംഎല്‍എ സിപിഎമ്മിലെ കെ കുഞ്ഞിരാമനാണ് വീണ്ടും മല്‍സരിക്കുന്നത്. എസ്ഡിപിഐയിലെ മുഹമ്മദ് പാക്യാര ഇവിടെ മല്‍സരിക്കുന്നു.
സുധാകരന്റെ സ്ഥാനാര്‍ഥിത്വത്തോടെ യുഡിഎഫില്‍ ഐക്യം പുനസ്ഥാപിക്കാനായിട്ടുണ്ട്. വികസന നേട്ടങ്ങള്‍ ഉയര്‍ത്തിയാണ് കെ കുഞ്ഞിരാമന്‍ വോട്ട് തേടുന്നത്. ബിജെപി ജില്ലാ പ്രസിഡന്റ് കൂടിയായ കെ ശ്രീകാന്ത് ഇവിടെ മല്‍സരിക്കുന്നു. കഴിഞ്ഞ തവണ 11,380 വോട്ടുകള്‍ക്ക് ഡിസിസി പ്രസിഡന്റ് സി കെ ശ്രീധരനെ പരാജയപ്പെടുത്തിയാണ് കുഞ്ഞിരാമന്‍ വിജയിച്ചത്. സിപിഐയിലെ ഇ ചന്ദ്രശേഖരന്‍ എംഎല്‍എ വീണ്ടും ജനവിധി തേടുന്ന കാഞ്ഞങ്ങാട് മണ്ഡലത്തില്‍ ഇദ്ദേഹത്തെ നേരിടുന്നത് ഡിസിസി സെക്രട്ടറി കൂടിയായ യുഡിഎഫിലെ ധന്യ സുരേഷാണ്.
കോണ്‍ഗ്രസ്സില്‍ മഹിള, യുവജന പ്രാതിനിധ്യം ഉറപ്പുവരുത്താനാണ് ധന്യ സുരേഷിനെ സ്ഥാനാര്‍ഥിയാക്കിയത്. ബിഡിജെഎസിലെ എം പി രാഘവനും മല്‍സരത്തിനുണ്ട്. കഴിഞ്ഞ തവണ 12,178 വോട്ടുകള്‍ക്ക് യുഡിഎഫിലെ എം സി ജോസിനെ പരാജയപ്പെടുത്തിയാണ് ഇ ചന്ദ്രശേഖരന്‍ വിജയിച്ചത്. കെപിസിസി ജനറല്‍ സെക്രട്ടറി കെ പി കുഞ്ഞിക്കണ്ണന്‍ മല്‍സരിക്കുന്ന തൃക്കരിപ്പൂര്‍ മണ്ഡലത്തിലും ശക്തമായ മല്‍സരമാണു നടക്കുന്നത്. എല്‍ഡിഎഫിനു വേണ്ടി സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം രാജഗോപാലാണ് ഇവിടെ മല്‍സരിക്കുന്നത്. എസ്ഡിപിഐയിലെ ഷൗക്കത്തലിയും മല്‍സര രംഗത്തുണ്ട്.
സിറ്റിങ് എംഎല്‍എയായിരുന്ന കെ കുഞ്ഞിരാമന്‍ രണ്ട് ടേം പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് ഇദ്ദേഹത്തിന് സീറ്റ് നല്‍കിയിരുന്നില്ല. കഴിഞ്ഞ തവണ 8865 വോട്ടുകള്‍ക്ക് യുഡിഎഫിലെ കെ വി ഗംഗാധരനെ പരാജയപ്പെടുത്തിയാണ് കെ കുഞ്ഞിരാമന്‍ വിജയിച്ചത്. എന്നാല്‍, പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഉദുമ, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളില്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ മുന്നിലായിരുന്നു. ജില്ലയില്‍ യുഡിഎഫ്, എല്‍ഡിഎഫ് കക്ഷികള്‍ക്ക് നിലവിലുള്ള സമവാക്യം മാറ്റിമറിക്കാനാണ് ഇരുമുന്നണികളും ശ്രമിക്കുന്നത്. യുഡിഎഫിന് രണ്ടും എല്‍ഡിഎഫിന് മൂന്നും എംഎല്‍എമാരാണുള്ളത്. ഇതിനിടയിലാണ് താമര വിരിയിക്കാനുള്ള മോഹവുമായി ബിജെപി വീണ്ടും കാസര്‍കോട്ടും മഞ്ചേശ്വരത്തും പോരാട്ടം നടത്തുന്നത്.

(Visited 189 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക