|    Sep 22 Sat, 2018 9:12 pm
FLASH NEWS

കാസര്‍കോട്ട് സംഘര്‍ഷം സൃഷ്ടിക്കാന്‍ സംഘപരിവാര നീക്കം

Published : 21st June 2017 | Posted By: mi.ptk

കാസര്‍കോട്: പെരുന്നാള്‍ കാലത്ത് കാസര്‍കോട്ട് സംഘര്‍ഷമുണ്ടാക്കി ഭീതിവളര്‍ത്താന്‍ സംഘപരിവാരത്തിന്റെ ആസൂത്രിത നീക്കം. നഗരത്തിലും പരിസരങ്ങളിലും അക്രമം അഴിച്ചുവിട്ട് ജനജീവിതം ദുസ്സഹമാക്കാനാണ് നീക്കം നടത്തുന്നത്. റിയാസ് മൗലവിയുടെ കൊലപാതകത്തെ തുടര്‍ന്ന് കാസര്‍കോട്ട് ഉടലെടുക്കുമായിരുന്ന സംഘര്‍ഷം നാട്ടുകാരുടേയും പോലിസിന്റെയും സമയോചിതമായ ഇടപെടല്‍മൂലം ഒഴിവായിരുന്നു. എന്നാല്‍ ഇതിന് ശേഷം ഒളിഞ്ഞും തെളിഞ്ഞും മധൂര്‍ പഞ്ചായത്തിലും കാസര്‍കോട് നഗരസഭാ പരിധിയിലും സമുദായിക സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമത്തിലായിരുന്നു സംഘപരിവാര്‍. കിംവദന്തികളും ഊഹാപോഹങ്ങളും പ്രചരിപ്പിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ സാമുദായിക അനൈക്യം സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇവര്‍ നടത്തിവരുന്നത്. കഴിഞ്ഞ ദിവസം യാതൊരു പ്രകോപനവുമില്ലാതെയാണ് ചൂരിയിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ രണ്ട് യുവാക്കളെ സംഘ്പരിവാര്‍ ക്രിമിനല്‍ സംഘം അക്രമിച്ചത്. ഇതിന്റെ സൂത്രധാരനായ കറന്തക്കാട്ടെ സന്ദീപ് നാല് കേസുകളില്‍ പ്രതിയാണ്. കേസില്‍ പെടുമ്പോഴേല്ലാം ഇയാളെ രക്ഷപ്പെടുത്തുന്നത് ആര്‍എസ്എസ്-ബിജെപി സംഘമാണ്. ആര്‍ഡിഒ കോടതിയില്‍ നല്ലനടപ്പിന് ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് സന്ദീപിന്റെ പേരില്‍ പോലിസ് റിപോര്‍ട്ട് നല്‍കിയിട്ടുണ്ട്. ന്യൂനപക്ഷ വിഭാഗങ്ങളെ നിരന്തരം അക്രമിക്കുന്നത് പതിവാക്കിയ സന്ദീപിനെ പിടികൂടിയാല്‍ ഉടന്‍ സംഘപരിവാര നേതാക്കള്‍ മോചിപ്പിക്കുകയാണ് പതിവ്. കാസര്‍കോട്ട് സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്ന് അറിഞ്ഞിട്ടും ചൂരിപോലുള്ള സ്ഥലത്ത് രാത്രികാല പോലിസ് കാവല്‍ ഇല്ലാത്തത് സാമൂഹിക വിരുദ്ധര്‍ക്ക് സഹായകമാകുന്നുണ്ട്. ചൂരി കേന്ദ്രീകരിച്ചാണ് സംഘപരിവാര്‍ സംഘങ്ങള്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അക്രമണങ്ങള്‍ നടത്തുന്നത്. ഈ ഭാഗത്ത് മൂന്നോളം ജീവനുകളാണ് സാമൂദായിക സംഘര്‍ഷത്തില്‍ നഷ്ടപ്പെട്ടത്. ഒരാഴ്ച മുമ്പ് കാസര്‍കോട് പഴയ ബസ് സ്റ്റാന്റിലെത്തിയ കൂഡ്‌ലു ഭാഗത്തെ ഒരു സംഘം യുവാക്കള്‍ ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ട സ്ത്രീകളെ അവഹേളിക്കുകയും വ്യാപാരികളെ അക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. വ്യാപാരികള്‍ ഒന്നിച്ച് കൂടി ഇവരെ പിടികൂടി പോലിസില്‍ ഏല്‍പ്പിക്കുകയായിരുന്നു. കോളനികള്‍ കേന്ദ്രീകരിച്ച് വ്യാപകമായി മദ്യമൊഴുക്കി യുവാക്കളെ മദ്യത്തിനടിമകളാക്കി സാമൂഹിക വിരുദ്ധ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന സംഘപരിവാര്‍ നീക്കത്തിനെതിരെ ജനങ്ങളില്‍ പ്രതിഷേധം ഉയരുന്നുണ്ട്. ഐക്യത്തോടെ ജനങ്ങള്‍ കഴിഞ്ഞുകൂടുന്ന പ്രദേശങ്ങളില്‍ വിഭാഗീയത ഇളക്കിവിട്ട് മുതലെടുക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss