|    Nov 17 Sat, 2018 5:58 am
FLASH NEWS

കാസര്‍കോട് ജില്ലയ്ക്ക് മെഡിക്കല്‍ കോളജ് മരീചിക

Published : 4th August 2018 | Posted By: kasim kzm

കാസര്‍കോട്്: ജില്ലയില്‍ ഒരു മെഡിക്കല്‍ കോളജ് എന്ന സ്വപ്‌നം മരീചികയാവുന്നു. ജില്ലയിലെ ജനങ്ങളും ജനപ്രതിനിധികളും ഒറ്റക്കെട്ടായി ഇറങ്ങിയ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് കേരളത്തിന് ഇല്ലെന്ന കേന്ദ്രമന്ത്രി ജെ പി നദ്ദയുടെ മറുപടിയോടെ കാസര്‍കോടന്‍ ജനതയുടെ ഒരു മെഡിക്കല്‍ കോളജിന് വേണ്ടിയുള്ള ആഗ്രഹവും നടക്കാത്ത സ്ഥിതിയായി.
കേരളത്തിന് എയിംസ് അനുവദിക്കാന്‍ തീരുമാനിച്ചതായി കേന്ദ്രമന്ത്രി അറിയിച്ചതായി സംസ്ഥാന ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കിയിരുന്നു. ഇത് കാസര്‍കോട് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ ഭേദമന്യേ എല്ലാജനങ്ങളും ഒരുമിക്കുകയായിരുന്നു. ബിജെപി ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെയുള്ള സര്‍വകക്ഷി സംഘം ഇതിനായി ഉപരാഷ്ട്രപതിയേയും കേന്ദ്ര ആരോഗ്യമന്ത്രിയേയും കണ്ടിരുന്നു.
അന്നൊന്നും സംസ്ഥാനത്ത് എയിംസ് അനുവദിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞിരുന്നില്ല. എയിംസിനായി ഈമാസം 20ന് പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ ബഹുജനറാലി നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
കേന്ദ്ര മെഡിക്കല്‍ കോളജ് അനുവദിക്കുകയാണെങ്കില്‍ ജില്ലയില്‍ കരിന്തളം, പെരിയ തുടങ്ങിയ സ്ഥലങ്ങളില്‍ ഭൂമി കണ്ടെത്തുകയും ചെയ്തിരുന്നു.
കേന്ദ്രസര്‍വകലാശാലക്ക് കീഴില്‍ ഒരു മെഡിക്കല്‍ കോളജ് വരുമെന്ന പ്രതീക്ഷ നേരത്തെയുണ്ടായിരുന്നു. എന്നാല്‍ കേന്ദ്രസര്‍വകലാശാലയുടെ സാങ്കേതികതയില്‍ കുടുങ്ങി ഇതും നടക്കാത്ത സാഹചര്യത്തിലാണ് എയിംസിന് വേണ്ടി ജില്ലയിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി ഇറങ്ങിയത്.
സര്‍ക്കാറുകളുടെ തെറ്റായനയംമൂലം എന്‍ഡോസള്‍ഫാന്‍ ദുരന്തം അനുഭവിക്കുന്ന ഒരുജനതക്ക് ചികില്‍സാ സൗകര്യംപോലുമില്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഉള്‍പ്പെടെ എന്‍ഡോസള്‍ഫാന്‍ രോഗികള്‍ക്ക് വിദഗ്ധ ചികില്‍സ ലഭ്യമാക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ ചികില്‍സക്ക് യാതൊരു സൗകര്യവുമില്ലാത്ത സ്ഥിതിയാണ്. രോഗം കണ്ടുപിടിക്കുമ്പോഴേക്കും രോഗി മരിക്കുന്ന അവസ്ഥയാണ് ജില്ലയിലുള്ളത്.
സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച മെഡിക്കല്‍ കോളജ് എങ്ങുമെത്തിയില്ല. കാസര്‍കോട് മെഡിക്കല്‍ കോളജ് അനുവദിക്കുമ്പോള്‍ അനുവദിച്ച മഞ്ചേരി മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. മംഗലാപുരത്തെ മെഡിക്കല്‍ കോളജ് ലോബി കാസര്‍കോട് മെഡിക്കല്‍ കോളജ് വരാതിരിക്കാന്‍ ശ്രമം നടത്തുന്നുണ്ടെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss