|    Jul 16 Mon, 2018 6:22 pm
FLASH NEWS

കാസര്‍കോട്ടെ ഗവ. സ്‌കൂളുകളില്‍ അധ്യാപക ക്ഷാമം രൂക്ഷം

Published : 25th September 2017 | Posted By: fsq

 

കാസര്‍കോട്: ജില്ലയിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ആവശ്യത്തിന് അധ്യാപകരില്ലാത്തത് മൂലം വിദ്യാര്‍ഥികള്‍ ദുരിതത്തില്‍. ജില്ലയ്ക്ക് വെളിയില്‍ നിന്നെത്തുന്ന അധ്യാപകര്‍ കൂട്ടത്തോടെ സ്ഥലംമാറ്റം വാങ്ങിപ്പോവുന്നതാണ് പ്രതിസന്ധി കനക്കാന്‍ കാരണം. അധ്യാപകക്ഷാമം കൊണ്ട് നട്ടംതിരിയുന്ന സര്‍ക്കാര്‍ സ്‌കൂളുകള്‍ ഗസ്റ്റ് അധ്യാപകരെ ആശ്രയിച്ചാണ് ഇപ്പോള്‍ മുന്നോട്ടുപോവുന്നത്. 50 ശതമാനത്തിലേറെ ഗസ്റ്റ് അധ്യാപകര്‍ ജോലിചെയ്യുന്ന സ്‌കൂളുകളും ധാരാളം. 104 അധ്യാപകരാണ് ഈ അധ്യയനവര്‍ഷം മാത്രം ജില്ലയില്‍നിന്ന് സ്ഥലംമാറ്റം വാങ്ങിപ്പോയത്. ഇവര്‍ക്കു പകരം ആളെത്തിയിട്ടില്ല. ഇതര ജില്ലകളില്‍നിന്ന് കാസര്‍കോട്ടെത്തുന്ന അധ്യാപകര്‍ ഒന്നുകില്‍ ദീര്‍ഘകാല അവധിയില്‍ പ്രവേശിക്കുകയോ, അല്ലെങ്കില്‍ സ്ഥലംമാറ്റം വാങ്ങിപ്പോവുകയോ ആണ് പതിവ്. ഒരു അധ്യയനവര്‍ഷം തന്നെ ഒരേ വിഷയത്തിനായി പല അധ്യാപകരാണു ക്ലാസിലെത്തുന്നത്. ഇതുമൂലം വിദ്യാര്‍ഥികളുടെ കഴിവുകള്‍ മനസ്സിലാക്കാനും മൂല്യനിര്‍ണയും നടത്താനും കഴിയുന്നില്ല. ഈ സ്ഥിതി തുടര്‍ന്നാല്‍ സര്‍ക്കാര്‍ സ്‌കൂളുകളെ മാത്രം ആശ്രയിക്കുന്ന വിദ്യാര്‍ഥികളുടെ ഭാവി ത്രിശങ്കുവിലാകുമെന്ന ആശങ്കയിലാണ് രക്ഷിതാക്കള്‍. കൂടാതെ, വര്‍ഷങ്ങളായി നിയമനം കാത്തുകിടക്കുന്ന ഒഴിവുകള്‍ നികത്തിയിട്ടുമില്ല. വിവിധ വിഷയങ്ങളിലായി നൂറിലധികം അധ്യാപകരെ ആവശ്യമുള്ളപ്പോഴാണ് ഒരാളെപ്പോലും നിയമിക്കാത്തത്. കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളിലെ വിദ്യാലയങ്ങളിലാണ് അധ്യാപകക്ഷാമം ഏറെയും. വിദ്യാഭ്യാസ ഉപജില്ലകളായ കുമ്പളയിലും മഞ്ചേശ്വരത്തും സ്ഥിതി രൂക്ഷമാണ്. മൂന്നുവര്‍ഷമായി ഭാഷാധ്യാപക തസ്തികയില്‍ നിയമനം നടക്കാത്ത സ്‌കൂളുകള്‍ വരെയുണ്ട്. സംസ്ഥാനത്തെ മറ്റു ജില്ലകളില്‍ ആവശ്യത്തിന് അധ്യാപകര്‍ ഉള്ളപ്പോള്‍ കാസര്‍കോട്ടെ സ്ഥിതി വ്യത്യസ്തമാണ്. താല്‍ക്കാലിക അധ്യാപകരെ ആവശ്യപ്പെട്ടുള്ള അറിയിപ്പുകള്‍ ഏറ്റവുമധികം ഉണ്ടാവുന്നത് കാസര്‍കോട്ടു തന്നെ. ഇത്തരം സ്‌കൂളുകളില്‍ ദിവസവേതനത്തിന് താല്‍ക്കാലിക അധ്യാപകരെ നിയമിക്കാനാണ് മുകളില്‍നിന്നുള്ള നിര്‍ദേശം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss