|    May 28 Sun, 2017 10:23 am
FLASH NEWS

കാസര്‍കോട്ടെ ക്രൂസ് ഫാക്ടറി അടച്ചുപൂട്ടുന്നു

Published : 2nd August 2016 | Posted By: SMR

അബ്ദുര്‍റഹ്മാന്‍ ആലൂര്‍

കാസര്‍കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സിഎഫ്എല്‍ അടക്കമുള്ള തെരുവു വിളക്കുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ ഏജന്‍സിയെ ഒഴിവാക്കി സ്വകാര്യ ഏജന്‍സിക്ക് അനുമതി നല്‍കിയത് വിവാദമാവുന്നു.
കഴിഞ്ഞ 16ന് പുറപ്പെടുവിച്ച ഉത്തരവിലൂടെയാണ് സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ആവശ്യമായ സിഎഫ്എല്‍ അടക്കമുള്ള ബള്‍ബുകള്‍ വാങ്ങാനുള്ള ഉത്തരവ് തദ്ദേശ സ്വയംഭരണ വകുപ്പ് പുറപ്പെടുവിച്ചത്. ഇതോടെ പൊതുമേഖലാ സ്ഥാപനമായ കേരള റൂറല്‍ എംപ്ലോയീസ് വെല്‍ഫെയര്‍ സൊസൈറ്റി (ക്രൂസ്), പാലക്കാട് കൂറ്റനാട്ടെ പിഎംആര്‍ ഇലക്ട്രിക്കല്‍ പ്രൈവറ്റ് ലിമിറ്റഡും ചേര്‍ന്ന് ആവിഷ്‌കരിച്ചിരുന്ന തെരുവ് വിളക്ക് നിര്‍മാണ പദ്ധതി പാതി വഴിയിലായി.
തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലെ പഞ്ചായത്തുകള്‍ക്കാവശ്യമായ തെരുവ് വിളക്കുകള്‍ നിര്‍മിക്കുന്നതിന് സീതാംഗോളിയില്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ഫാക്ടറി സ്ഥാപിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. ക്രൂസ് ചെയര്‍മാനായിരുന്ന പരേതനായ ഗോള്‍ഡന്‍ അബ്ദുല്‍ഖാദറിന്റെ പ്രത്യേക താല്‍പര്യപ്രകാരമാണ് കാസര്‍കോട് സീതാംഗോളി കിന്‍ഫ്രയില്‍ ക്രൂസിന്റെ ഉടമസ്ഥതയിലുള്ള രണ്ടേക്കര്‍ സ്ഥലത്ത് ഫാക്ടറി സ്ഥാപിക്കാന്‍ തീരുമാനിച്ചിരുന്നത്. ഇത് യാഥാര്‍ഥ്യമാവുകയും ചെയ്തിരുന്നു. 51:49 അനുപാതത്തിലാണ് പൊതുജന-സ്വകാര്യ പങ്കാളിത്തത്തോടെ ഫാക്ടറി സ്ഥാപിക്കാന്‍ തീരുമാനിച്ചത്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍ ജില്ലകളിലെ പഞ്ചായത്തുകള്‍ക്ക് ആവശ്യമായ വിവിധയിനം സിഎഫ്എല്‍ ലാംപുകളാണ് ക്രൂസ് കാസര്‍കോട് ഓഫിസ് മുഖാന്തിരം വിതരണം ചെയ്തിരുന്നത്. തൃശൂര്‍ മുതല്‍ തെക്കോട്ടുള്ള ജില്ലകളിലേക്ക് കെല്‍ട്രോണ്‍, യുനൈറ്റഡ് ഇലക്ട്രിക്കല്‍സ് എന്നിവ മുഖാന്തിരമാണ് സിഎഫ്എല്‍ അടക്കമുള്ള ബള്‍ബുകള്‍ വിതരണം ചെയ്തിരുന്നത്.
2013ല്‍ മലബാറിലെ നാല് ജില്ലകളില്‍ ഇത് വിതരണം ചെയ്തായിരുന്നു തുടക്കം. 2014-15 വര്‍ഷം പത്ത് കോടിയുടെ സിഎഫ്എല്‍ ലാംപുകള്‍ വിതരണം ചെയ്യാനാണ് ക്രൂസ് തീരുമാനിച്ചിരുന്നത്. തുടക്കത്തില്‍ ഒരു കോടി രൂപ മുതല്‍മുടക്കില്‍ ഫാക്ടറി സ്ഥാപിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. സ്വകാര്യ കമ്പനികള്‍ വില്‍പന നടത്തുന്നതിനേക്കാള്‍ 15 ശതമാനം കുറവില്‍ പഞ്ചായത്തുകള്‍ക്ക് സിഎഫ്എല്‍ ലാംപുകള്‍ ലഭ്യമാക്കുന്ന പദ്ധതിയാണ് ഇപ്പോള്‍ അട്ടിമറിക്കപ്പെട്ടത്. സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും പഞ്ചായത്തുകള്‍ക്ക് ബള്‍ബുകള്‍ വാങ്ങാമെന്ന ഉത്തരവ് മൂലം ക്രൂസ് അടച്ചുപൂട്ടേണ്ട അവസ്ഥയിലാണ്.
കുടുംബശ്രീയുടെ നിരവധി പേരുടെ തൊഴിലവസരങ്ങളും നഷ്ടമാവും. ഗുണനിലവാരമുള്ള ബള്‍ബുകള്‍ പഞ്ചായത്തുകള്‍ക്ക് നല്‍കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ക്രൂസിന്റെ നേതൃത്വത്തില്‍ ഫാക്ടറി സ്ഥാപിക്കാന്‍ തീരുമാനിച്ചിരുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day