|    Jul 25 Tue, 2017 4:12 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

കാവേരി: തമിഴ്‌നാട് ബന്ദിന് സമ്മിശ്ര പ്രതികരണം

Published : 17th September 2016 | Posted By: SMR

ചെന്നൈ: കാവേരി നദീജല തര്‍ക്കത്തില്‍ പ്രതിപക്ഷ കക്ഷികളുടെ പിന്തുണയോടെ കര്‍ഷകരും വ്യാപാരികളും ആഹ്വാനം ചെയ്ത 12 മണിക്കൂര്‍ തമിഴ്‌നാട് ബന്ദിന് സംസ്ഥാനത്ത് സമ്മിശ്ര പ്രതികരണം. കോയമ്പത്തൂര്‍, തിരുപ്പൂര്‍, നീലഗിരി ജില്ലകളിലെ വ്യവസായശാലകള്‍ പ്രവര്‍ത്തിച്ചില്ല. ബന്ദിനെ പിന്തുണച്ചു പ്രതിഷേധവുമായിറങ്ങിയ ഡിഎംകെ നേതാക്കളായ എം കെ സ്റ്റാലിന്‍, കനിമൊഴി എന്നിവരടക്കം എംഡിഎംകെയിലേയും കര്‍ഷക സംഘടനകളിലേയും നിരവധി പേരെ പോലിസ് അറസ്റ്റ് ചെയ്തു.
അതിനിടെ, കാവേരി പ്രശ്‌നത്തില്‍ പ്രതിഷേധിച്ചു കഴിഞ്ഞ ദിവസം സ്വയം തീക്കൊളുത്തിയ നാം തമിഴര്‍ കക്ഷിയിലെ യുവാവ് ആശുപത്രിയില്‍ മരിച്ചു. രാജരത്‌നം സ്റ്റേഡിയത്തില്‍ നിന്നു എഗ്മൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് റെയില്‍ ഉപരോധത്തിന് ആയിരത്തോളം പ്രവര്‍ത്തകരോടൊത്ത് മാര്‍ച്ച് നടത്തിയപ്പോഴാണ് സ്റ്റാലിനെ പോലിസ് അറസ്റ്റ് ചെയ്തത്. അണ്ണാശാലയില്‍ റോഡ് ഉപരോധം നടത്തവെ രാജ്യസഭാ എംപി കനിമൊഴിയും അറസ്റ്റിലായി. കോയമ്പത്തൂരില്‍ ഡിഎംകെയിലേയും എംഡിഎംകെയിലേയും നിരവധി നേതാക്കളും അറസ്റ്റിലായി.
സംസ്ഥാനത്തെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളെ ബന്ദ് ബാധിച്ചില്ല. സര്‍ക്കാര്‍ ബസ്സുകളും തീവണ്ടികളും സാധാരണ പോലെ സര്‍വീസ് നടത്തി. ഓട്ടോറിക്ഷകളും ടാക്‌സികളും ഓടിയില്ല. കാവേരി പ്രശ്‌നത്തില്‍ തമിഴ്‌നാട്, കര്‍ണാടക, കേന്ദ്ര സര്‍ക്കാരുകളെ കുറ്റപ്പെടുത്തി ഡിഎംഡികെ നേതാവ് വിജയകാന്തിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തകര്‍ നിരാഹാരസമരം നടത്തി.
തൃശ്ശിനാപള്ളിയില്‍ തീവണ്ടി തടഞ്ഞതിന് എംഡിഎംകെ നേതാവ് വൈകോയെ അറസ്റ്റ് ചെയ്തു. ആയിരക്കണക്കിന് പോലിസുകാരെ വിന്യസിച്ചിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക