|    Nov 19 Mon, 2018 2:02 am
FLASH NEWS

കാസര്‍കോട് തുറമുഖ നിര്‍മാണം: രണ്ടാംഘട്ടം മന്ദഗതിയില്‍

Published : 17th October 2018 | Posted By: kasim kzm

കാസര്‍കോട്: തീരദേശ മേഖലയിലെ മല്‍സ്യത്തൊഴിലാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കാസര്‍കോട് തുറമുഖത്തിന്റെ രണ്ടാം ഘട്ട നിര്‍മാണ പ്രവര്‍ത്തനം ഫണ്ടില്ലെന്ന കാരണത്താല്‍ മുടങ്ങി. 2008ല്‍ അനുമതി ലഭിച്ച് 2010ല്‍ നിര്‍മാണം ആരംഭിച്ച തുറമുഖത്തിന്റെ ഒന്നാംഘട്ട പ്രവൃത്തികള്‍ 2015ല്‍ പൂര്‍ത്തിയായിരുന്നു. പൂര്‍ണമായും കേന്ദ്രാവിഷ്‌കൃത ഫണ്ട് ഉപയോഗിച്ചാണ് നിര്‍മാണം. രാഷ്ട്രീയ കൃഷി വികാസ് യോജന (ആര്‍കെവിവൈ) പദ്ധതിയില്‍ 29.75 കോടി രൂപ ചെലവിലാണ് ആദ്യഘട്ട നിര്‍മാണ പ്രവൃത്തി പൂര്‍ത്തിയാക്കിയത്. പൂനെ ആസ്ഥാനമായ സിഡബ്ല്യൂപിആര്‍എസ് ആണ് മാതൃകാപഠനം നടത്തി റിപോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍ നിര്‍മാണം പൂര്‍ത്തിയായപ്പോള്‍ പുലിമുട്ട് അശാസ്ത്രീയമാണെന്ന് ആരോപിച്ച് മല്‍സ്യത്തൊഴിലാളികള്‍ രംഗത്തുവരികയായിരുന്നു.
ഈ ഹാര്‍ബറില്‍ 250 ബോട്ടുകള്‍ക്ക് ഒരേ സമയം നിര്‍ത്തിയിടാനുള്ള സംവിധാനമാണുള്ളത്. മല്‍സ്യ ലേലഹാളും വാര്‍പ്പും പാര്‍ക്കിങ് ഏരിയയും മറ്റു അനുബന്ധ സംവിധാനങ്ങളും പൂര്‍ത്തീകരിച്ചിട്ടുണ്ട്. നഗരത്തില്‍ നിന്ന് ഹാര്‍ബറിലേക്കുള്ള രണ്ട് കിലോമീറ്റര്‍ റോഡ് വികസിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഹാര്‍ബറിലേക്ക് ബോട്ടുകള്‍ അടുപ്പിക്കാനുള്ള ചാനല്‍ മണല്‍ നിറഞ്ഞതിനാല്‍ ബോട്ടുകള്‍ അടുപ്പിക്കുന്ന സമയത്ത് അപകടത്തിനിടയാകുമെന്ന് ചൂണ്ടിക്കാട്ടി മല്‍സ്യത്തൊഴിലാളികള്‍ രംഗത്ത് വരികയായിരുന്നു. ഇപ്പോഴുള്ള മണല്‍ നീക്കം ചെയ്ത് കടലിലേക്ക് പുലിമുട്ട് നീട്ടുന്നതിന് രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തി 50 കോടി രൂപ നബാര്‍ഡില്‍ നിന്ന് വായ്പ ആവശ്യപ്പെട്ട് കത്തിയച്ചിരുന്നു. എന്നാല്‍ വായ്പ നല്‍കാനാവില്ലെന്ന നിലപാടിലാണ് നബാര്‍ഡെന്ന് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ പറഞ്ഞു. ഇതോടെ ഹാര്‍ബര്‍ എന്‍ജിനിയറിങ് വിഭാഗം മുന്‍കൈയെടുത്ത് നിര്‍മാണ പ്രവൃത്തി ഉടന്‍ ആരംഭിക്കണമെന്നും ഇതിന് സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് അനുവദിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് കത്ത് നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. രണ്ടാഴ്ച മുമ്പ് പൂന ആസ്ഥാനമായുളള സിഡബ്ല്യുപിആര്‍എസ് അധികൃതര്‍ ഹാര്‍ബര്‍ സന്ദര്‍ശിക്കുകയും വീണ്ടും മാതൃകാപഠനത്തിനുള്ള കാര്യങ്ങള്‍ ആരാഞ്ഞിരുന്നു. ഹാര്‍ബര്‍ യാഥാര്‍ത്ഥ്യമായാല്‍ കുമ്പള, മൊഗ്രാല്‍, ചേരങ്കൈ, കസബ, കീഴൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേ മല്‍സ്യത്തൊഴിലാളികള്‍ക്ക് ഏറേ പ്രയോജനപ്പെടും, എന്നാല്‍ കാസര്‍കോട് പാക്കേജില്‍ ഉള്‍പ്പെടുത്തി നിര്‍മാണത്തിന് ആവശ്യമായ ഫണ്ട് അനുവദിക്കാനും അധികൃതര്‍ തയ്യാറാവുന്നില്ല ഇതോടെ കാസര്‍കോട് തുറമുഖത്തിന്റെ രണ്ടാംഘട്ട പ്രവൃത്തി അനിശ്ചിതത്വത്തിലായി. അതിനിടെ ബേക്കല്‍, അജാനൂര്‍ എന്നിവിടങ്ങളില്‍ പുതിയതുറമുഖം സ്ഥാപിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. ഇതോടെ കോടികള്‍ മുടക്കിയ കാസര്‍കോട് തുറമുഖം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവരുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.

x

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss