|    Apr 23 Sun, 2017 1:32 pm
FLASH NEWS

കാസര്‍കോട് മജിസ്‌ട്രേറ്റിന് കര്‍ണാടകയില്‍ പോലിസ് മര്‍ദ്ദനം

Published : 7th November 2016 | Posted By: Navas Ali kn

ksp-karnataka-police-admit-card

കാസര്‍കോട്: കാസര്‍കോട് ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് തൃശൂര്‍ മുല്ലച്ചേരി സ്വദേശി വി കെ ഉണ്ണികൃഷ്ണ(45)നെ പോലിസിന്റെ മര്‍ദ്ദനമേറ്റ പരിക്കുകളോടെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച കര്‍ണാടക സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് പോയി തിരിച്ചുവരാന്‍ ഓട്ടോയില്‍ പോയപ്പോള്‍ ഡ്രൈവര്‍ അധിക ചാര്‍ജ്ജ് ചോദിച്ചുവെന്നും ഇതില്‍ തര്‍ക്കിച്ചപ്പോള്‍ ഡ്രൈവറും, സ്ഥലത്തുണ്ടായ ഡ്യൂട്ടി പോലിസുകാരനും തല്ലിയെന്നും മജിസ്‌ട്രേറ്റ് പറയുന്നു. ഐഡി കാര്‍ഡ് കാണിച്ചപ്പോള്‍ പിടിച്ചുവാങ്ങി വലിച്ചെറിഞ്ഞു. തുടര്‍ന്ന് എസ്‌ഐയുടെ നേതൃത്വത്തില്‍ പോലിസ് എത്തി ജീപ്പില്‍ കയറ്റി കൊണ്ടുപോയി സ്‌റ്റേഷനലെത്തിച്ച് ലോക്കപ്പിലിടുകയും ഷൂ ഇട്ട കാല്‍ കൊണ്ട് ചവിട്ടുകയും നെറ്റിയില്‍ തലകൊണ്ടിടിക്കുകയും ദേഹമാസകലം മര്‍ദ്ദിക്കുകയും ചെയ്തുവെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ഫോണില്‍ ജഡ്ജിമാരുടെ നമ്പറുകള്‍ കണ്ടതോടെയാണ് പോലിസിന് കാര്യം ബോധ്യപ്പെട്ടത്. ഇതിനിടെ ഒരു പവന്റെ വിവാഹമോതിരവും 6000 രൂപ വലിവരുന്ന കണ്ണടയും 700 രൂപയും ഷൂവും പോലിസുകാര്‍ എടുത്തെന്നും മജിട്രേറ്റ് പറഞ്ഞു.
അതേസമയം മജിസ്‌ട്രേറ്റിനെതിരെ കര്‍ണാടക സുള്ള്യ പോലിസ് സ്‌റ്റേഷനില്‍ ഐപിസി 506, 323, 341, 504 വകുപ്പുകള്‍ പ്രകാരം രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ദക്ഷിണ കനറ അഡീ. എസ്പി ദേവമൂര്‍ത്തി അറിയിച്ചു. ഡ്രൈവര്‍ അബൂബക്കറിനെ മര്‍ദ്ദിച്ചതിനും പോലിസുകാരെ മനപൂര്‍വ്വമുള്ള ദേഹോപദ്രവം ഏല്‍പ്പിച്ചതിനുമാണ് കേസ്. സംഭവം വിവാദമായതോടെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മജിസ്‌ട്രേറ്റില്‍ നിന്ന് റിപോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day