|    Oct 24 Tue, 2017 9:45 am
FLASH NEWS

കാസര്‍കോട്-കാഞ്ഞങ്ങാട് കെഎസ്ടിപി റോഡ് മരണക്കളമാവുന്നു; മൂന്നു മാസത്തിനിടയില്‍ മരിച്ചത് 12 പേര്‍

Published : 29th August 2016 | Posted By: SMR

ഉദുമ: കാസര്‍കോട്-കാഞ്ഞങ്ങാട് തീരദേശപാതയായ കെഎസ്ടിപി റോഡില്‍ അപകടങ്ങള്‍ കൂടുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ ഈ റോഡില്‍ പിടഞ്ഞ് വീണ് മരിച്ചത് 12ഓളം പേര്‍. കഴിഞ്ഞ റമദാനില്‍ ഒരു കുടുംബം സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് ആറ് പേര്‍ മരണപ്പെട്ടിരുന്നു. ഇതിന് ശേഷം ചെറുതുംവലുതുമായ അപകടങ്ങളില്‍ മറ്റ് ആറോളം പേര്‍ മരണപ്പെട്ടു.
ഇന്നലെ വൈകിട്ട് റോഡരികിലൂടെ നടന്നുപോവുകയായിരുന്നവരുടെ ഇടയിലേക്ക് കാര്‍ നിയന്ത്രണം വിട്ട് പാഞ്ഞുകയറി പ്ലസ് വണ്‍ വിദ്യാര്‍ഥി മരണപ്പെടുകയും രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കെഎസ്ടിപി റോഡിലെ അമിത വേഗതയാണ് മിക്ക അപകടങ്ങള്‍ക്കും കാരണമാകുന്നത്.
അപകടമുന്നറിയിപ്പ് നല്‍കുന്ന ബോര്‍ഡുകളോ സിഗ്നലുകളോ ഇല്ലാത്തത് മൂലം വഴിയാത്രക്കാര്‍ പോലും ഭീതിയോടെയാണ് നടന്നുപോകുന്നത്.
ഇന്നലെ വൈകിട്ട് മൂന്നോടെയാണ് വിദ്യാര്‍ഥി മറ്റു രണ്ടു കൂട്ടുകാരോടൊപ്പം നടന്നുപോകുന്നതിനിടയില്‍ അമിത വേഗതയില്‍ വന്ന, കോണ്‍ഗ്രസ് നേതാവിന്റെ കാര്‍ നിയന്ത്രണം വിട്ട് ഇവരുടെ മേല്‍പാഞ്ഞുകയറിയത്. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിയെ ഉദുമയിലെ ആശുപത്രിയിലേക്ക് എത്തിക്കുമ്പോഴേക്കും മരണപ്പെട്ടിരുന്നു. മറ്റു രണ്ടുപേരെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെഎസ്ടിപി റോഡിലെ അപകടത്തിനെതിരെ വിവിധ സംഘടനകള്‍ നിരന്തരം ശബ്ദമുയര്‍ത്തുന്നുണ്ടെങ്കിലും അപകടം കുറക്കാന്‍ ആവശ്യമായ സംവിധാനങ്ങള്‍ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാവുന്നില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു.
സ്‌കൂളുകളിലേക്കും മദ്‌റസകളിലേക്കും പോകുന്ന വിദ്യാര്‍ഥികള്‍ റോഡരികിലൂടെ നടന്ന് കിലോമീറ്ററുകളോളം സഞ്ചരിച്ചാണ് എത്തുന്നത്. പുലര്‍ച്ചെ കാലങ്ങളില്‍ മദ്‌റസയില്‍ പോകുന്ന വിദ്യാര്‍ഥികള്‍ വാഹനങ്ങളുടെ അമിത വേഗത മൂലം ഭീതിയോടെയാണ് പോകുന്നത്. കെഎസ്ടിപി റോഡില്‍ ഹംപുകളും മറ്റു സംവിധാനങ്ങളും ഇല്ലാത്തതിനാല്‍ അമിത വേഗതയിലാണ് വാഹനങ്ങള്‍ ഓടുന്നത്. ഇത് ജനജീവിതത്തിന് വെല്ലുവിളിയാകുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക