|    Apr 22 Sun, 2018 2:31 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

കാഷ്യൂ കോര്‍പറേഷന്‍- കാപെക്‌സ് ഫാക്ടറികള്‍ പൂട്ടിക്കാന്‍ ശ്രമം: മന്ത്രി

Published : 14th November 2016 | Posted By: SMR

കൊല്ലം: കാഷ്യൂ കോര്‍പറേഷനിലെയും കാപെക്‌സിലെയും വി ഡി സതീശന്റെ അഴിമതിയാരോപണങ്ങള്‍ക്കു മറുപടിയുമായി മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ രംഗത്ത്. കശുവണ്ടി വികസന കോര്‍പറേഷന്റെയും കാപെക്‌സിന്റെയും ഫാക്ടറികള്‍ വീണ്ടും അടച്ചുപൂട്ടിക്കാനുള്ള നിക്ഷിപ്ത താല്‍പര്യക്കാരുടെ നീക്കം പരാജയപ്പെടുത്തണമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പ്രസ്താവനയില്‍ പറഞ്ഞു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഈ സ്ഥാപനങ്ങളെ കറവപ്പശുവായി അനുഭവിച്ചിരുന്ന ചില മുതലാളിമാര്‍ക്കും അഴിമതിക്കാര്‍ക്കും ഇവ ശക്തിപ്പെട്ടു മുന്നോട്ടുപോകുന്നത് ഇഷ്ടപ്പെടില്ല. ഇവരുടെ അഭീഷ്ടസാധ്യത്തിനാണ് വി ഡി സതീശന്റെ സത്യവിരുദ്ധമായ കാര്യങ്ങള്‍ ആവര്‍ത്തിച്ചു വിളിച്ചുപറഞ്ഞ് ഗീബല്‍സിന്റെ സന്തതിപരമ്പരയില്‍പ്പെട്ട ആള്‍ തന്നെയാണ് താനെന്ന് ഇദ്ദേഹം തെളിയിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനൊപ്പം അടിയുറച്ചുനിന്ന വിഭാഗമാണ് കശുവണ്ടി തൊഴിലാളികള്‍. അഴിമതിയില്‍ മുങ്ങിയ കോണ്‍ഗ്രസ്സിനെ രക്ഷപ്പെടുത്താനുള്ള ഒരു പാഴ്ശ്രമം കൂടിയാണ് സതീശന്റേത്. 2008-2011ലെ കാപെക്‌സിന്റെ വളര്‍ച്ചയ്ക്കു കാരണമായി അംഗീകരിക്കപ്പെട്ട ആളാണ് ഇപ്പോഴത്തെ എംഡി ആര്‍ രാജേഷ്. 2011ല്‍ യുഡിഎഫ് സര്‍ക്കാര്‍ രാജേഷിനെ മാറ്റി നിയമിക്കുകയാണുണ്ടായത്.  അതുപോലെ കെഎസ്‌സിഡിസി എംഡി ആയിരുന്ന ടി എഫ് സേവ്യര്‍ക്ക് കശുവണ്ടി വികസന കോര്‍പറേഷനെ കാര്യക്ഷമതയോടെ നയിക്കാന്‍ കഴിയുമെന്നാണ്് തന്റെ വിശ്വാസം. വിജിലന്‍സ് ക്ലിയറന്‍സ് അടക്കമുള്ള എല്ലാ നടപടിക്രമങ്ങളും പാലിച്ച് മുഖ്യമന്ത്രിയുടെ അംഗീകാരത്തോടെയാണ് നിയമനമെന്നും മന്ത്രി പറഞ്ഞു. ഇറക്കുമതി തോട്ടണ്ടി ലോക്കലായി വാങ്ങുമ്പോള്‍ ഒറിജിന്‍ വ്യവസ്ഥപ്പെടുത്തുന്നതിനു സ്വയം സാക്ഷ്യപ്പെടുത്തിയാലും മതിയാകുമെന്ന് ടെന്‍ഡര്‍ വ്യവസ്ഥകളില്‍ കൂട്ടിച്ചേര്‍ത്തത് ഗൂഢാലോചനയാണ് എന്നാണ് വി ഡി സതീശന്റെ ആരോപണം. തോട്ടണ്ടി ദൗര്‍ലഭ്യം നേരിടുന്ന നിലവിലെ സാഹചര്യത്തില്‍ ഇറക്കുമതി തോട്ടണ്ടി വാങ്ങി സൂക്ഷിക്കുന്ന എല്ലാവര്‍ക്കും ടെന്‍ഡറില്‍ പങ്കെടുക്കാന്‍ അവസരം നല്‍കുക എന്ന സദുദ്ദേശ്യം മാത്രമാണുള്ളത്.  കട്ടിങ് ടെസ്റ്റ് നടത്താതെ പണം നല്‍കി എന്നതടക്കമുള്ള നുണപ്രചാരണങ്ങളാണ് വി ഡി സതീശന്‍ നിയമസഭയില്‍ തട്ടിവിട്ടത്. ഇപ്പോള്‍ വീണിടത്തു കിടന്നുരുളുകയാണെന്നും മന്ത്രി ആരോപിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss