|    Dec 19 Wed, 2018 6:05 pm
FLASH NEWS

കാസര്‍കോടിന്റെ ജനനായകന് വിട

Published : 28th July 2018 | Posted By: kasim kzm

ചെര്‍ക്കള: യൂത്ത് ലീഗിലൂടെ രാഷ്ട്രീയത്തിലെത്തുകയും മുസ്്‌ലിംലീഗിന്റെ സംസ്ഥാന ഖജാഞ്ചിയായിരിക്കെ ഇന്നലെ രാവിലെ വിട പറയുകയും ചെയ്ത ചെര്‍ക്കളം അബ്ദുല്ലക്ക് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. അഞ്ച് പതിറ്റാണ്ടോളമായി കാസര്‍കോട് ജില്ലയിലെ യുഡിഎഫ് പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിലും മുസ്്‌ലിംലീഗിനെ ജില്ലയിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയായി വളര്‍ത്തിയെടുക്കുന്നതിലും മുഖ്യപങ്കുവഹിച്ച ചെര്‍ക്കളം അബ്ദുല്ല ഇന്നലെ രാവിലെ 8.20ഓടെയാണ് വിടവാങ്ങിയത്. സാധാരണക്കാരനില്‍ സാധാരണക്കാരനായി രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങുകയും ജനകീയ നേതാവായി ഉയരുകയും ചെയ്ത അദ്ദേഹം എംഎല്‍എയായിരിക്കുമ്പോഴും മന്ത്രിയായിരിക്കുമ്പോഴും സ്വന്തം നാടായ കാസര്‍കോടിനോടുള്ള താല്‍പര്യം ഒരിക്കലും മറന്നില്ല. മികച്ച അനൗണ്‍സറായിരുന്നു. രാഷ്ട്രീയ എതിരാളികളോട് എന്നും സ്‌നേഹവാല്‍സല്യങ്ങള്‍ കാത്തുസൂക്ഷിച്ച ചെര്‍ക്കളം വിശ്രമത്തിലായിരുന്നപ്പോള്‍ അദ്ദേഹത്തെ കാണാനെത്താത്ത നേതാക്കള്‍ അപൂര്‍വ്വമായിരുന്നു.
വ്യത്യസ്ത രാഷ്ട്രീയ ധ്രുവങ്ങളിലായിരുന്ന ബിജെപിയിലെ സി കെ പത്മനാഭനുമായി നല്ല സൗഹൃദം പൂലര്‍ത്തിയ കാര്യം കാസര്‍കോട്ടെ പല യോഗങ്ങളിലും അദ്ദേഹം പറയാറുണ്ടായിരുന്നു. നിസാര പ്രശ്‌നങ്ങള്‍ക്ക് പോലും വര്‍ഗീയതയുടെ നിറം ചാര്‍ത്തുന്ന കാലത്ത് ജനങ്ങളെ ഒന്നിപ്പിക്കാന്‍ ചെര്‍ക്കളത്തിന്റെ ശക്തമായ നിലപാടിന് സാധിച്ചിരുന്നു. ലീഗില്‍ ഗ്രൂപ്പിസവും താന്‍പോരിമയും തലപൊക്കുമ്പോള്‍ അതിനെതിരെ ശക്തമായ നടപടിയെടുക്കാന്‍ ജില്ലാ ലീഗ് അധ്യക്ഷന്‍ എന്ന നിലയില്‍ ചെര്‍ക്കളത്തിന് സാധിച്ചിട്ടുണ്ട്. ജില്ലയില്‍ ലീഗിന്റെ അവസാന വാക്ക് ചെര്‍ക്കളത്തിന്റേതായിരുന്നു. യുഡിഎഫ് ഘടകകക്ഷികളെയെല്ലാം ഒത്തൊരുമിച്ച് കൊണ്ടുപോകാന്‍ ചെര്‍ക്കളം വഹിച്ച നേതൃത്വപരമായ പങ്ക് അവിസ്മരണീയമാണ്. സപ്തഭാഷാ സംഗമഭൂമിയായ കാസര്‍കോട്ട് ഭാഷാ വൈവിധ്യങ്ങളുടെ പേരിലുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചെര്‍ക്കളം മുന്നിട്ടിറങ്ങിയിരുന്നു. കന്നഡ ഭാഷാ ന്യൂനപങ്ങള്‍ക്ക് ചെര്‍ക്കളം പ്രിയങ്കരനായിരുന്നു. പലപ്പോഴും നിയമസഭയില്‍ കന്നഡഭാഷയില്‍ സത്യപ്രതിജ്ഞ ചെയ്ത് കാസര്‍കോട്ടെ ഭാഷാ ന്യൂനപക്ഷത്തോടുള്ള കൂറ് വിളിച്ചറിയിച്ചിരുന്നു. മലപ്പുറം ജില്ലകഴിഞ്ഞാല്‍ മുസ്്‌ലിംലീഗിന്റെ ശക്തമായ കോട്ടയായി കാസര്‍കോടിനെ കാത്തുസൂക്ഷിക്കാന്‍ ഇദ്ദേഹത്തിന്റെ നേതൃപാടവത്തിന് സാധിച്ചിരുന്നു.
