|    Apr 21 Sat, 2018 7:09 pm
FLASH NEWS
Home   >  Editpage  >  Editorial  >  

കാശും ശേഷിയുമുള്ളവര്‍ക്ക് മാത്രമോ അവസരം?

Published : 17th October 2015 | Posted By: RKN

‘തേച്ചുമിനുക്കിയാല്‍ കാന്തിയും മൂല്യവും വാച്ചിടും രത്‌നങ്ങള്‍ ഭരതാംബയുടെ കുക്ഷിയില്‍ ചാണകാണാതെ താണുകിടക്കുന്നു’ എന്ന കവിയുടെ വിലാപം പതിറ്റാണ്ടുകള്‍ക്കു മുമ്പാണുണ്ടായത്. പക്ഷേ, ഓണംകേറാമൂലകളില്‍നിന്നും വൃത്തിഹീനമായ ചേരികളില്‍നിന്നുമെല്ലാം സര്‍ഗസിദ്ധിയുടെ ബലവും സാഹചര്യങ്ങളുടെ ആനുകൂല്യവുംകൊണ്ട് ഔന്നത്യങ്ങളിലേക്ക് ഉയര്‍ന്നുവന്നവര്‍ ഇന്ത്യയിലെ കലാ-കായിക-സാംസ്‌കാരിക രംഗങ്ങളിലുണ്ട്. എന്നു മാത്രമല്ല, നാം കൊണ്ടാടുകയും ആരാധിക്കുകയും ചെയ്യുന്ന പ്രഖ്യാതരായ പല കലാകാരന്മാരും കായികതാരങ്ങളും ഇത്തരം സ്ലംഡോഗ് മില്യണയര്‍മാരാണ്. ചേറില്‍നിന്നു വിരിയുന്ന ചെന്താമരപോലെ അവര്‍ പൊതുമണ്ഡലത്തില്‍ വിടര്‍ന്നു പരിലസിക്കുന്നു.എന്നാല്‍, കലയും കായികരംഗവുമെല്ലാം അഭിജാതവര്‍ഗത്തിന്റെ കുത്തകയായി മാറുന്നുണ്ടോ? കലാരംഗത്ത് നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്ന കമ്പോളവല്‍ക്കരണംമൂലം കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നത് വരേണ്യ കുടുംബങ്ങളില്‍നിന്നുള്ളവര്‍ക്കാണ്.

കേരളത്തില്‍ യുവജനോല്‍സവങ്ങളിലും മറ്റും കലാപ്രതിഭയും കലാതിലകവുമാവുന്നവര്‍ ലക്ഷക്കണക്കിനു രൂപ മുടക്കി പരിശീലനം നടത്താന്‍ ശേഷിയുള്ളവര്‍ മാത്രമാണ്. പേരെടുത്ത ഗായകരുടെ മക്കള്‍ ഗായകരെന്ന നിലയിലും അഭിനേതാക്കളുടെ മക്കള്‍ അഭിനേതാക്കളെന്ന നിലയിലും വളര്‍ന്നുവരുന്നു. സര്‍ഗസിദ്ധിയെക്കാളേറെ മറ്റു പല ഘടകങ്ങളുമാണ് ഇത്തരം യുവപ്രതിഭകള്‍ക്ക് അവസരം ലഭിക്കുന്നതിനു നിമിത്തമാവുന്നത്. ആടാനും പാടാനും അഭിനയിക്കാനും കഴിവുണ്ടായാല്‍ പോര, സ്‌പോണ്‍സര്‍ ചെയ്യാന്‍ ആളുണ്ടാവുകകൂടി വേണം. അത്തരക്കാര്‍ക്ക് അവസരങ്ങള്‍ ഇഷ്ടംപോലെ.കായികരംഗത്തും ഇത്തരമൊരവസ്ഥ സംജാതമാവുന്നു എന്നതിന്റെ സൂചനകള്‍ ധാരാളമുണ്ട്. മൈതാനങ്ങളില്‍ പന്തുതട്ടിക്കളിച്ചും മലഞ്ചരിവുകളിലൂടെ ഓടിനടന്നും മറ്റും കഴിവുള്ള കുട്ടികള്‍ ഒളിംപ്യന്മാരായി വളര്‍ന്ന പാരമ്പര്യമാണ് നമ്മുടേത്. എന്നാല്‍, ഇന്ന് കായികരംഗം പരിശീലനപ്രധാനമായതോടെ സാമ്പത്തികശേഷിയുള്ളവര്‍ക്കാണ് അവസരം കൂടുതലായി ലഭിക്കുന്നത്.

കായികരംഗം ഇന്നു വന്‍ മുതല്‍മുടക്കുള്ള ബിസിനസ്സാണ്. അതിനാല്‍ അങ്കക്കോഴികളെയും പന്തയക്കുതിരകളെയും തീറ്റിപ്പോറ്റിവളര്‍ത്തുന്ന മട്ടില്‍ കളിക്കാരെ സ്വന്തം വരുതിയില്‍ നിര്‍ത്തുന്നു പല കോര്‍പറേറ്റ് സ്ഥാപനങ്ങളും. വന്‍ തുക മുടക്കി പരിശീലനം നേടാന്‍ അവസരമില്ലാത്തവര്‍ ഈ മല്‍സരത്തില്‍ പുറന്തള്ളപ്പെടുന്നു. സചിന്‍ ടെണ്ടുല്‍ക്കറുടെ സ്വന്തം ടീമായ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഫുട്‌ബോള്‍ പരിശീലനപദ്ധതി നോക്കുക. നഗരങ്ങളിലാണു പരിശീലനം. ഫുട്‌ബോള്‍ കിറ്റിന് 5,000 രൂപയും ഓരോ മാസവും പരിശീലന ഫീസായി 2,000 രൂപയും നല്‍കണം. സമ്പന്ന കുടുംബങ്ങളില്‍നിന്നുള്ള കുട്ടികള്‍ക്കു മാത്രമേ ഇത്രയും പണം മുടക്കി പരിശീലനം നേടാനാവുകയുള്ളൂ. ഗ്രാമങ്ങളില്‍നിന്നാണ് കേരളത്തിലെ മിക്ക പ്രതിഭാശാലികളായ കളിക്കാരും ഉയര്‍ന്നുവന്നത്. ഭീമമായ ഫീസ് നല്‍കി നടത്തുന്ന അക്കാദമികളിലേക്ക് ഫുട്‌ബോളിനെ പറിച്ചുനടുമ്പോള്‍, തുടക്കത്തില്‍ ഉദ്ധരിച്ച കവിവാക്യം അന്വര്‍ഥമായിത്തീരുകയാണു ചെയ്യുക.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss