|    Oct 15 Mon, 2018 6:39 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

കാസര്‍കോട്ടെ സോളാര്‍ വൈദ്യുതി പാര്‍ക്കുകള്‍ ലക്ഷ്യം കണ്ടില്ല

Published : 9th September 2017 | Posted By: fsq

 

എ പി  വിനോദ്

കാഞ്ഞങ്ങാട്: ജില്ലയില്‍ ഡിസംബറിനകം 100 മെഗാവാട്ട് സോളാര്‍ വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം ഫലം കണ്ടില്ല. പദ്ധതി വൈകുന്നതു സംബന്ധിച്ച് കേന്ദ്ര പുനരുപയോഗ ഊര്‍ജമന്ത്രാലയം സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞയാഴ്ച കത്തയച്ചിരുന്നു. 150 മെഗാവാട്ട് സോളാര്‍ വൈദ്യുതി ഉല്‍പാദിപ്പിക്കുമെന്ന് ഊര്‍ജമന്ത്രാലയത്തിനു നല്‍കിയ ഉറപ്പ് പാലിക്കാത്തതിനെ തുടര്‍ന്നാണു കത്തയച്ചത്. കാസര്‍കോട് ജില്ലയിലെ കിനാനൂര്‍, മടിക്കൈ, അമ്പലത്തറ, മഞ്ചേശ്വരം പൈവളിഗെ, മീഞ്ച വില്ലേജുകളില്‍ സോളാര്‍ പാര്‍ക്ക് സ്ഥാപിച്ച് 200 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാനായിരുന്നു സംസ്ഥാന സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയത്. 2015 സപ്തംബറില്‍ അനുമതി ലഭിച്ച പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ അമ്പലത്തറ വെള്ളൂടയിലെ 250 ഏക്കര്‍ സ്ഥലത്ത് പാര്‍ക്കിന്റെ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. കെഎസ്ഇബിയും സോളാര്‍ എനര്‍ജി കോര്‍പറേഷന്‍ ഓഫ് ഇന്ത്യയും സംയുക്തമായി തുടങ്ങിയ ഈ സംരംഭത്തില്‍ നിന്ന് 35 മെഗാവാട്ട് സോളാര്‍ വൈദ്യുതി ഉല്‍പാദിപ്പിക്കുകയും ചെയ്തു. ഇതിന്റെ വിതരണത്തിനായുള്ള സബ്‌സ്റ്റേഷന്‍ ഉള്‍പ്പെടെയുള്ള സംവിധാനവും പൂര്‍ത്തിയായിട്ടുണ്ട്. ആദ്യഘട്ട പ്രസാരണവും വിജയകരമായി പൂര്‍ത്തിയായിരുന്നു. എന്നാല്‍, തുടര്‍ന്ന് വൈദ്യുതി ഉല്‍പാദനം വിപുലീകരിക്കാനുള്ള കമ്പനിയുടെ പ്രവര്‍ത്തനത്തിന് പ്രാദേശിക സിപിഎം നേതൃത്വം തടസ്സം നില്‍ക്കുകയായിരുന്നു.  സോളാര്‍ പാര്‍ക്കിനു വേണ്ടി കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ കിനാനൂര്‍-34, കൊല്ലംപാറ- 23, കരിന്തളം- 11 ഹെക്റ്റര്‍ റവന്യൂഭൂമി കെഎസ്ഇബി ഏറ്റെടുത്ത് വേലികെട്ടി തിരിച്ചിട്ടുണ്ടെങ്കിലും ഇവിടെ പദ്ധതി തുടങ്ങാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണു സിപിഎം നേതൃത്വം നല്‍കുന്ന കിനാനൂര്‍-കരിന്തളം പഞ്ചായത്ത് ഭരണസമിതിയുടേത്. പിഡബ്ല്യുഡി റോഡിനോട് ചേര്‍ന്നുള്ള ഈ സ്ഥലം പഞ്ചായത്തിന്റെ അടിസ്ഥാന വികസനത്തിന് ഉപയോഗപ്പെടുത്തണമെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് എ വിധുബാലയുടെ നിലപാട്. കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി പദ്ധതിപ്രകാരം വികസനപ്രവര്‍ത്തനങ്ങള്‍ക്കായി രണ്ടുകോടി രൂപ കമ്പനി വാഗ്ദാനം ചെയ്‌തെങ്കിലും പഞ്ചായത്ത് ഇതു നിരസിക്കുകയായിരുന്നു. സോളാര്‍ കമ്പനി നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന് മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് സി പ്രഭാകരന്‍ പറഞ്ഞു.മഞ്ചേശ്വരം മണ്ഡലത്തിലെ പൈവളിഗെയില്‍ സോളാര്‍ പാര്‍ക്കിന് 2016ല്‍ കണ്ടെത്തി കെഎസ്ഇബിക്ക് കൈമാറിയ 450 ഏക്കറില്‍ 50 ഏക്കര്‍ ചരിഞ്ഞ ഭൂമിയായതുകൊണ്ട് ഉപയോഗിക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. ഇതില്‍ 25 ഏക്കര്‍ സ്ഥലം പട്ടയഭൂമിയാണെന്ന് ആരോപിച്ച് കൈവശക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. കെഎസ്ഇബി ഏറ്റെടുത്ത സ്ഥലത്ത് ഇതുവരെ പദ്ധതി ആരംഭിക്കാനായിട്ടില്ല. സംസ്ഥാനത്തിന് സോളാര്‍ വൈദ്യുതോല്‍പാദനത്തില്‍ കുതിച്ചുചാട്ടമുണ്ടാക്കാന്‍ കഴിയുന്ന പദ്ധതികളാണ് സര്‍ക്കാരിന്റെ പിടിപ്പുകേടുമൂലം പാതിവഴിയിലെത്തിനില്‍ക്കുന്നത്. പദ്ധതിയുമായി മുന്നോട്ടുപോവുമെന്ന് വൈദ്യുതിമന്ത്രി എം എം മണി പറഞ്ഞു. പദ്ധതി നിലയ്ക്കുമോയെന്ന ചോദ്യത്തിന് അതേക്കുറിച്ച് തനിക്കൊന്നും പറയാന്‍ കഴിയില്ലെന്നായിരുന്നു റവന്യൂമന്ത്രിയും സ്ഥലം എംഎല്‍എയുമായ ഇ ചന്ദ്രശേഖരന്റെ മറുപടി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss