|    Mar 29 Wed, 2017 8:52 am
FLASH NEWS

കാവേരി പ്രശ്‌നത്തില്‍ കര്‍ണാടക സുപ്രിം കോടതിയില്‍; ഡിസംബര്‍ വരെ വെള്ളം നല്‍കാനാവില്ല

Published : 27th September 2016 | Posted By: SMR

സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: കാവേരിയില്‍നിന്ന് ഡിസംബര്‍ വരെ തമിഴ്‌നാടിന് വെള്ളം നല്‍കാനാവില്ലെന്ന് കര്‍ണാടക സുപ്രിംകോടതിയെ അറിയിച്ചു. ഇന്നുവരെ പ്രതിദിനം 6,000 ഘനയടി ജലം തമിഴ്‌നാടിന് അനുവദിക്കണമെന്ന് ഇക്കഴിഞ്ഞ 20ന് സുപ്രിംകോടതി ഉത്തരവിട്ടിരുന്നു.
തമിഴ്‌നാടിനു 3000 ഘനയടി വെള്ളം സപ്തംബര്‍ 31 വരെ വിട്ടുനല്‍കണമെന്ന കാവേരി തര്‍ക്കപരിഹാര ട്രൈബ്യൂണലിന്റെ ഉത്തരവ് ഭേദഗതി ചെയ്താണ് 27 വരെ 6,000 ഘനയടി വെള്ളം നല്‍കണമെന്ന് സുപ്രിംകോടതി കര്‍ണാടകത്തിന് നിര്‍ദേശം നല്‍കിയത്. ഉത്തരവ് നടപ്പാക്കി വിശദാംശങ്ങള്‍ അറിയിക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. കേസ് ഇന്ന് പരിഗണിക്കുമെന്നും അറിയിച്ചിരുന്നു. ഈ നിര്‍ദേശം നടപ്പാക്കാതെയാണ് ഡിസംബര്‍ വരെ വെള്ളം വിട്ടുനല്‍കാനാവില്ലെന്നു ഇന്നലെ കര്‍ണാടക വ്യക്തമാക്കിയത്. കോടതി ഉത്തരവ് നടപ്പാക്കാന്‍ റിസര്‍വോയറില്‍ ആവശ്യത്തിന് വെള്ളമില്ലെന്നും കര്‍ണാടക സര്‍ക്കാര്‍ നല്‍കിയ അപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു.
ബംഗളൂരു ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളില്‍ വരെ കുടിവെള്ളം വിതരണം പോലും മുടങ്ങിയിരിക്കുകയാണ്. ഇത് കണക്കിലെടുക്കാതെയാണ് നേരത്തേ ഉത്തരവിട്ടതെന്നും സംസ്ഥാനത്തെ ഗുരുതരമായ സാഹചര്യം പരിഗണിച്ച് ആവശ്യമായ മഴ ലഭിക്കുന്നതുവരെ തമിഴ്‌നാടിനു വെള്ളം നല്‍കണമെന്ന ഉത്തരവില്‍ ഭേദഗതി വരുത്തണമെന്നും കര്‍ണാടക ആവശ്യപ്പെടുന്നു.
2016 അവസാനത്തോടെ മാത്രമേ എന്തെങ്കിലും പുരോഗതി പ്രതീക്ഷിക്കുന്നുള്ളു. അതിനാല്‍ 6000 ഘനയടി വെള്ളം നല്‍കണമെന്ന ഉത്തരവ് ഇളവ് ചെയ്യണമെന്നാണ് ഹരജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം, 6000 ഘനയടി വെള്ളം വിട്ടുകൊടുക്കണമെന്ന സുപ്രിംകോടതി ഉത്തരവ് നടപ്പാക്കാതെ കര്‍ണാടക നല്‍കിയ പ്രത്യേക അപേക്ഷ പരിഗണിക്കരുതെന്നു ചൂണ്ടിക്കാട്ടി തമിഴ്‌നാടും കോടതിയില്‍ മറ്റൊരു ഹരജി നല്‍കിയിട്ടുണ്ട്.
സുപ്രിംകോടതി ഉത്തരവ് നടപ്പാക്കാതിരിക്കാനുള്ള കര്‍ണാടകത്തിന്റെ ശ്രമമാണിതെന്നു ആരോപിച്ച തമിഴ്‌നാട്, കര്‍ണാടകത്തിനെതിരേ കോടതിയലക്ഷ്യത്തിനു നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. കാവേരി തര്‍ക്ക പരിഹാര ട്രൈബ്യൂണലിന്റെ ഉത്തരവുകള്‍ക്കെതിരാണ് കര്‍ണാടകത്തിന്റെ നീക്കങ്ങള്‍. കര്‍ണാടകത്തിന്റെ നാല് റിസര്‍വോയറുകളില്‍ ആവശ്യത്തിനു വെള്ളം സംഭരിച്ചിട്ടുണ്ട്. ജനാധിപത്യത്തിന്റെയും ഭരണഘടന വ്യവസ്ഥകളുടെയും ലംഘനമാണ് ഉണ്ടായിരിക്കുന്നതെന്നും അരാജകത്വം സൃഷ്ടിക്കുന്ന നടപടികള്‍ അനുവദിക്കരുതെന്നും തമിഴ്‌നാട് നല്‍കിയ ഹരജിയില്‍ ആവശ്യപ്പെടുന്നു. ഹരജി ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഇന്നു പരിഗണിക്കും.
പ്രതിദിനം 3,000 ഘനയടി ജലം വിട്ടുകൊടുക്കണമെന്ന നദീജല മേല്‍നോട്ടസമിതിയുടെ നിര്‍ദേശം അംഗീകരിക്കാനാവില്ലെന്ന് ഇരു സംസ്ഥാനങ്ങളും നേരത്തേതന്നെ സുപ്രിംകോടതിയെ അറിയിച്ചിരുന്നു.
അധികജലം വിട്ടുകൊടുക്കണമെന്ന കോടതി ഉത്തരവ് പാലിക്കാന്‍ തയ്യാറാവാത്ത കര്‍ണാടകത്തിന്റെ നിലപാടിനെ തമിഴ്‌നാട് ഇന്ന് കോടതിയില്‍ ശക്തമായി ചോദ്യം ചെയ്യും. തമിഴ്‌നാടിന് വെള്ളം വിട്ടുകൊടുക്കാനാവില്ലെന്ന് കര്‍ണാടക നിയമസഭ പ്രത്യേക സമ്മേളനം ചേര്‍ന്ന് പ്രമേയം പാസാക്കിയിരുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day