മഞ്ചേശ്വരത്തും കാസര്‍കോട്ടും ബിജെപിക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും ചെര്‍ക്കളത്തിന്റെ നേതൃത്വത്തിലുള്ള യുഡിഎഫിന്റെ ചിട്ടയായ പ്രവര്‍ത്തനം കൊണ്ടാണ് ബിജെപിക്ക് ഇവിടെ അക്കൗണ്ട് തുറക്കാന്‍ സാധിക്കാതെ വന്നത്. ദേശീയ തലത്തില്‍ നിന്ന്് ബിജെപി നേതാക്കളെത്തുകയും പണം ഒഴുക്കുകയും ചെയ്തിട്ടും കഴിഞ്ഞ കുറേ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള യുഡിഎഫിന് സാധിച്ചിരുന്നു.
സംസ്ഥാന രൂപീകരണം മുതല്‍ തന്നെ ഇടതുപക്ഷത്തിന് ശക്തമായ വേരോട്ടമുള്ള മഞ്ചേശ്വരത്ത് നിന്നും സിപിഐയെ പരാജയപ്പെടുത്തിയാണ് ചെര്‍ക്കളം ആദ്യമായി നിയമസഭയിലെത്തുന്നത്. അടിയുറച്ച മതവിശ്വാസിയായിരിക്കുമ്പോഴും മറ്റു മതവിശ്വാസികളോടും അവരുടെ വിശ്വാസരീതിയോടും പൂര്‍ണ്ണമായും ആദരവ് പൂലര്‍ത്തിയിരുന്നു. ഒരു മഠാധിപതി കേരളം സന്ദര്‍ശിച്ചപ്പോള്‍ ഇദ്ദേഹത്തെ ഔദ്യോഗികമായി സ്വീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭ ചെര്‍ക്കളത്തെയാണ് നിയോഗിച്ചിരുന്നത്. ഇതിനിടയില്‍ ചിലര്‍ ചെര്‍ക്കളം നെറ്റിയില്‍ പൊട്ട് തൊട്ടത് മുസ്്‌ലിം സമുദായത്തില്‍ ഏറെ ചര്‍ച്ചക്കിടയാക്കിയിരുന്നു. എന്നാല്‍ ഇതിലൊന്നും പതറുന്ന സ്വഭാവമായിരുന്നില്ല ചെര്‍ക്കളത്തിന്റേത്. നിയമസഭയില്‍ കാസര്‍കോടിന്റെ ശബ്ദം മുഴങ്ങിക്കേട്ടത് ചെര്‍ക്കളം നിയമസഭയില്‍ എത്തിയതിന് ശേഷമാണ്. ഏത് യോഗത്തിലും കൃത്യസമയത്തിന് എത്തുക എന്നത് അദ്ദേഹത്തിന്റെ ശീലമായിരുന്നു. പരിപാടിയില്‍ സംബന്ധിക്കുമ്പോള്‍ നേതാക്കളോ അനുയായികളോ എത്തിയെന്ന് നോക്കാതെ സമയകൃത്യത പാലിച്ച ചെര്‍ക്കളത്തിന്റെ രീതി ഏറെ പ്രശംസനീയമായിരുന്നു. അരനൂറ്റാണ്ടിലേറെ കാലം ജനങ്ങളെ സേവിച്ച ചെര്‍ക്കളം ഇനി ദീപ്തമായ ഓര്‍മ്മയാണ്. ഇന്നലെ വൈകിട്ട് ചെര്‍ക്കള ജുമാമസ്ജിദ് അങ്കണത്തില്‍ ഭൗതിക ശരീരം ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കി.
നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും ഒഴുകിയെത്തിയ ആയിരങ്ങള്‍ പ്രിയനേതാവിന് അന്ത്യാഞ്ജലിഅര്‍പ്പിച്ചു. മുസ്്‌ലിംലീഗ് സം സ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ്തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി എംപി, ഇ ടി ബഷീര്‍ എംപി, പി വി വഹാബ് എംപി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എംഎല്‍എമാര്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ നിരവധി പേര്‍ നേതാവിനെ ഒരു നോക്കുകാണാന്‍ എത്തിയിരുന്നു. ചെ ര്‍ക്കള ടൗണില്‍ ആദരസൂചകമായി ഇന്നലെ ഹര്‍ത്താല്‍ ആചരിച്ചു. ജനബാഹുല്യംമൂലം ഗതാഗതംപോലും തടസ്സപ്പെട്ടു. പത്ത് തവണയായി മയ്യിത്ത് നമസ്‌കാരം നടന്നു. ഹൈദരലി ശിഹാബ് തങ്ങളും പ്രഫ. കെ ആലിക്കുട്ടി മുസ്്‌ല്യാരും മയ്യിത്ത് നമസ്‌കാരത്തിന് നേതൃ ത്വം ന ല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss