|    May 29 Mon, 2017 1:11 pm
FLASH NEWS

കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരിക്കണം; ഉത്തരവ് സുപ്രിംകോടതി മരവിപ്പിച്ചു

Published : 5th October 2016 | Posted By: SMR

കെ  എ  സലിം  

ന്യൂഡല്‍ഹി: കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരിക്കണമെന്ന സ്വന്തം ഉത്തരവ് സുപ്രിംകോടതി താല്‍ക്കാലികമായി മരവിപ്പിച്ചു. പകരം പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സാങ്കേതികവിദഗ്ധരുടെ സംഘത്തെ അയക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം അംഗീകരിച്ചു. ഇക്കാര്യത്തില്‍ അന്തിമ തീര്‍പ്പുണ്ടാവുന്നതു വരെ വെള്ളിയാഴ്ച മുതല്‍ ഈ മാസം 18 വരെ പ്രതിദിനം 2000 ക്യുസെക്‌സ് വെള്ളം തമിഴ്‌നാടിന് നല്‍കാനും ഉത്തരവിട്ടു. 6,000 ക്യുസെക്‌സ് വെള്ളം നല്‍കണമെന്നായിരുന്നു നേരത്തേയുള്ള ഉത്തരവ്.
കേന്ദ്ര ജല കമ്മീഷന്‍ ചെയര്‍മാന്‍ ജി എസ് ഝായുടെ നേതൃത്വത്തിലുള്ള സാങ്കേതികവിദഗ്ധരുടെ സംഘമാണ് കാവേരി നദീതടം സന്ദര്‍ശിക്കുക.
കേരളം, തമിഴ്‌നാട്, കര്‍ണാടക, പുതുച്ചേരി സംസ്ഥാനങ്ങളില്‍നിന്നുള്ള പ്രതിനിധികളും അവര്‍ക്കൊപ്പമുണ്ടാവും. ഒക്ടോബര്‍ 17നകം റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ജസ്റ്റിസുമാരായ ദീപക് മിശ്ര, ഉദയ് ഉമേഷ് ലളിത് എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു. തുടര്‍ന്ന് ഈ മാസം 18ന് കേസ് വീണ്ടും പരിഗണിക്കും. കാവേരി വിഷയത്തില്‍ മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരിക്കാന്‍ നേരത്തേ സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇത്തരത്തിലൊരു ഉത്തരവിടാന്‍ കോടതിക്ക് അധികാരമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വാദിച്ചു. ഇത് 2012ലെ ദേശീയ ജലനയത്തിന്റെ ലംഘനമാണെന്നായിരുന്നു കേന്ദ്ര നിലപാട്.  തുടര്‍ന്നാണ് കോടതി ഇന്നലെ ഈ ഉത്തരവ് താല്‍ക്കാലികമായി മരവിപ്പിച്ചത്.
എന്നാല്‍, നടപടിയെ തമിഴ്‌നാട് എതിര്‍ത്തു. തങ്ങള്‍ക്ക് വെള്ളം നല്‍കാതിരിക്കാന്‍ കര്‍ണാടക കേന്ദ്രത്തെ ഉപയോഗിച്ച് കളിക്കുകയാണെന്നായിരുന്നു തമിഴ്‌നാടിന്റെ വാദം. തല്‍ക്കാലം 2000 ക്യുസെക്‌സ് വെള്ളം നല്‍കാന്‍ കോടതി നിര്‍ദേശിച്ചു.
10,000 ക്യുസെക്‌സ്, 15,000 ക്യുസെക്‌സ്, 6,000 ക്യുസെക്‌സ് എന്നിങ്ങനെ ഉത്തരവിടുന്നതിന്റെ അടിസ്ഥാനമെന്താണെന്ന് കര്‍ണാടകയ്ക്കു വേണ്ടി ഹാജരായ  അഭിഭാഷകന്‍ ഫാലി എസ് നരിമാന്‍ ചോദിച്ചു. ഗണിതശാസ്ത്രമാണ് ഇതിന്റെ അടിസ്ഥാനമെന്നായിരുന്നു ജസ്റ്റിസ് മിശ്രയുടെ മറുപടി. ഗണിതശാസ്ത്രം മാത്രം മതിയാവില്ലെന്നും വസ്തുതകള്‍ കൂടി പരിഗണിക്കണമെന്നും നരിമാന്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day