|    Jan 24 Tue, 2017 8:39 am

കാവേരി നദീജലത്തര്‍ക്കം: മാനവിക സമീപനം വേണം

Published : 8th September 2016 | Posted By: SMR

കാവേരി നദീജലം പങ്കിടുന്നതിനെക്കുറിച്ച തര്‍ക്കം കര്‍ണാടക സുപ്രിംകോടതി നിര്‍ദേശിച്ച പ്രകാരം ജലം വിട്ടുകൊടുക്കാന്‍ തുടങ്ങിയതോടെ താല്‍ക്കാലികമായി ആറിത്തണുക്കുമെന്നു കരുതാം. ഏറെ കാലപ്പഴക്കം ചെന്നതാണ് കാവേരി പ്രശ്‌നം. ബ്രിട്ടിഷ് ഭരണത്തിനു കീഴിലായിരുന്ന മദിരാശി പ്രസിഡന്‍സിയും നാട്ടുരാജ്യമായിരുന്ന മൈസൂരും തമ്മില്‍ 1892ലാണ് ആദ്യമായി വെള്ളം പങ്കുവയ്ക്കാനുള്ള ധാരണയിലെത്തിയത്. മൊത്തം 802 കിലോമീറ്റര്‍ ഒഴുകുന്ന കാവേരിയിലെ ജലമാണ് തമിഴ്‌നാട്ടില്‍ 44,000 ചതുരശ്ര കിലോമീറ്ററും കര്‍ണാടകയില്‍ 32,000 ചതുരശ്ര കിലോമീറ്ററും കൃഷിക്ക് ഉപയോഗിക്കുന്നത്. പ്രതീക്ഷിച്ചത്ര മഴ ലഭിക്കാതിരുന്ന എല്ലാ കാലത്തും വെള്ളം പങ്കുവയ്ക്കുന്നതിനെക്കുറിച്ച തര്‍ക്കം അതിരൂക്ഷമാവാറുണ്ട്.
ദശകങ്ങളോളം നീണ്ട ചര്‍ച്ചകള്‍ക്കും പ്രശ്‌നം പരിഹരിക്കാനായില്ല. 1990ല്‍ പ്രശ്‌നപരിഹാരത്തിനു കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ട്രൈബ്യൂണല്‍ 2007 ഫെബ്രുവരി 5നു റിപോര്‍ട്ട് സമര്‍പ്പിച്ചു. റിപോര്‍ട്ടിലെ ശുപാര്‍ശകള്‍ ആറു വര്‍ഷം കഴിഞ്ഞ് 2013 ഫെബ്രുവരി 20നു കേന്ദ്ര സര്‍ക്കാര്‍ അസാധാരണ ഗസറ്റായി പ്രസിദ്ധീകരിച്ചു. കൃഷിഭൂമിയുടെ തോതനുസരിച്ച് തമിഴ്‌നാട്, കേരളം, കര്‍ണാടക, പോണ്ടിച്ചേരി സംസ്ഥാനങ്ങളുടെ വിഹിതമായിരുന്നു ട്രൈബ്യൂണല്‍ നിര്‍ണയിച്ചത്.
വെള്ളം പങ്കുവയ്ക്കുന്നതിനു മേല്‍നോട്ടം വഹിക്കുന്നതിനു കാവേരി മാനേജ്‌മെന്റ് ബോര്‍ഡും റഗുലേറ്ററി അതോറിറ്റിയും രൂപീകരിക്കണമെന്ന് ട്രൈബ്യൂണല്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഇതിനായി സ്വതന്ത്രമായ സ്ഥിരം സമിതി രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ല. അതിനാല്‍തന്നെ മഴ കുറയുന്ന വര്‍ഷങ്ങളിലെല്ലാം കാവേരിയിലെ വെള്ളം തര്‍ക്കവിഷയമായി മാറുകയാണ്. ഈ വര്‍ഷവും കാവേരി നദീജലം ആശ്രയിക്കുന്ന തങ്ങളുടെ കര്‍ഷകരുടെ ദുരിതം വിവരിച്ച് തമിഴ്‌നാട് സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. നിശ്ചിത അളവില്‍ വെള്ളം പത്തു ദിവസത്തേക്ക് തമിഴ്‌നാടിനു നല്‍കാനാണ് സുപ്രിംകോടതി നിര്‍ദേശിച്ചത്. ഇന്നലെ മുതല്‍ കര്‍ണാടക വിധിയനുസരിച്ച് വെള്ളം നല്‍കിത്തുടങ്ങിയെങ്കിലും, ബന്ദും മറ്റു പ്രക്ഷോഭപരിപാടികളുമായി രോഷാകുലരായ കര്‍ഷകര്‍ തെരുവിലിറങ്ങിയിരിക്കുന്നു.
സംസ്ഥാനത്തെ നാലു ജലസംഭരണികളിലും വെള്ളത്തിന്റെ ലഭ്യത കുറവായതിനാല്‍ കുറഞ്ഞ അളവില്‍ പോലും നല്‍കാനാവില്ലെന്നാണ് കര്‍ണാടകയിലെ കര്‍ഷകരുടെ നിലപാട്.
ഒരേ രാഷ്ട്രത്തിലെ രണ്ടു സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ നേരിടുന്ന വരള്‍ച്ചയും ദുരിതവും പോലും രാഷ്ട്രീയലക്ഷ്യങ്ങള്‍ ഉള്‍പ്പെടെ വിവിധ താല്‍പര്യങ്ങള്‍ക്ക് അടിപ്പെടുന്നുവെന്ന ദുഃഖസത്യം കാണാതിരുന്നുകൂടാ. കേരളവും തമിഴ്‌നാടും തമ്മില്‍ മുല്ലപ്പെരിയാറിനെക്കുറിച്ചുള്ള വിവാദങ്ങളിലും ഇതേ സമീപനമാണ് നിഷ്പക്ഷമതികള്‍ക്കു കാണാനാവുക. ലോകം ഒന്നാകെ തറവാടാണെന്നു പ്രഖ്യാപിക്കാന്‍ എളുപ്പമാണ്. തന്നെപ്പോലെ അയല്‍ക്കാരനെയും സ്‌നേഹിക്കണമെന്ന് എഴുതാനും എളുപ്പം. എന്നാല്‍, പ്രായോഗികതലത്തില്‍ ദുഃഖങ്ങളും ദുരിതങ്ങളും പങ്കുവയ്ക്കാനാവണം. രാജ്യസ്‌നേഹത്തിലുപരി മനുഷ്യത്വം അതാണ് താല്‍പര്യപ്പെടുന്നത്. തമിഴ്‌നാട്ടിലും കര്‍ണാടകയിലും കേരളത്തിലുമുള്ള കര്‍ഷകരുടെയും ജനങ്ങളുടെയും ദുരിതങ്ങള്‍ പരിഹരിക്കുന്നതിന് മാനവിക സമീപനം വേണം. അതിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായില്ലെന്നു വരാം, എങ്കിലും ലഘൂകരിക്കാന്‍ കഴിയും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 94 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക