ചെന്നൈ: കാവേരി മാനേജ്മെന്റ് ബോര്‍ഡ് രൂപീകരിക്കാത്ത കേന്ദ്ര നടപടിയില്‍ പ്രതിഷേധിച്ച് തമിഴ്നാട്ടില്‍ സിനിമാസംഘടനകള്‍ ഉപവാസ സമരം നടത്തി. പ്രതിഷേധസംഗമത്തില്‍ ചെന്നൈയില്‍ നടക്കാനിരിക്കുന്ന ഐപിഎല്‍ മല്‍സരങ്ങള്‍ക്കെതിരേ രൂക്ഷവിമര്‍ശനവുമായി തമിഴ് സൂപ്പര്‍താരം രജനീകാന്ത് രംഗത്തെത്തി.
കാവേരി വിഷയത്തില്‍ ജനത പ്രതിഷേധിക്കുമ്പോള്‍ ചെന്നൈയില്‍ ഐപിഎല്‍ മല്‍സരങ്ങള്‍ നടത്തുന്നത് വിരോധാഭാസമാണെന്ന് രജനീകാന്ത് ആരോപിച്ചു. ഇപ്പോള്‍ ഐപിഎല്‍ കളിക്കാനുള്ള നേരമല്ല. കാവേരി വിഷയത്തില്‍ പ്രതിഷേധിക്കണം. തമിഴ്നാടിന്റെ പ്രതിഷേധം ഐപിഎല്‍ മല്‍സരങ്ങളില്‍ പ്രതിഫലിക്കണം. ഇതിനായി ചെന്നൈ താരങ്ങള്‍ കറുത്ത ബാഡ്ജ് ധരിച്ച് മൈതാനത്തിറങ്ങണമെന്നും രജനീകാന്ത് ആവശ്യപ്പെട്ടു. തെന്നിന്ത്യന്‍ നടികര്‍ സംഘം, നിര്‍മാതാക്കളുടെ കൂട്ടായ്മ, പെപ്സി സാങ്കേതിക കൂട്ടായ്മ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ചെന്നൈയില്‍ നാലുമണിക്കുര്‍ ഉപവാസ സമരം നടന്നത്.
സമരത്തില്‍ രജനീകാന്തിനൊപ്പം നടന് കമല്ഹാസന്, വിജയ്, വിശാല്‍, കാര്‍ത്തി, പൊന്‍വണ്ണന്‍, ശിവകാര്ത്തികേയന്, ശിവകുമാര്‍, സൂര്യ, സെന്തില്‍, പശുപതി, വയ്യാപുരി, പ്രശാന്ത്, പാര്ഥിപന്, മന്‍സൂര്‍ അലി ഖാന്, ധനുഷ്, സത്യരാജ്, എസ് ജെ സൂര്യ, തമ്പി രാമയ്യ, ശക്തി, ആര്‍ത്തി, രേഖ, ധന്‍ഷിക, പി സി ശ്രീറാം, എസ് എ ചന്ദ്രശേഖര്‍, കലൈപുലി എസ് താണു തുടങ്ങി നിരവധിപേരാണ് പങ്കെടുത്തത്.
പുതിയ രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരിച്ച രജനീ കാന്തിനൊപ്പം മക്കള്‍ നീതി മയ്യം എന്ന രാഷ്ട്രീയകക്ഷി രൂപീകരിച്ച സുപ്പര്‍താരം കമല്ഹാസന് വേദി പങ്കിട്ടതും സമരവേദിയെ ശ്രദ്ധേയമാക്കി.
എന്നാല്‍, തമിഴ് സൂപ്പര്‍ താരങ്ങളായ അജിത്, ചിമ്പു, ഉദയനിധി, വിഷ്ണു, അര്ജുന്, ആര്യ, ശാന്തനു, സന്താനം, വടിവേലു, പ്രകാശ്രാജ്, ശരത്കുമാര്, രാധാരവി, അതര്‍വ, ജയ്, ഭരത്, വിക്രം പ്രഭു, ജീവ, കരുണാസ് തുടങ്ങിയവര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തില്ല.
നേരത്തേ ‘നാം തമിഴര്‍ കക്ഷി’ അടക്കമുള്ള പാര്‍ട്ടികള്‍ക്ക് പിന്നാലെ ദലിത് പാര്‍ട്ടി വിസികെയും ഐപിഎല്‍ വേദി മാറ്റണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. കാവേരി വിഷയത്തില്‍ കടുത്ത പ്രതിഷേധവുമായി രംഗത്തുള്ള മുഖ്യ പ്രതിപക്ഷമായ ഡിഎംകെ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.