|    Jan 22 Mon, 2018 12:10 pm
Home   >  Todays Paper  >  Page 1  >  

കാവേരി: തമിഴ്‌നാടിനും കര്‍ണാടകയ്ക്കും സുപ്രിംകോടതി വിമര്‍ശനം

Published : 16th September 2016 | Posted By: SMR

ന്യൂഡല്‍ഹി: കാവേരി നദീജലത്തര്‍ക്കത്തെച്ചൊല്ലി കര്‍ണാടകയിലും തമിഴ്‌നാട്ടിലും നടക്കുന്ന അനിഷ്ടസംഭവങ്ങളില്‍ ഇരുസംസ്ഥാനങ്ങള്‍ക്കും സുപ്രിംകോടതിയുടെ രൂക്ഷവിമര്‍ശനം. അക്രമങ്ങള്‍ തടയേണ്ടത് അതതു സര്‍ക്കാരുകളുടെ ഉത്തരവാദിത്തമാണെന്നും നിയമം കൈയിലെടുക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും ജസ്റ്റിസുമാരായ ദീപക് മിശ്ര, യു യു ലളിത് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. കാവേരി വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഒരു ഹരജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.
പരമോന്നത നീതിപീഠമായ സുപ്രിംകോടതിയുടെ ഉത്തരവിനെ വെല്ലുവിളിക്കാന്‍ ഇരുസംസ്ഥാനങ്ങള്‍ക്കും അധികാരമില്ല. സംസ്ഥാനങ്ങള്‍ അതിന്റേതായ അന്തസ്സും ബഹുമാനവും നിലനിര്‍ത്തണം.
കോടതി ഉത്തരവിനെ തുടര്‍ന്ന് ഏതെങ്കിലും തരത്തിലുള്ള പ്രക്ഷോഭങ്ങള്‍ പാടില്ല. പൊതുമുതലുകള്‍ നശിപ്പിക്കുന്നില്ലെന്നും ഉറപ്പുവരുത്തണം. ഏതെങ്കിലും കക്ഷികള്‍ക്ക് പരാതിയുണ്ടെങ്കില്‍ നിയമത്തിന്റെ വഴി തിരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യമുണ്ട്. ഇരുസംസ്ഥാനങ്ങളിലെയും യോഗ്യരായ അധികൃതര്‍ സമാധാനം നിലനിര്‍ത്താന്‍ മുന്‍കൈയെടുക്കുമെന്നാണ് സുപ്രിംകോടതി വിശ്വസിക്കുന്നതെന്നും ബെഞ്ച് വ്യക്തമാക്കി.
ഇതു സംബന്ധിച്ച മറുപടി ഈ മാസം 20നകം സമര്‍പ്പിക്കാന്‍ ഇരുസംസ്ഥാനങ്ങളോടും കോടതി നിര്‍ദേശിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day