|    Oct 23 Tue, 2018 9:33 pm
FLASH NEWS

കാസര്‍കോട്ടെ സാമുദായിക കൊലപാതകക്കേസുകളില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടുന്നില്ല ; പ്രതിഷേധം ശക്തമാവുന്നു

Published : 19th September 2017 | Posted By: fsq

 

കാസര്‍കോട്്: കാസര്‍കോടിന്റേയും സമീപ പ്രദേശങ്ങളുടേയും ഉറക്കം കെടുത്തുന്ന സാമൂദായിക സംഘര്‍ഷങ്ങളിലേയും കൊലപാതക കേസുകളിലെ പ്രതികള്‍ ശിക്ഷിക്കപ്പെടാത്തതിനാല്‍ ജനങ്ങള്‍ ഭീതിയിലാവുന്നു. 1992 ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിന് ശേഷം കാസര്‍കോട്ടും പരിസരങ്ങളിലും നടന്ന നിരവധി സാമൂദായിക കൊലപാതക കേസുകളില്‍ ഒന്നില്‍പോലും പ്രതികള്‍ ശിക്ഷിക്കപ്പെട്ടിരുന്നില്ല. ബാബരി ദുരന്തത്തെ തുടര്‍ന്ന് 14 പേരാണ് അന്ന് ജില്ലയില്‍ കൊല്ലപ്പെട്ടത്. ഇതിന് ശേഷം മധൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ നടന്ന അക്രമങ്ങളില്‍ 12ഓളം കൊല്ലപ്പെട്ടിട്ടുണ്ട്. 2008 ഏപ്രില്‍ 14ന് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് വച്ച് സന്ദീപ് എന്ന യുവാവ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഉടലെടുത്ത സാമുദായിക കലാപത്തില്‍ നാലുപേരാണ് കൊല്ലപ്പെട്ടത്. ഇതിന് ശേഷം മധൂര്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ മൂന്ന് യുവാക്കളും കറന്തക്കാട്ട് ഒരു യുവാവും കൊല്ലപ്പെട്ടിരുന്നു. അക്രമത്തില്‍ നിരവധി പേര്‍ക്കും പരിക്കേറ്റിരുന്നു. ഏറ്റവും ഒടുവിലായി കഴിഞ്ഞ മാര്‍ച്ച് 21ന് പുലര്‍ച്ചെ ചൂരി മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദിലെ താമസസ്ഥലത്ത് കിടന്നുറങ്ങുകയായിരുന്ന മദ്‌റസ അധ്യാപകന്‍ കുടക് സ്വദേശി റിയാസ് മൗലവി കൊല്ലപ്പെട്ട സംഭവമായിരുന്നു. ഈ കേസില്‍ പ്രത്യേക അന്വേഷണ സംഘം മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്യുകയും മൂന്ന് മാസത്തിന് മുമ്പ് കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തതിനാല്‍ പ്രതികള്‍ ഇപ്പോഴും റിമാന്റിലാണ്. ഈ കേസിന്റെ വിചാരണ ഈമാസം ആരംഭിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. 2008 ഏപ്രില്‍ 16ന് കൊല്ലപ്പെട്ട നെല്ലിക്കുന്ന് ബങ്കരക്കുന്നിലെ മുഹമ്മദ് സിനാന്‍ വധക്കേസില്‍ മൂന്നുപ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ സര്‍ക്കാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചിരുന്നു. എന്നാല്‍ സംഘപരിവാര ബന്ധമുള്ള പ്രതികള്‍ക്കായി ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. പി എസ് ശ്രീധരന്‍ പിള്ളയാണ് ഹാജരായത്. ഈ കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടായി ചൂണ്ടിക്കാട്ടി കോടതി പ്രതികളെ ഇന്നലെ വെറുതെവിട്ടിരുന്നു. മധൂര്‍ പഞ്ചായത്തിലെ പെരിയടുക്കയില്‍ ഡിവൈഎഫ്‌ഐ നേതാവ് റഫീഖിനെ കൊലപ്പെടുത്തിയ കേസില്‍ 2008ലാണ് പ്രതികളെ വെറുതെവിട്ടയച്ചത്. പോലിസ് അന്വേഷണത്തിലെ പിഴവാണ് പലപ്പോഴും പ്രതികള്‍ ശിക്ഷിക്കപ്പെടാതിരിക്കാന്‍ കാരണമാകുന്നത്. ഒരു കേസില്‍ വിട്ടയക്കുന്ന പ്രതികള്‍ തന്നെ വീണ്ടും മറ്റു കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതും പതിവാണ്. 2009ല്‍ മുസ്്‌ലിംലീഗ് കാസര്‍കോട് നടത്തിയ സ്വീകരണ യോഗത്തിനിടെയുണ്ടായ അക്രമ സംഭവങ്ങളില്‍ കറന്തക്കാട് വച്ച് കുമ്പള ആരിക്കാടിയിലെ അസ്്ഹറിനെ സംഘപരിവാര പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയിരുന്നു. ഈ കേസിലെ പ്രതികളേയും തെളിവില്ലാത്തതിന്റെ പേരില്‍ വിട്ടയക്കുകയായിരുന്നു. ചൂരി ബട്ടംബാറയിലെ റിഷാദ് വധക്കേസിലും പ്രതികള്‍ ശിക്ഷിക്കപ്പെട്ടിരുന്നില്ല. കാസര്‍കോട് എംജി റോഡിലെ കിടക്ക കടയില്‍ വച്ച് തളങ്കര സ്വദേശി സൈനുല്‍ ആബിദ് കൊല്ലപ്പെട്ടകേസില്‍ പ്രതിയാണ് ഇന്നലെ സിനാന്‍ വധക്കേസില്‍ വിട്ടയച്ച ജ്യോതിഷ്. ഇയാള്‍ക്കെതിരെ നിരവധി കേസുകളുണ്ടെങ്കിലും പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് പോലിസിന്റെ ഭാഗത്തുനിന്നുണ്ടാവുന്നത്. കാസര്‍കോടിന്റെ ശാപമാകുന്ന സാമുദായിക കലാപം ഇല്ലായ്മ ചെയ്യാന്‍ ഇത്തരം കേസുകളില്‍ പ്രതികള്‍ക്ക് തക്കതായ ശിക്ഷ ഉറപ്പുവരുത്തണമെന്നാണ് പൊതുസമൂഹത്തിന്റെ ആവശ്യം. ചെറിയ സംഘര്‍ഷം പോലും സാമൂദായിക കലാപത്തിന് കാരണമാകുന്ന കാസര്‍കോട് തുടര്‍ച്ചയായി കൊലപാതക കേസുകളില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടാതെ പോകുന്നത് പോലിസിലും ഭരണ സംവിധാനത്തിലും നീതിന്യായ വ്യവസ്ഥയിലും ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടാന്‍ ഇടയാകും. മക്കളും ഭര്‍ത്താക്കന്മാരും സഹോദരങ്ങളും നഷ്ടപ്പെട്ടവര്‍ കണ്ണീരും പ്രാര്‍ത്ഥനകളുമായി ഇപ്പോഴും കഴിഞ്ഞുകൂടുകയാണ്. പലപ്പോഴും പ്രതികാരത്തിന് ഇരയാകുന്നവരും ഇത്തരം കേസുകളിലെ പ്രതികളാണെന്നത് ഗൗരവമുള്ള കാര്യമാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss